ദുബൈയില്‍ പൊതുഗതാഗത സംവിധാനങ്ങളുടെ സമയം മാറുന്നു. ജനുവരി 3 മുതല്‍ മെട്രോ, ബസ്, ട്രാം തുടങ്ങിയവയുടെ സമയമാണ് മാറുക. യു.എ.ഇയില്‍ ജനുവരി 1 മുതല്‍ അവധി ദിനങ്ങളില്‍ മാറ്റം വരുന്നതോടെയാണ് ദുബൈയില്‍ പൊതുഗതാഗത സംവിധാനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തുന്നത്. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്. വെള്ളിയാഴ്ചകളില്‍ മാത്രമായി സൗജന്യ പാര്‍ക്കിങ് തുടരുമെന്നും അറിയിച്ചു.

പുതിയ അവധി ദിവസമായ ഞായറാഴ്ച രാവിലെ 8 മുതല്‍ പുലര്‍ച്ച 1.15 വരെയും വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ അഞ്ച് മുതല്‍ പുലര്‍ച്ചെ 2.15 വരെയുമാകും മെട്രോ സര്‍വീസ് ഉണ്ടാകുക. അല്ലാത്തദിസങ്ങളില്‍ രാവിലെ 5 മുതല്‍ പുലര്‍ച്ച 1.15 വരെയാകും മെട്രോ പ്രവര്‍ത്തിക്കുക. ഞായറാഴ്ചകളില്‍ ദുബൈ ട്രാം രാവിലെ 9 മുതല്‍ പുലര്‍ച്ച 1 വരെയും മറ്റ് ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ പുലര്‍ച്ച 1 വരെയായിരിക്കും സര്‍വീസ് നടത്തുക.