ബീജിങ്: അതിര്‍ത്തി കടന്നെത്തുന്ന ഏത് ശക്തിളേയും പരാജയപ്പെടുത്താന്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് (പി.എല്‍.എ) ശേഷിയുണ്ടെന്ന് ചൈനീസ് പ്രസിഡണ്ട് സീ ജിന്‍ പിങ്. ലോകത്തിലെ ഏറ്റവും വലിയ സായുധസേനയായ പി.എല്‍.എയുടെ 90ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന കൂറ്റന്‍ സൈനിക പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗോളിയന്‍ മരുഭൂമിയിലെ സൂറിയിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രത്തില്‍ നടന്ന പരേഡില്‍ സൈനിക വേഷം ധരിച്ചാണ് സി ജിന്‍പിങ് പങ്കെടുത്തത്. തുറന്ന സൈനിക ജീപ്പുകളിലായി വിവിധ സേനകളില്‍ അംഗങ്ങളായ 12,000ത്തോളം പട്ടാളക്കാരാണ് പരേഡില്‍ അണി നിരന്നത്. നൂറ് യുദ്ധ വിമാനങ്ങളും 600 തരം ആയുധങ്ങളും പ്രദര്‍ശിപ്പിച്ച് സൈനിക പരേഡിലൂടെ ലോകത്തിനു മുന്നില്‍ സായുധ ശക്തി പ്രകടിപ്പിക്കാനുള്ള അവസരമായി ചൈന ചടങ്ങിനെ മാറ്റി.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഭരണ നേതൃത്വത്തിന്റെയും ലക്ഷ്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ പി.എല്‍.എക്ക് കഴിയുന്നുണ്ട്. ഏത് അധിനിവേശ ശക്്തികളേയും പരാജയപ്പെടുത്താന്‍ പി.എല്‍.എക്ക് കഴിയുമെന്ന് തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നത്- സി പറഞ്ഞു.
ഇന്ത്യയുടെ പേര് ഒരു ഘട്ടത്തിലും പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ലെങ്കിലും സിക്കിമിലെ ദോക്്്‌ലാമില്‍ ഇരു രാജ്യങ്ങളുടേയും സൈന്യം ഒരുമാസത്തിലധികമായി മുഖാമുഖം നില്‍ക്കുന്ന പശ്ചാത്തലത്തിലുള്ള സി ജിന്‍പിങിന്റെ വാക്കുകള്‍ ഇന്ത്യയെ ഉന്നമിട്ടാണെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു. 2015നു ശേഷം ചൈന നടത്തുന്ന ഏറ്റവും വലിയ സൈനിക പരേഡ് കൂടിയായിരുന്നു ഇത്.