ഗുവാഹത്തി: ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഹിന്ദുക്കളെ അടിച്ചൊതുക്കുമെന്ന് ബജ്‌റംഗ്ദള്‍ നേതാവ്. അസമിലെ ബജ്‌റംഗ്ദള്‍ ജില്ലാ യൂണിറ്റ് ജനറല്‍ സെക്രട്ടറി മിഥു നാഥാണ് ഭീഷണിപ്പെടുത്തിയത്. ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പള്ളികള്‍ സന്ദര്‍ശിക്കുന്ന ഹിന്ദുക്കളെ മര്‍ദിക്കുമെന്നാണ് ഇയാള്‍ പ്രഖ്യാപിച്ചത്.

പ്രസംഗത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. ക്രിസ്മസിന് ഒരു ഹിന്ദുവും പള്ളിയില്‍ പോവില്ല. അത് ഞങ്ങള്‍ ഉറപ്പുവരുത്തും. അങ്ങനെ പോകുന്നവര്‍ക്ക് അടിയും ശകാരവും കിട്ടുമെന്നും മിഥു നാഥ് പറഞ്ഞു. അങ്ങനെ ചെയ്താല്‍ അടുത്ത ദിവസം പത്രങ്ങളില്‍ ഈ വാര്‍ത്ത വരുമെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ടെന്നും അതില്‍ ഞങ്ങള്‍ക്ക് വേവലാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

70ഓളം വരുന്ന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മിഥുനാഥിന്റെ പ്രഭാഷണം. സില്‍ച്ചര്‍ ക്രിസ്റ്റ്യന്‍ ന്യൂനപക്ഷ പ്രദേശമാണെങ്കില്‍ പോലും അംബികപട്ടിയിലെ ഓറിയന്റല്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് ക്രിസ്മസ് അവധിയാഘോഷങ്ങള്‍ വലിയ തോതില്‍ നടക്കാറുണ്ട്.