ന്യൂയോര്‍ക്ക്: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് സ്മാര്‍ട്ട്‌ഫോണുകളും ടെലിവിഷനുകളും ഉപയോഗിക്കുന്നതായി വിക്കിലീക്‌സ്. ആശയവിനിമയ സംവിധാനങ്ങളാണ് വിവരശേഖരണത്തിനായി പ്രധാനമായും സിഐഎ ഉപയോഗിക്കുന്നത്. വാട്‌സ്ആപ്പ്, ടെലഗ്രാം, വൈബോ, കോണ്‍ഫൈഡ് എന്നീ സംവിധാനങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ശബ്ദങ്ങള്‍, ചിത്രങ്ങള്‍, സ്വകാര്യ സന്ദേശങ്ങള്‍ എന്നിവയാണ് ചോര്‍ത്തുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിക്കിലീക്‌സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത്തരം വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പ്രത്യേക ഹാക്കിങ് തന്ത്രങ്ങളില്‍ സിഐഎ പരീക്ഷണത്തിലാണെന്ന് വിക്കിലീക്‌സ് വ്യക്തമാക്കുന്നു. സിഐഎ ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതികത വഴി സ്മാര്‍ട്ട് ടിവി, മൊബൈല്‍ ഫോണ്‍ തുടങ്ങി ഉപകരണങ്ങള്‍ വഴി വ്യക്തികള്‍ നടത്തുന്ന സംഭാഷണങ്ങള്‍ മനസിലാക്കാനും അവ റിക്കോര്‍ഡ് ചെയ്യുന്നതിനും സാധ്യക്കും
മുന്‍ യുഎസ് രഹസ്യാന്വേഷണഏജന്‍സി ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ഈക്കാര്യം സ്ഥിതീകരിച്ച് ട്വിറ്ററിലൂടെ രംഗത്തെത്തുകയും ചെയ്തു.

സാംസങ് ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ടി.വിയാണ് സിഐഎയുടെ പ്രധാന ആയുധം. ഹാക്കിങ് സംവിധാനമായ വീപ്പിങ് ഏഞ്ചലാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് പ്രവേശിക്കുന്നതോടെ ടിവി പ്രവര്‍ത്തിക്കുന്നില്ല എന്ന തോന്നലുണ്ടാക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു ബഗ്ഗായി പ്രവര്‍ത്തിച്ച് ദൃശ്യങ്ങളും ശബ്ദങ്ങളും ചോര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നതെന്ന് വിക്കിലീക്‌സ് പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു. ഇത്തരത്തില്‍ ചോര്‍ത്തപ്പെട്ട 9000 രേഖകളും വിക്കിലീക്‌സ് പുറത്തുവിട്ടിട്ടുണ്ട്.