ഭോപ്പാല്‍: രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി. മധ്യപ്രദേശിലെ ഹോഷങ്കബാദ് സ്വദേശിയായ പ്രീതം സിങ്ങാണ്(28) ഭാര്യ സംഗീത(25)യുടെ ഇടത് കൈയും ഇടത് കാലും വെട്ടിമാറ്റിയത്. ഗുരുതര പരിക്കേറ്റ യുവതിയെ പൊലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം. കൂലിപ്പണിക്കാരനായ പ്രീതം സിങ്ങും സംഗീതയും 2012ലാണ് വിവാഹിതരായത്. ദമ്പതിമാര്‍ക്ക് ഏഴ് വയസ്സുള്ള മകനുമുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സംഗീത ഏറെക്കാലമായി ഇന്ദോറിലായിരുന്നു താമസം. ഭര്‍ത്താവ് പ്രീതം മകനൊപ്പം നിഷാദ്പുരയിലും താമസിച്ചുവരികയായിരുന്നു.

കഴിഞ്ഞദിവസം ജോലിയില്‍നിന്ന് അവധിയെടുത്ത് സംഗീത വീട്ടിലെത്തി. ചൊവ്വാഴ്ച രാത്രി മകനൊപ്പം കിടന്നുറങ്ങുന്നതിനിടെയാണ് മദ്യപിച്ചെത്തിയ പ്രീതം സംഗീതയെ ആക്രമിച്ചത്. ഭാര്യയുടെ ഇടത് കൈയും കാലും വെട്ടിമാറ്റിയ ഇയാള്‍ വിവരമറിഞ്ഞെത്തിയ പോലീസിനെയും ഭീഷണിപ്പെടുത്തി. തന്നെ പിടികൂടിയാല്‍ പൊലീസുകാരുടെ തലവെട്ടുമെന്നായിരുന്നു ഭീഷണി. പിന്നീട് പോലീസ് ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു. അറ്റുപോയ കൈയും കാലും പോലീസുകാര്‍ തന്നെയാണ് പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രിയില്‍ എത്തിച്ചത്. ഇവ തുന്നിച്ചേര്‍ക്കാനാകുമോ എന്നകാര്യം ഡോക്ടര്‍മാര്‍ പരിശോധിച്ചുവരികയാണ്.