ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഹൈദരാബാദില്‍ ആരംഭിച്ചു. ബുധനാഴ്ച പത്ത് വോളണ്ടിയര്‍മാര്‍ വാക്‌സിന്‍ സ്വീകരിച്ചു. ആദ്യഘട്ട വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു.

ഹൈദരാബാദിന് പുറമേ പട്‌ന, ചെന്നൈ, നാഗ്പൂര്‍ എന്നീ നഗരങ്ങളിലും നേസല്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും.

ചെന്നൈയില്‍ പരീക്ഷണത്തിനുള്ള അനുമതി ബുധനാഴ്ചയാണ് ലഭിച്ചത്. വാക്‌സിന്‍ സ്വീകരിക്കാന്‍ താത്പര്യമുള്ളവരെ ഇന്നുമുതല്‍ കണ്ടെത്തും. അതേസമയം നാഗ്പൂരില്‍ പരീക്ഷണത്തിനായി എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് അനുമതി കാത്തിരിക്കുകയാണെന്നും അനുമതി കിട്ടിയ ഉടന്‍ പരീക്ഷണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കുത്തിവെപ്പില്ലാതെ മൂക്കിലൂടെ വാക്‌സിന്‍ ഡോസ് സ്വീകരിക്കാം എന്നതാണ് നേസല്‍ വാക്‌സിന്റെ പ്രത്യേകത. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് ഭാരത് ബയോടെക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്.