ലഖ്‌നോ: 99.98 ശതമാനം മാര്‍ക്കില്‍ സംതൃപ്തിയില്ലാതെ ജെ.ഇ.ഇ(ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) പരീക്ഷ വീണ്ടുമെഴുതാന്‍ ഉത്തര്‍പ്രദേശ് വിദ്യാര്‍ത്ഥി. 100 ശതമാനം മാര്‍ക്ക് ലക്ഷ്യമിട്ടാണ് പരീക്ഷ വീണ്ടുമെഴുതുന്നത്. ജെ.ഇ.ഇ പരീക്ഷയില്‍ ഉത്തര്‍പ്രദേശില്‍ ഒന്നാം സ്ഥാനത്തെത്തിയ പാല്‍ അഗര്‍വാളാണ് വീണ്ടും പരീക്ഷയെഴുതുന്നത്. രാജ്യത്ത് ജെ.ഇ.ഇയില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാലാം റാങ്കും പാല്‍ അഗര്‍വാളിനാണ്.

6.20 ലക്ഷം പേരാണ് ഫെബ്രുവരിയില്‍ നടന്ന ജെ.ഇ.ഇ പ്രധാന പരീക്ഷയെഴുതിയത്. ഇതില്‍ 1.87 ലക്ഷം പേര്‍ പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികളിലാരും 100 ശതമാനം മാര്‍ക്ക് നേടിയിട്ടില്ല. ഇത് തിരുത്തുകയാണ് ലക്ഷ്യമെന്ന് പാല്‍ അഗര്‍വാള്‍ പറഞ്ഞു. ഇതിനായുള്ള പരിശീലനം തുടങ്ങിയിട്ടുണ്ട്. മാര്‍ച്ചില്‍ നടക്കുന്ന ജെ.ഇ.ഇ പരീക്ഷയെഴുതില്ല. ഏപ്രിലില്‍ നടക്കുന്ന പരീക്ഷയില്‍ 100 ശതമാനത്തിനായി പോരാടുകയാണ് ലക്ഷ്യമെന്ന് പാല്‍ അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

ഗാസിയബാദിലെ സേത് ആനന്ദറാം ജപുരിയ സ്‌കൂളില്‍ പഠിക്കുന്ന പാല്‍ അഗര്‍വാളിന് ഐ.ഐ.എസ്.സി ബംഗളൂരുവില്‍ പ്രവേശനം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ബോംബെ ഐ.ഐ.ടിയില്‍ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിങ് പഠിക്കുകയാണ് ലക്ഷ്യം.