തിരുവനന്തപുരം: പോത്തന്‍കോട് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേല്‍പ്പിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ കുശാല്‍ സിങ് മറാബി (31) ആണ് ഭാര്യ സീതാഭായിയേയും മകന്‍ അരുണ്‍ സിംഗിനേയും വെട്ടുകത്തി വച്ച് വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരവസ്ഥയിലുള്ള ഭാര്യയും ആറു വയസ്സുള്ള മകനും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് പോത്തന്‍കോട് പൂലന്തറയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. വെട്ടേറ്റ് കൈ അറ്റ് തൂങ്ങിയ നിലയിലാണ് സീതാ ഭായിയെ സമീപത്തു താമസിക്കുന്നവര്‍ കണ്ടത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോത്തന്‍കോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലിനായി അടുത്ത കാലത്താണ് ഇവര്‍ കേരളത്തിലെത്തിയത്. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.