തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന വായ്പകളുടെ പരിധി ഉയര്‍ത്താന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. നിക്ഷേപം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിക്ഷേപത്തിന്റെ തോത് അനുസരിച്ചായിരിക്കും ഇത് തീരുമാനിക്കുക. പരമാവധി വായ്പ 10 മുതല്‍ 60 ലക്ഷം രൂപ വരെയാണ് ലഭിക്കുക. നിലവില്‍ 50 ലക്ഷമായിരുന്നു. ഭൂമി വാങ്ങുന്നതിനും ഭവന നിര്‍മാണത്തിനുമായി 25 ലക്ഷം രൂപയെന്നത് 35 ലക്ഷമാക്കി. കൂടാതെ വാഹനവായ്പ, ബിസിനസ് വായ്പ, പണയ വായ്പ എന്നിവ 20 ലക്ഷമാക്കിയും വര്‍ധിപ്പിച്ചു. നേരത്തെ ഇത് പത്തു ലക്ഷം രൂപയായിരുന്നു. വിദ്യാഭ്യാസ വായ്പ ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. നേരത്തെ ഇത് 25000 രൂപയായിരുന്നു. കുടുംബശ്രീക്ക് നല്‍കാവുന്ന വായ്പ അഞ്ചു ലക്ഷത്തില്‍ നിന്ന് ഇരട്ടിയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. 80000 കോടി രൂപയാണ് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും മൊത്തം നിക്ഷേപം. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍വരാത്ത പ്രാഥമിക വായ്പാസംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് പുതിയ വ്യവസ്ഥ ബാധകമാവുക. അതേസമയം വായ്പകളുടെ തിരിച്ചടവ് ഉറപ്പുവരുത്താന്‍ സഹകരണസംഘം രജിസ്ട്രാര്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.