ന്യൂഡല്‍ഹി: സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കു ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് പ്രായാധിക്യം കാരണം ആധാറിലെ വിരലടയാളവുമായി തങ്ങളുടെ വിരലടയാളം യോജിക്കാത്തതിനാല്‍ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും ബി. ജെ.പി എം.പി സുശീല്‍ കുമാര്‍ സിങ് ശൂന്യവേളയില്‍ ക്രമപ്രശ്‌നമുന്നയിച്ചുകൊണ്ട് പറഞ്ഞു. പ്രശ്‌നം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും സാമൂഹ്യ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രായമായവരേയും ഭിന്ന ശേഷിക്കാരെയും നടപടി വിപരീതമായാണ് ബാധിക്കുന്നതെന്നും തന്റെ പ്രായമായ അമ്മയുടെ അനുഭവം ചൂണ്ടിക്കാട്ടിക്കൊണ്ട് എം. പി പറഞ്ഞു. വിരലടയാളം അവ്യക്തമായതിന്റെ പേരില്‍ തന്റെ അമ്മക്ക് സിംകാര്‍ഡ് ലഭിച്ചില്ലെന്നും തുടര്‍ന്ന് ബന്ധുവിന്റെ പേരില്‍ സിംകാര്‍ഡ് എടുക്കുകയായിരുന്നെന്നും സുശീല്‍ കുമാര്‍ സിങ് പറഞ്ഞു. ഉപഭോക്താക്കളുടെ അനുമതി കൂടാതെ സബ്‌സിഡി തങ്ങളുടെ പേയ്‌മെന്റ് ബാങ്കുകളിലേക്കു മാറ്റിയ മൊബൈല്‍ സേവനദാതാക്കളുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കണമെന്നും ബിഹാറിലെ ഔറംഗാബാദില്‍ നിന്നുള്ള അംഗം ആവശ്യപ്പെട്ടു.