തിരുവല്ല: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ശേഷിക്കുന്ന രണ്ടു പ്രതികള്‍ക്കു വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഒന്നും നാലും പ്രതികളേയാണ് ഇനി പിടികൂടാനുള്ളത്. മുന്‍കൂര്‍ ജാമ്യം തേടി ഇരുവരും തിങ്കളാഴ്ച സുപ്രിം കോടതിയെ സമീപിക്കാനിരിക്കുകയാണ്. അതിന് മുമ്പായി ഇരുവരെയും അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി ഇരുവരുടെയും ബന്ധു വീടുകളിലടക്കം അന്വേഷണ സംഘം തെരച്ചില്‍ നടത്തി. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കി നല്‍കുന്നവരെയും പ്രതിചേര്‍ത്തേക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം നിലവില്‍ കസ്റ്റഡിയില്‍ വാങ്ങില്ല. ചോദ്യംചെയ്യലും തെളിവ് ശേഖരണവും പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് തീരുമാനം. ഫാ.ജോബ് മാത്യുവിനെതിരെ ആവശ്യമായ തെളിവുകളെല്ലാം ലഭിച്ചുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ബാക്കി പ്രതികളെക്കൂടി അറസ്റ്റ് ചെയ്തതിനുശേഷം ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം.