കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ്ബ്യൂറോയില്‍ അവതരിപ്പിച്ച കരട് രേഖ പിബി തള്ളി. പകരം പിബി അംഗം പ്രകാശ് കാരാട്ടിന്റെ ബദല്‍ രേഖയ്ക്ക് പിബിയില്‍ പിന്തുണ ലഭിക്കുകയും ചെയ്തു. കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണപോലും പാടില്ലെന്നാണ് പിബിയില്‍ ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്നത്.

കാരാട്ടും- പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് തയാറാക്കി മുന്നോട്ട് വച്ച രേഖ പിബി രേഖയായി കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കും. ബൂര്‍ഷ്വാ പാര്‍ട്ടികളോടു സഹകരിക്കാതെ ഉചിതമായ തെരഞ്ഞെടുപ്പ് അടവുനയം വേണമെന്നായിരുന്നു യെച്ചൂരി മുന്നോട്ട് വച്ച രേഖയുടെ കാതല്‍. ബംഗാള്‍ ഘടകത്തിന്റെ പരോക്ഷ പിന്തുണമാത്രമാണ് തുടക്കംമുതല്‍ യെച്ചൂരിക്കുണ്ടായിരുന്നത്.

പിബി തള്ളിയ യെച്ചൂരിയുടെ രേഖയും കേന്ദ്ര കമ്മിറ്റിക്കു മുന്നിലെത്തുമെന്നാണ് വിവരം. ഇതിന്മേല്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന് പിബി അറിയിച്ചു. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് നേരത്തെയും യെച്ചൂരി കരട് രേഖ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അന്നത് പിബിയും കേന്ദ്രക്കമ്മിറ്റിയും തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഭേദഗതികള്‍ വരുത്തി വീണ്ടും രേഖ യെച്ചൂരി പിബിയ്ക്കു മുന്നില്‍ വച്ചത്.