ലണ്ടന്‍: ഇസ്‌ലാം ചാനല്‍ സ്്ഥാപകന്‍ മുഹമ്മദലി ഹര്‍റാത്തിനെ ഭീകരവാദിയെന്ന് മുദ്രകുത്തിയ ഇസ്രയേല്‍ അനുകൂല സംഘടന 140,000 ബ്രിട്ടീഷ് പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന് ബ്രീട്ടിഷ് ഹൈക്കോടതി വിധി. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.വി സ്റ്റേഷന്‍ മേധാവി മുഹമ്മദലി ഹര്‍റാത്ത് ‘സ്റ്റാന്റ് ഫോര്‍ പീസ്’ എന്ന സംഘടനക്കും അതിന്റെ വക്താവ് സാമുവല്‍ വെസ്‌ട്രോപിനുമെതിരെ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് സര്‍ ഡേവിഡ് ഈദി നിര്‍ണായകമായ വിധി പ്രസ്താവിച്ചത്.

ഇങ്ങനെയൊരു വിധി വന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും തെളിവുകളെല്ലാം പരിശോധിച്ച് എനിക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്ന് പുറത്തുകൊണ്ടു വന്ന കോടതിക്കും ന്യായാധിപനും നന്ദിയുണ്ടെന്നും ഹര്‍രാത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തന്നെക്കുറിച്ച് ആരോപണമുന്നയിക്കാനൊരുങ്ങുമ്പോള്‍ ഇനി ഏത് മാധ്യമത്തിനും സര്‍ ഡേവിഡ് ഈദിയുടെ നിരീക്ഷണങ്ങള്‍ കാണാതിരിക്കാനാവില്ലെന്നും വെസ്‌ട്രോപും ‘സ്റ്റാന്റ് ഫോര്‍ പീസ’ും മുമ്പും ഇത്തരം ആരോപണങ്ങളുമായി പൊതുമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറേ കാലങ്ങളായി പ്രശസ്്ത ഇസ്്‌ലാമിക് സന്നദ്ധ സംഘടനകള്‍ക്കും മുസ്‌ലിം നേതാക്കള്‍ക്കുമെതിരെ വെബ്‌സൈറ്റുകളിലൂടെയും മറ്റുമായി ഗുരുതരമായ ആരോപണ പരമ്പരകളാണ് ജൂത-മുസ്്‌ലിം മതസൗഹാര്‍ദ സംഘമെന്ന് വിശദീകരിക്കപ്പെടുന്ന ഈ സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്.