Connect with us

Views

വിദ്യാഭ്യാസ വകുപ്പും അവസാനിക്കാത്ത പരീക്ഷകളും

Published

on

1958 നവംബര്‍ 28ന് സി.എച്ച്. മുഹമ്മദ്‌കോയ കേരള നിയമസഭയില്‍ നടത്തിയ ഒരു പ്രസംഗമുണ്ട്. കേരള വിദ്യാഭ്യാസ ബില്ലിന്റെ മൂന്നാം വായനാസമയത്ത് സി.എച്ച്. സഭയില്‍ പറഞ്ഞ വാക്കുകള്‍ പിന്നീട് കേരളത്തിലെ പ്രാസംഗികരുടെ സ്ഥിരം ഉദ്ധരണിയായി മാറി. ”വാസ്തവത്തില്‍ സാര്‍, കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഇന്നൊരു അരക്ഷിതാവസ്ഥയാണ് ഉള്ളത്. ആ കാര്യം ഇവിടെ മൂടിവെച്ചിട്ട് കാര്യമില്ല. വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റ് കുത്തഴിഞ്ഞ പുസ്തകം പോലെ ആയിരിക്കുകയാണ്.” 59 കൊല്ലം മുമ്പ് സി.എച്ച്. നടത്തിയ പ്രസംഗം ഇപ്പോഴത്തെ വിദ്യാഭ്യാസ വകുപ്പിന്നും ചേരും. അന്ന് ജോസഫ് മുണ്ടശ്ശേരിയായിരുന്നു വിദ്യാഭ്യാസ മന്ത്രി. ആറരപ്പതിറ്റാണ്ടിലധികം പിന്നിട്ടിട്ടും ഇടതുപക്ഷം വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോഴൊക്കെ സി.എച്ചിന്റെ വാക്കുകള്‍ വീണ്ടും വീണ്ടും പ്രസക്തമാവുകയാണ്.

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ഏറെ കൗതുകത്തോടെയാണ് സാംസ്‌കാരിക കേരളം വീക്ഷിച്ചു കൊണ്ടിരിക്കുന്നത്! പക്ഷേ, നമ്മുടെ ബുദ്ധിജീവികളും, വിദ്യാഭ്യാസ വിചക്ഷണരുമൊക്കെ നീണ്ട മൗനത്തിലാണ്. ”ഒച്ചയുണ്ടായീലനക്കമുണ്ടായീ ലൊരൊറ്റക്കുമിളയും പൊങ്ങിയില്ല” എന്നു കവി പാടിയ പോലെ സാംസ്‌കാരിക കേരളം ആകെ മൗനംപൂണ്ട് നില്‍പാണ്! ലക്ഷക്കണക്കിന് കുട്ടികള്‍ എഴുതിയ പത്താം ക്ലാസിലെ കണക്കുപരീക്ഷ വീണ്ടും നടത്തേണ്ടിവരുമ്പോഴും ചാനല്‍മുറികളിലെ അന്തിച്ചര്‍ച്ചകളിലെ വിഷയം മറ്റു പലതുമാണ്. ഇതു കേരളത്തില്‍ ഇടതുപക്ഷത്തിന് മാത്രം ലഭിക്കുന്ന ഒരു സൗഭാഗ്യമാണ്.
വിദ്യാഭ്യാസ വകുപ്പ് മറ്റേതെങ്കിലും ഒരു വകുപ്പ് പോലെയല്ല എന്നതൊരു വാസ്തവമാണ്. ഒരേ സമയം അക്കാദമികമായ നിരവധി കാര്യങ്ങളും, ഭരണപരമായ കാര്യക്ഷമതയും ഒരുപോലെ നീങ്ങിയാല്‍ മാത്രമെ ആ വകുപ്പില്‍ വല്ലതും നടക്കൂ! മന്ത്രിയുടെ അക്കാദമിക യോഗ്യതകളോ. ബുദ്ധിജീവി പരിവേഷമോ ഒന്നും ഇവിടെ പ്രസക്തമല്ല. സി.എച്ചും, ഇ.ടി.യുമൊക്കെ ആ വകുപ്പില്‍ ശോഭിച്ചത് അക്കാദമിക യോഗ്യതകളുടെ പിന്‍ബലത്തിലായിരുന്നില്ല. കൃത്യമായ കാഴ്ചപ്പാടോടെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് കൊണ്ടാണ്. അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ലോകത്തിലെ ഒന്നാംകിട സര്‍വ്വകലാശാലയായി വിലയിരുത്തപ്പെടുന്ന മാസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) കണ്ടപ്പോള്‍ അതുപോലൊരു സര്‍വ്വകലാശാല കേരളത്തിലും വേണമെന്ന സി.എച്ചിന്റെ ആഗ്രഹത്തില്‍ നിന്നാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പിറവി. കോഴിക്കോട് സര്‍വ്വകലാശാലയും അന്ന് സി.എച്ച്. കണ്ട ഒരു സ്വപ്‌നത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. ഇ.ടി.യുടെ കാലത്ത് തുടങ്ങിവെച്ച സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങളും സംസ്‌കൃത സര്‍വ്വകലാശാലയും അബ്ദുറബ്ബിന്റെ കാലത്ത് പാലക്കാട് തുടങ്ങിവെച്ച ഐ.ഐ.ടി.യുമൊക്കെ ഇങ്ങനെയുള്ള കാഴ്ചപ്പാടുകളുടെ സദ്ഫലങ്ങളാണ്. കേരളത്തില്‍ പ്രൈമറി സ്‌കൂളുകള്‍ മുതല്‍ കോളജുകള്‍ വരെ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കപ്പെട്ടത് നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയായ കാലത്തായിരിക്കും.
ഇങ്ങിനെയുള്ള വലിയ വലിയ കാര്യങ്ങളേറെ നടന്ന വിദ്യാഭ്യാസ വകുപ്പാണ് ഇപ്പോള്‍ ഒരു പരീക്ഷയുടെ പേരില്‍ വട്ടം കറങ്ങുന്നത്! എസ്.എസ്.എല്‍.സി പരീക്ഷ ഒരു കുട്ടിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട പരീക്ഷകളില്‍ ഒന്നാണ്. ജീവിതത്തില്‍ ആദ്യമായി എഴുതുന്ന ഒരു പൊതുപരീക്ഷ. ആ ഒരു പ്രാധാന്യമാണ്, മറ്റ് പരീക്ഷകളില്‍ നിന്ന് വ്യത്യസ്തമായി ഈ പരീക്ഷക്ക് ഒരു താരപദവി നല്‍കുന്നത്. കാലമേറെ മാറിയിട്ടും ഇക്കാര്യത്തില്‍ മാത്രം കാര്യമായ മാറ്റമൊന്നും വന്നില്ല. മലയാളം പരീക്ഷക്ക് ഇംഗ്ലീഷില്‍ ചോദ്യം ചോദിച്ചു. സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങള്‍ നല്‍കിയും വിദ്യാര്‍ത്ഥികളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. എല്ലാം ശരിയാക്കുമെന്ന വാഗ്ദാനത്തില്‍ പരീക്ഷകളെയും ശരിയാക്കുമെന്ന് പത്ത് മാസം മുമ്പ് ഇടതുപക്ഷത്തിന് വോട്ടു ചെയ്യുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ചിന്തിച്ചിരിക്കാനിടയില്ല! ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ വന്ന അക്ഷന്തവ്യമായ അനാസ്ഥക്ക് പാവം കുട്ടികള്‍ പിഴയൊടുക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.
ഇത്തവണ പത്താംക്ലാസ് പരീക്ഷയെഴുതിയ നാല് കുട്ടികള്‍ ചേര്‍ന്ന് വിദ്യാഭ്യാസ മന്ത്രിക്കെഴുതിയ ഒരു തുറന്ന കത്ത് ഈയിടെ വായിക്കാനിടയായി. ‘ഇതിനകം വിവാദമായ പത്താം ക്ലാസ് കണക്കു പരീക്ഷ വീണ്ടും എഴുതേണ്ടിവന്ന ഹതഭാഗ്യരാണ് ഞങ്ങള്‍… മറ്റ് വിഷയങ്ങള്‍ പഠിക്കാനുള്ള സമയം കൂടി ചെലവഴിച്ചാണ് ഞങ്ങള്‍ കണക്കു പഠിച്ചത്… ഞങ്ങളുടെ കഠിനാധ്വാനത്തിനും അധ്യാപകരുടെ ആത്മാര്‍ത്ഥതക്കും അര്‍ഹിക്കുന്ന റിസല്‍ട്ട് രണ്ടാമതൊരു പരീക്ഷ എഴുതുക വഴി ലഭിക്കുകയില്ല’ എന്നിങ്ങനെയാണ് ആ കത്തിലെ വരികള്‍. വിദ്യാഭ്യാസ മനഃശാസ്ത്രവും കുട്ടികളുടെ മനഃശാസ്ത്രവുമൊന്നും പഠിക്കാതെ തന്നെ ആ കുട്ടികള്‍ അവരുടെ ആശങ്കള്‍ ആ കത്തില്‍ ഭംഗിയായി എഴുതിയിട്ടുണ്ട്. ഇനി എത്ര തവണ പരീക്ഷ നടത്തിക്കൊടുത്താലും അവരുടെ ഈ സങ്കടം തീരില്ല. യൂനിവേഴ്‌സിറ്റി തലത്തിലോ മറ്റോ ഉയര്‍ന്ന തലങ്ങളില്‍ പരീക്ഷ മാറ്റിവെക്കലും വീണ്ടും നടത്തലുമൊന്നും അത്ര പുതുമയുള്ള കാര്യമല്ല. പക്ഷേ ഒരു കൗമാരക്കാരന്റെ മനസിന് അതത്ര എളുപ്പം താങ്ങാന്‍ കഴിയുന്ന കാര്യവുമല്ല. അവസാനിക്കാത്ത പരീക്ഷകള്‍, പരീക്ഷണങ്ങളുമായി ഒരു ജീവിതം മുഴുവന്‍ അവന്റെ മുന്നിലുള്ളപ്പോള്‍, വിദ്യാഭ്യാസ വകുപ്പിന്റെ വകകൂടി ഒരു കൊട്ട് അവന് കൊടുക്കേണ്ടിയിരുന്നില്ല!
പരീക്ഷാ നടത്തിപ്പിലെ പിടിപ്പുകേട് എസ്.എസ്.എല്‍.സി തലത്തില്‍ മാത്രമല്ല, ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറിയിലെ ജോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചിരിക്കുകയാണ്. 60 മാര്‍ക്കില്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളും മോഡല്‍ പരീക്ഷയിലെ ചോദ്യപേപ്പറില്‍ നിന്നാണത്രേ! സി.പി.എം അനുകൂല അധ്യാപക സംഘടനയുടെ നേതൃത്വത്തിലാണ് മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. അതേ ചോദ്യങ്ങള്‍ പൊതുപരീക്ഷയിലും ഉള്‍പ്പെടുത്തിയാണ്, പരീക്ഷകള്‍ നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ശ്രമിച്ചത്!
പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുന്ന കാലമാണിത്. പൊതുവിദ്യാലയങ്ങളിലെ സിലബസും പാഠപുസ്തകങ്ങളും പരീക്ഷയും നിലവാരമുള്ളതാണ് എന്ന് മാലോകരെ ബോധ്യപ്പെടുത്തേണ്ട സന്ദര്‍ഭം. ഈ സമയത്താണ് നടത്തിയ പരീക്ഷ തന്നെ വീണ്ടും നടത്തിയും മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ പകര്‍ത്തിവെച്ച് പരീക്ഷ നടത്തിയും വിദ്യാഭ്യാസ വകുപ്പ് കാര്യക്ഷമത തെളിയിച്ച് കൊണ്ടിരിക്കുന്നത്! ഒരു കൊല്ലം മുമ്പായിരുന്നെങ്കില്‍ എവിടെയെങ്കിലും ഒരു സ്‌കൂളിന്റെ ഓടിളകിയാല്‍ രാജിവെക്കണമെന്ന് പറയാന്‍ ഒരു .അബ്ദുറബ്ബെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ ആ വകുപ്പില്‍ ഒരു മന്ത്രി തന്നെ ഉണ്ടോ എന്നാണ് നമ്മുടെ സോഷ്യല്‍ മീഡിയക്കാര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടായിരിക്കണം ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ബുദ്ധിജീവികളുമൊക്കെ വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി ചാടി വീഴാത്തത്. അതോ ഇക്കൂട്ടര്‍ക്കും കേരളത്തില്‍ വംശനാശം വന്നുഭവിച്ചിട്ടുണ്ടോ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

kerala

സ്വര്‍ണത്തിന് വില വീണ്ടും ഇടിഞ്ഞു, നാലുമാസത്തെ ഏറ്റവും കുറഞ്ഞ വില; നാലുനാള്‍ കൊണ്ട് കുറഞ്ഞത് 3,760രൂപ

നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇ

Published

on

ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുത്തനെ കുറഞ്ഞ സ്വർണത്തിന് ഇന്നും പവന് 800 രൂപ കുറഞ്ഞു. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വർഷം മാർച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്.

കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 760 രൂപയും കുറഞ്ഞിരുന്നു. 51,200 രൂപയായിരുന്നു ഒരു പവന്‍റെ ഇന്നലത്തെ വില.

ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Continue Reading

india

ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടവില്‍

മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും റെക്കോർഡ് ഇടിവുണ്ടായത്.

Published

on

ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയില്‍.രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.71 രൂപയിലെത്തി.

മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും റെക്കോർഡ് ഇടിവുണ്ടായത്.വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളില്‍ നിന്ന് 350 മില്യണ്‍ ഡോളർ പിൻവലിച്ചതിനാല്‍ ഓഹരിവിപണിയില്‍ ഇടിവുണ്ടായി.

അതെസമയം സെൻസെക്സ് 0.3 ശതമാനവും നിഫ്റ്റി 0.2 ശതമാനവും ഇടിഞ്ഞു. വിദേശ വിപണിയിലെ അമേരിക്കൻ ഡോളറിന്റെ ആവശ്യകതയും രാജ്യത്തുനിന്ന് വിദേശ ഫണ്ടിന്റെ ഒഴുക്കും കാരണമാണ് ഇന്ത്യൻ രൂപയുടെ വിലയിടിഞ്ഞത്. കഴിഞ്ഞ ദിവസവും ഓഹരി വിപണികളില്‍ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. 5,130.90 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ബജറ്റ് ദിവസത്തിലും രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.

Continue Reading

Trending