മുസഫര്‍നഗര്‍: നഗ്നരാക്കി നിര്‍ത്തി ആര്‍ത്തവ രക്തപരിശോധന നടത്തിയെന്ന് വിദ്യാര്‍ഥിനികളുടെ പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് വാര്‍ഡനെതിരെ ഗുരുതരമായ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിയെത്തുടര്‍ന്ന് വാര്‍ഡനെ സസ്‌പെന്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാത്‌റൂമില്‍ രക്തക്കറ കണ്ട് ക്ഷുഭിതയായ വാര്‍ഡന്‍ പരിശോധനയുടെ പേരില്‍ തങ്ങളെ ക്ലാസില്‍ നഗ്നരാക്കിയെന്നാണ് പരാതിക്കാരികള്‍ പറയുന്നത്. ‘ടീച്ചര്‍മാര്‍ ആരും അടുത്തെങ്ങുമില്ലായിരുന്നു. വാര്‍ഡന്‍ ഞങ്ങളോട് വസ്ത്രമഴിച്ചെറിയാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ അനുസരിച്ചിരുന്നില്ലെങ്കില്‍ അവര്‍ ഞങ്ങളെ തല്ലുമായിരുന്നു. ഞങ്ങള്‍ കുട്ടികളല്ലേ. ഞങ്ങള്‍ക്കെന്ത് ചെയ്യാനാവും’-പരാതിക്കാരികളിലൊരാള്‍ പറയുന്നു.
പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇരകളുടെ രക്ഷിതാക്കള്‍ വാര്‍ഡനെതിരെ പരാതി നല്‍കിയിരുന്നു. വാര്‍ഡന്‍ പലപ്പോഴും വിദ്യാര്‍ഥിനികളെ അടിക്കാറുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നതായി പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും കുറ്റക്കാര്‍ക്കെതിരെ ത്വരിത നടപടി കൈക്കൊള്ളാന്‍ ഉത്തരവാദിത്വപ്പെട്ടവരോട് ആജ്ഞാപിച്ചിട്ടുണ്ടെന്നും മന്ത്രി ശ്രീകാന്ത് ശര്‍മ മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, വാര്‍ഡന്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചു. ‘വസ്ത്രമൂരണമെന്ന ആരോടും ആവശ്യപ്പെട്ടിട്ടില്ല. താന്‍ ഇവിടെ തുടരരുതെന്ന് ആഗ്രഹിക്കുന്ന ചില സ്റ്റാഫംഗങ്ങളുടെ ഗൂഢാലോചനയാണ് പരാതിക്ക് പിന്നില്‍. സ്റ്റാഫംഗങ്ങളില്‍ ചിലര്‍ അവരുടെ ഡ്യൂട്ടി നിര്‍വഹിക്കാത്തത് ഞാന്‍ ചോദ്യം ചെയ്തതാണ് അവരുടെ അപ്രീതിക്ക് കാരണം’- വാര്‍ഡന്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് 35 പേര്‍ സ്‌കൂളില്‍ നിന്ന് പോയതായി അറിയുന്നു. വാര്‍ഡന്റെ പീഡനങ്ങളെക്കുറിച്ച് ഒട്ടേറെ പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് ജില്ല പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ ചന്ദെര്‍കേശ് യാദവ് പറഞ്ഞു.
Be the first to write a comment.