ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അഞ്ച് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. വകുപ്പിന്റെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റിലെ ജീവനക്കാരെയാണ് അനധികൃതമായി സ്ഥിരപ്പെടുത്തുന്നത്. വകുപ്പുമന്ത്രി കെ.ടി ജലീലിന്റന്റെ നാട്ടുകാരനും സി. പി. എം നേതാവിന്റെ ഭാര്യയും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് ഇവരെ സ്ഥിരപ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച ഫയല്‍ അംഗീകാരത്തിനായി പൊതുഭരണ വകുപ്പിലേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മന്ത്രി ജലീലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നീക്കം. സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ച അഞ്ച് ജീവനക്കാരുടെയും വിശദവിവരങ്ങള്‍ ഉള്‍പെടുത്തി, കഴിഞ്ഞ ദിവസമാണ് ഫയല്‍ തയാറാക്കിയത്. ഡയറക്ടറേറ്റില്‍ ജോലി ചെയ്യുന്ന എല്‍.ഡി ക്ലാര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് ഉള്‍പെടെയുള്ള അഞ്ച് പേരെയാണ് സ്ഥിരപ്പെടുത്താന്‍ നീക്കം നടത്തുന്നത്.
ഇവരെക്കാള്‍ മുന്‍പ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍ ഡയറക്ടറേറ്റിലുണ്ട്. മന്ത്രിയുടെയും സി.പി.എമ്മിന്റെയും ഇഷ്ടക്കാരായ ഒരു വിഭാഗത്തെ മാത്രം സ്ഥിരപ്പെടുത്തുന്നതില്‍ മറ്റ് ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. ഇന്റര്‍വ്യൂ നടത്താതെയും റാങ്ക് ലിസ്റ്റ് തയ്യാറാക്കാതെയും നിയമിച്ച ആളുകളെ മുമ്പും സ്ഥിരപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ധന വകുപ്പിന്റെ ശക്തമായ എതിര്‍പ്പ് കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോള്‍ മന്ത്രി ജലീല്‍ നേരിട്ട് ഇടപെട്ടാണ് ‘പ്രവര്‍ത്തന മികവ് പുലര്‍ത്തുന്ന’ അഞ്ച് പേരെ സ്ഥിരപ്പെടുത്താന്‍ നോക്കുന്നത്. ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍ ഇതിനെ എതിര്‍ത്തെങ്കിലും മന്ത്രി ഓഫീസിന്റെ സമ്മര്‍ദ്ദം മൂലം ഫയല്‍ സെക്രട്ടേറിയറ്റിലേക്ക് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് മന്ത്രിയുടെ ഓഫീസാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇന്റര്‍വ്യൂ നടക്കുന്നതിന് മുമ്പുതന്നെ നിയമിക്കേണ്ടവരുടെ പേരുകള്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഡയറക്ടറേറ്റിലേക്ക് നല്‍കിയ സംഭവം നേരത്തെ ‘ചന്ദ്രിക’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടും താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നു.
നിയമനങ്ങളെല്ലാം മന്ത്രിയുടെയും സി.പി.എം നേതൃത്വത്തിന്റെയും താല്‍പര്യപ്രകാരം മാത്രമായിരുന്നു. മന്ത്രിയുടെ ബന്ധു കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേന്‍ ജനറല്‍ മാനേജരായി നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. പിന്നീട് ഈ നിയമനം സര്‍ക്കാര്‍ റദ്ദാക്കി.
ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട് നിരവധി അനധികൃത നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരെ യാതൊരു മാനദണ്ഡവും പാലിക്കാതെ സ്ഥിരപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി വീണ്ടും വിവാദക്കുരുക്കിലാകാനാണ് സാധ്യത.
ന്യൂനപക്ഷ വകുപ്പ് ഡയറക്ടറേറ്റില്‍ അഞ്ച് പേരെ സ്ഥിരപ്പെടുത്താന്‍ നീക്കം

Be the first to write a comment.