കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധത്തിന് തെളിവ് എവിടെയെന്ന് എന്‍ഐഎയോട് കോടതി. കള്ളക്കടത്ത് കേസുകളിലെല്ലാം യുഎപിഎ ആണോ പ്രതിവിധിയെന്നും കോടതി ചോദിച്ചു. ഭീകരബന്ധമുണ്ടെന്ന് അനുമാനിക്കാന്‍ അടിസ്ഥാനമെന്താണെന്ന് എന്‍ഐഎ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

സ്വര്‍ണക്കടത്തിലൂടെ ഭീകരപ്രവര്‍ത്തനത്തിന് പണം എത്തിച്ചതായി വിവരം ലഭിച്ചിരുന്നതായാണ് എന്‍ഐഎ വാദം. പ്രതികള്‍ സ്വാധീനമുള്ളവരാണ്. യുഎഇയെ സ്വര്‍ണക്കടത്തിന്റെ കേന്ദ്രമായിക്കാണുന്നു. പ്രതിചേര്‍ക്കുന്നതിന് തൊട്ടുമുമ്പ് രണ്ട് പ്രതികള്‍ യുഎഇയിലേക്ക് കടന്നുവെന്നും എന്‍ഐഎ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഭീകരബന്ധത്തിന് എന്‍ഐഎ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

ഭീകരബന്ധത്തിന് കാര്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ എന്‍ഐഎക്ക് കഴിഞ്ഞിട്ടില്ല. പ്രതികള്‍ക്ക് ഭീകരബന്ധമുണ്ടാവാമെന്ന അനുമാനം മാത്രമാണ് എന്‍ഐഎ കോടതിയില്‍ പ്രകടിപ്പിച്ചത്. കോടതിയുടെ സംശയത്തിന് കൃത്യമായ മറുപടി നല്‍കാന്‍ എന്‍ഐഎക്ക് കഴിഞ്ഞിട്ടില്ല.