ചെന്നൈ: തമിഴ്‌നാട്ടില്‍ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത. എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിയെ ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി ശരിവെച്ചപ്പോള്‍ അയോഗ്യത റദ്ദാക്കാനായിരുന്നു ജസ്റ്റിസ് സുന്ദറിന്റെ ഉത്തരവ്. ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതയെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റി. കേസില്‍ അന്തിമ വിധി വരുന്നത് വരെ വിശ്വാസ വോട്ടെടുപ്പും ഉപതെരഞ്ഞെടുപ്പും പാടില്ലെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി 24ന് വാദം പൂര്‍ത്തിയായ കേസിലാണ് മാസങ്ങള്‍ക്ക് ശേഷം വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയതിനാല്‍ കേസില്‍ വിധി പറയുന്നത് ഇനിയും നീളും. അതേസമയം പളനിസാമി സര്‍ക്കാറിന് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് കോടതി വിധി. 234 അംഗ നിയമസഭയില്‍ 114 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാറിനുള്ളത്. അതില്‍ മുന്നുപേര്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ അയോഗ്യരാക്കപ്പെട്ട 18 എം.എല്‍.എമാര്‍ സഭയിലെത്തുന്നത് സര്‍ക്കാറിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുമായിരുന്നു.