കോവിഡ് പ്രതിരോധത്തിനായി മുന്‍കരുതല്‍ നടപടികള്‍ നിരവധിയുണ്ട്. മാസ്‌ക് അണിയുക, കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെയുള്ള പല പ്രതിരോധ നടപടികളും നമുക്ക് ചിരപരിചിതവുമാണ്. എന്നാല്‍ കോവിഡിനെ ചെറുക്കാന്‍ ഇതിനു പുറമേ ടൂത്ത് ബ്രഷ് കൂടി അണുവിമുക്തമാക്കണമെന്ന് ബ്രസീലിലെ ഗവേഷകര്‍ നടത്തിയ പഠനം ശുപാര്‍ശ ചെയ്യുന്നു.

സൂക്ഷ്മ ജീവികളുടെ സംഭരണിയായി ടൂത്ത് ബ്രഷുകള്‍ക്ക് മാറാന്‍ സാധിക്കുമെന്ന് ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതൊരാളെ വളരെ വേഗം രോഗിയാക്കാം. അതിനാല്‍ ബ്രഷുകള്‍ അണുവിമുക്തമാക്കേണ്ടതും വായുടെ ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. ഉമിനീരിലൂടെ കൊറോണ വൈറസ് പകരാമെന്ന് മുന്‍പ് നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ചില മൗത്ത് വാഷുകള്‍ക്ക് ഉമിനീരിലെ കോവിഡ് വൈറസ് ലോഡ് കുറയ്ക്കാനാകുമെന്ന് 2020 ജൂലൈയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം അവകാശപ്പെട്ടിരുന്നു. ടൂത്ത് ബ്രഷുകള്‍ ശരിയായ വിധത്തില്‍ അണുവിമുക്തമാക്കേണ്ടത് എങ്ങനെയാണെന്നും പുതിയ പഠനത്തില്‍ ബ്രസീലിയന്‍ ഗവേഷകര്‍ വിശദീകരിക്കുന്നു.
ഇതിനായി ആദ്യം സോപ്പ് ഉപയോഗിച്ചോ 70 ശതമാനം ആല്‍ക്കഹോള്‍ ചേര്‍ന്ന സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ശുചിയാക്കണം. ഇതിനു ശേഷം 70 ശതമാനം ആല്‍ക്കഹോള്‍ ഉപയോഗിച്ച് ഒരു മിനിറ്റ് നേരം ടൂത്ത് ബ്രഷ് പിടി ശുചീകരിക്കണം. ശേഷം പല്ലു തേയ്ക്കണം. തുടര്‍ന്ന് ബ്രഷ് കഴുകി ഒരു മിനിറ്റ് നേരം 70 ശതമാനം ആല്‍ക്കഹോള്‍ ഉപയോഗിച്ച് ടൂത്ത് ബ്രഷ് പിടി വീണ്ടും അണുവിമുക്തമാക്കണം. പല്ലു തേയ്ക്കുന്ന ഭാഗം എഥനോള്‍, എസന്‍ഷ്യല്‍ ഓയില്‍ അധിഷ്ഠിത മൗത്ത് വാഷ് സൊല്യൂഷനില്‍ 20 മിനിറ്റ് നേരത്തേക്ക് മുക്കി വയ്ക്കണം. പിന്നീട് ഇത് ഉണക്കിയ ശേഷം വീണ്ടും ഉപയോഗിക്കാം.