ഒ, ആര്‍എച്ച് നെഗറ്റീവ് രക്ത ഗ്രൂപ്പുകളില്‍പ്പെട്ടവര്‍ക്ക് കോവിഡ് അണുബാധയേല്‍ക്കാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍. അഥവാ ബാധിച്ചാല്‍ തന്നെ രോഗം സങ്കീര്‍ണമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കുറവാണെന്നും കാനഡയിലെ ടൊറന്റോ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാട്ടി.

2007 ജനുവരിക്കും 2019 ഡിസംബറിനും ഇടയില്‍ രക്തഗ്രൂപ്പ് പരിശോധന നടത്തുകയും പിന്നീട് കോവിഡ് ലാബ് ടെസ്റ്റ് നടത്തുകയും ചെയ്ത 2,25,556 പേരുടെ ഡേറ്റയാണ് ഗവേഷക സംഘം പരിശോധിച്ചത്.

രണ്ട് ലക്ഷത്തിലധികം കോവിഡ് പരിശോധന നടത്തിയതില്‍ 1328 പേരുടെ കോവിഡ് അണുബാധ സങ്കീര്‍ണമായിരുന്നു. ഇവരില്‍ പലരും മരണപ്പെടുകയും ചെയ്തു. ഇവരുടെ രക്തഗ്രൂപ്പുകളില്‍ അധികമായി കണ്ടത് എബി, ബി, ആര്‍എച്ച് പോസിറ്റീവ് തുടങ്ങിയവയാണെന്ന് അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം സങ്കീര്‍ണത കുറഞ്ഞ കോവിഡ് രോഗമുണ്ടായവരില്‍ പലരും ഒ, ആര്‍എച്ച് നെഗറ്റീവ് ഗ്രൂപ്പുകളില്‍പ്പെട്ടവരായിരുന്നു.

കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്നവരിലും രക്തഗ്രൂപ്പിന്റെ സ്വാധീനമുണ്ടോ എന്ന പഠനത്തിലാണ് ഗവേഷക സംഘം. അതേ സമയം, എന്തു കൊണ്ടാണ് ഇത്തരത്തില്‍ ചില രക്തഗ്രൂപ്പുകാരില്‍ രോഗസാധ്യതയും സങ്കീര്‍ണതയും കുറയുന്നു എന്നത് സംബന്ധിച്ച കാരണങ്ങള്‍ അറിവായിട്ടില്ല.