രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളത്തിലൂടെ ആരോഗ്യകരമായ ജീവിത ശൈലിയെന്നതാണ് പൊതുവേ പറഞ്ഞു കേള്‍ക്കുന്നത്. വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. സാധാരണ നാം വെള്ളം കുടിയ്ക്കുക പല്ല് തേച്ചതിന് ശേഷമാണ്. ഇതാണ് ആരോഗ്യകരമെന്നാണ് നാം പൊതുവേ പറയുന്നത്. എന്നാല്‍ രാവിലെ പല്ലു തേയ്ക്കുന്നതിനു മുമ്പോ ശേഷമോ വെള്ളം കുടിയ്‌ക്കേണ്ടത് എന്നതിനെ സംബന്ധിച്ച് പലര്‍ക്കും സംശയമുണ്ട്. പല്ലു തേയ്ക്കുന്നതിന് മുമ്പ് വെള്ളം കുടിയ്ക്കുന്നത് വൃത്തിപരമായി മോശം ശീലമെന്നാണ് തോന്നലെങ്കിലും ഇത് ആരോഗ്യപരമായി നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല.

പല്ല് തേയ്ക്കുന്നതിന്‍ മുമ്പ് വെള്ളം കുടിയ്ക്കുന്നത് ബിപി നിയന്ത്രണത്തിന് ഗുണകരമാണ്. ഇത് ബിപി കുറയ്ക്കാന്‍ സഹായിക്കുന്നു. ബിപി കുറയ്ക്കാന്‍ മാത്രമല്ല, രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍, അതായത് പ്രമേഹം നിയന്ത്രിയ്ക്കാന്‍ കൂടി ഇത് ഏറെ ഗുണകരമാണെന്നു വേണം, പറയുവാന്‍. ഇത്തരം ഘടകങ്ങളെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിനാല്‍ തന്നെ വെറും വയററില്‍ വെളളം കുടിയ്ക്കുന്നത് കൊണ്ട് ദോഷം വരുന്നില്ലെന്നു വേണം, പറയുവാന്‍. ബ്രഷ് ചെയ്യാതെ തന്നെ വെളളം കുടിയ്ക്കുന്നത് ഈ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ശരീരത്തിന് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ബ്രഷ് ചെയ്യുന്നതിന് മുന്‍പായുള്ള വെളളം കുടി സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിലൂടെ രോഗപ്രതിരോധ സംവിധാനം കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാകുന്നു. ഇതിലൂടെ രോഗം തടയാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു. കോള്‍ഡ്, പനി, ചുമ,അലര്‍ജി തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും വെറും വയറ്റില്‍ പല്ലു തേയ്ക്കാതെയുളള വെള്ളം കുടി ഗുണകരമാകുമെന്ന് പറയാം.

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇതേറെ ഗുണകരമെന്നു വേണം, പറയുവാന്‍. ബ്രഷ് ചെയ്യുന്നതിന് മുന്‍പായുള്ള വെളളം കുടി നിങ്ങളുടെ ശരീരത്തില്‍ എല്ലാ ഭാഗത്തേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഇതുവഴി ചര്‍മത്തിന് തിളക്കം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യും. ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ശരീരത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ ലഭ്യമാക്കുകയും ചെയ്യും. ഇത് ചര്‍മത്തെ സഹായിക്കുക മാത്രമല്ല, ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യുന്നു.

വയറിന്റെ ആരോഗ്യത്തിനും ഇത് ഗുണകരമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണിത്. ഇതുവഴി വായില്‍ കാണപ്പെടുന്ന ആസിഡുകള്‍ നിങ്ങളുടെ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിരാവിലെ വെള്ളം കുടിക്കുമ്പോള്‍, പ്രത്യേകിച്ചും നിങ്ങള്‍ ഉണര്‍ന്നയുടനെ ഇത് ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരം വേഗത്തില്‍ വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് സജ്ജമാകും. രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുമ്പോള്‍ നിങ്ങളുടെ ശരീരം ചില അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ സമയത്താണ് ശരീരം എല്ലാ വിഷവസ്തുക്കളും പുറന്തള്ളുന്നതിനായി ശേഖരിച്ചു വയ്ക്കുന്നത്. അതിരാവിലെ തന്നെ നിങ്ങള്‍ വെള്ളം കുടിക്കുമ്പോള്‍, ഈ വിഷവസ്തുക്കളെല്ലാം ശരീരത്തില്‍ നിന്ന് എളുപ്പത്തില്‍ പുറന്തള്ളപ്പെടുന്നു. ഒഴിഞ്ഞ വയറ്റില്‍ പതിവായി വെള്ളം കുടിക്കുന്നത് വഴി മലവിസര്‍ജ്ജനം കൂടുതല്‍ സുഗമമാക്കുകയും ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു