കൊറോണ വൈറസ് മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിലേക്ക് കടന്നേക്കാമെന്ന് പഠനം. സാര്‍സ്‌കോവ്2 വൈറസ് ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നതെന്നും കേന്ദ്ര നാഡീവ്യൂഹത്തിലും ഇത് ആഘാതമുണ്ടാക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. നാഡീസംബന്ധ ലക്ഷണങ്ങളായ മണമറിയാനുള്ള കഴിവ്, രുചി തുടങ്ങിയവ നഷ്ടപ്പെടാനും തലവേദന, ഛര്‍ദ്ദി, ക്ഷിണം തുടങ്ങിയ ബുദ്ധമുട്ടുകള്‍ ഉണ്ടാകാനും ഇതാണ് കാരണം.

കോവിഡ് ബാധിതരായ ആളുകളില്‍ കാണുന്ന നാഡീസംബന്ധമായ പ്രശ്‌നങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുന്നതാണ് പുതിയ പഠനം. തലച്ചോറിലും സെറിബ്രോസ്‌പൈനല്‍ ഫ്‌ളൂയിഡിലും കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

അതേസമയം തലച്ചോറില്‍ എവിടെയാണ് വൈറസ് പ്രവേശിക്കുന്നതെന്നും എങ്ങനെയാണ് പരക്കുന്നതെന്നും വ്യക്തമായിട്ടില്ല. നാസാദ്വാരങ്ങളുമായി അടുത്തുള്ള തൊണ്ടയുടെ മുകള്‍ഭാഗമായ നാസോഫാര്‍നിക്‌സ് പരിശോധിച്ചതിലൂടെയാണ് മൂക്കിലൂടെയാണ് മസ്തിഷ്‌കത്തിലേക്ക് വൈറസ് എത്തിയതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. നാച്വര്‍ ന്യൂറോസയന്‍സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.