തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്ന എല്ലാവരുടെയും കോവിഡ് ടെസ്റ്റ് സൗജന്യമാക്കി. കേരളത്തിലെ 4 വിമാനത്താവളങ്ങളിലും വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കേന്ദ്രനിര്‍ദേശപ്രകാരം ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് എത്തുന്നവരില്‍നിന്ന് എതിര്‍പ്പുയരുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയത്. 1700 രൂപയായിരുന്നു നിരക്ക്. സ്വകാര്യ ഏജന്‍സികളാണ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

വിദേശത്തുനിന്ന് വരുന്നവരുടെ പക്കല്‍ കോവിഡ് ടെസ്റ്റ് റിസള്‍ട്ട് ഉണ്ടെങ്കിലും എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ വീണ്ടും പരിശോധന നടത്തുന്നത് മൂലം പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.