ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ 13 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്തു കൊന്ന് അമ്മ ജീവനൊടുക്കിയ നിലയില്‍. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ജിതേന്ദ്രിയെന്ന 23 കാരിയായ യുവതിയാണ് തന്റെ ആണ്‍കുഞ്ഞിനെ കഴുത്തുറത്തു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തതെന്നു ബുലന്ദ്ശഹര്‍ എസ്എസ്പി സന്തോഷ് കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. യുവതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു.

ബുധനാഴ്ച രാത്രി ഭര്‍ത്താവിന്റെ മൂന്നു സഹോദരിമാര്‍ക്കൊപ്പം ഒരു മുറിയിലാണ് ജിതേന്ദ്രി കുഞ്ഞിനൊപ്പം ഉറങ്ങാന്‍ കിടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആരോ ഒരാള്‍ മേല്‍ക്കുരയില്‍ നിന്ന് ചാടുന്നതു പോലെയുള്ള ശബ്ദം കേട്ട് ഭര്‍ത്താവിന്റെ സഹോദരിമാര്‍ എഴുന്നേറ്റു നോക്കിയപ്പോള്‍ മുറിയില്‍ ജിതേന്ദ്രിയെയും കുഞ്ഞിനെയും കണ്ടില്ല. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സ്റ്റെയര്‍കേസിനു സമീപം കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ജിതേന്ദ്രിയുടെ വീട്ടില്‍ നിന്ന് വലിയ ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ പുറകുവശത്ത് പൂട്ടിയിട്ട കെട്ടിടത്തില്‍ ജിതേന്ദ്രിയെ കണ്ടെത്തിയത്. മുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചാണ് യുവതിയെ പുറത്തെടുത്തത്.

കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഒരു അരിവാളും, വിഷം നിറച്ച കുപ്പിയും, കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ഉപയോഗിക്കുന്ന ബോട്ടിലും ഇവിടെ നിന്ന് കണ്ടെടുത്തു. കുഞ്ഞിനെ കഴുത്തറുത്തു കൊന്നതിനു ശേഷം അരിവാള്‍ ഉപയോഗിച്ച് ജിതേന്ദ്രി സ്വയം കഴുത്തില്‍ മുറിവേല്‍പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.