Connect with us

Sports

സന്തോഷ് ട്രോഫിയ്ക്ക് ഇന്ന് കിക്കോഫ്

നിലവിലെ റണ്ണറപ്പായ കേരളം വ്യാഴാഴ്ച പഞ്ചാബിനെതിരെ ആദ്യ പോരിനിറങ്ങും.

Published

on

ഗുവാഹതി: ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റായ സന്തോഷ് ട്രോഫിയുടെ 79ാം പതിപ്പിന്റെ അന്തിമ റൗണ്ട് മത്സരങ്ങള്‍ ബുധനാഴ്ച തുടങ്ങും. അസമിലെ ധാകുവാഖാന, സിലാപതാര്‍ സ്റ്റേഡിയങ്ങളിലാണ് കളി. ഉദ്ഘാടന ദിനത്തില്‍ ഉത്തരാഖണ്ഡ്-രാജസ്ഥാന്‍, ബംഗാള്‍-നാഗാലാന്‍ഡ്, തമിഴ്‌നാട്-അസം മത്സരങ്ങള്‍ നടക്കും. നിലവിലെ റണ്ണറപ്പായ കേരളം വ്യാഴാഴ്ച പഞ്ചാബിനെതിരെ ആദ്യ പോരിനിറങ്ങും.

12 ടീമുകളാണ് അന്തിമ റൗണ്ടിലുള്ളത്. ഗ്രൂപ് എ-യില്‍ ആതിഥേയരായ അസം, നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍, തമിഴ്നാട്, ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ്, രാജസ്ഥാന്‍, ബി-യില്‍ കേരളം, സര്‍വിസസ്, പഞ്ചാബ്, ഒഡിഷ, റെയില്‍വേസ്, മേഘാലയ ടീമുകളാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളെന്ന നിലയില്‍ ബംഗാളും കേരളവും ആതിഥേയരായി അസമും അന്തിമ റൗണ്ടിന് നേരിട്ട് യോഗ്യത നേടി. യോഗ്യത മത്സരങ്ങള്‍ കളിച്ചാണ് ബാക്കി ഒമ്പത് ടീമുകളെത്തിയത്. ഓരോ ഗ്രൂപ്പില്‍നിന്നും നാല് വീതം ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും. ഫെബ്രുവരി രണ്ടിനും മൂന്നിനും ക്വാര്‍ട്ടറും അഞ്ചിന് സെമി ഫൈനലും എട്ടിന് ഫൈനലും അരങ്ങേറും.

 

Football

മാര്‍ച്ചിലും മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ല

മാര്‍ച്ച് 27നും 31നുമായി ഖത്തറില്‍ രണ്ട് മല്‍സരങ്ങള്‍ അര്‍ജന്റീന കളിക്കും.

Published

on

മാര്‍ച്ചിലും ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 27നും 31നുമായി ഖത്തറില്‍ രണ്ട് മല്‍സരങ്ങള്‍ അര്‍ജന്റീന കളിക്കും. 27ന് ഫൈനലിസിമയില്‍ സ്‌പെയിനുമായും 31ന് ഖത്തറുമായി സൗഹൃദമല്‍സരത്തിലും അര്‍ജന്റീന കളിക്കും. അതേസമയം മാര്‍ച്ചില്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നായിരുന്നു സ്‌പോണ്‍സര്‍ അവകാശപ്പെട്ടിരുന്നത്.

എന്നാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ കളിപ്പിക്കാനായി നടന്ന തീരുമാനങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന് സംസ്ഥാന കായിക വകുപ്പ് പറഞ്ഞിരുന്നു. മെസിയെയും ടീമിനെയും കേരളത്തില്‍ എത്തിക്കാന്‍ സ്വകാര്യ ടിവി ചാനല്‍ കമ്പനിയെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ് ഏല്‍പ്പിച്ചെങ്കിലും അതിനായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നും വകുപ്പ് പറഞ്ഞിരുന്നു. കൂടാതെ അര്‍ജന്റീന കേരളത്തില്‍ കളിക്കാനെത്തുന്നതായി സര്‍ക്കാരിന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്കും മറുപടിയില്ല.

എന്നാല്‍ ടീമിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വകുപ്പിന്റെ 13 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി കായികമന്ത്രി വി.അബ്ദുറഹിമാനും 2 ഉന്നത ഉദ്യോഗസ്ഥരും സ്‌പെയിനില്‍ പോയ വകയിലായിരുന്നു ഈ ചെലവ്. കരാറിലെ വ്യവസ്ഥകളില്‍ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടിങ് ബ്രോഡ്കാസ്റ്റിങ് കമ്പനി വീഴ്ച വരുത്തിയതിനാല്‍ കഴിഞ്ഞ ഏപ്രിലില്‍ 2 തവണ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെന്നാണ് വകുപ്പിലെ ഉന്നതര്‍ അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ് കരാര്‍ ഇല്ലെന്നാണ് ഇപ്പോള്‍ വകുപ്പിന്റെ വിചിത്ര മറുപടി.

കൊച്ചിയിലെ സ്റ്റേഡിയത്തിന് നിലവാരമില്ല എന്നു ചൂണ്ടിക്കാട്ടി നവംബറില്‍ മെസിയും സംഘവും കേരളത്തിലെത്തില്ലെന്നും പകരം മാര്‍ച്ച് വിന്‍ഡോയില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാനും സ്പോണ്‍സര്‍ ആന്റോ അഗസ്റ്റിനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാതെയും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പോലും വ്യക്തത വരുത്താതെയുമുള്ള സാഹചര്യത്തിലായിരുന്നു മെസി കഴിഞ്ഞ നവംബറില്‍ വരുമെന്ന പ്രഖ്യാപനവുമായി മന്ത്രിയും സ്പോണ്‍സറും രംഗത്തെത്തിയത്. പിന്നീടാണ് മാര്‍ച്ചില്‍ എത്തുമെന്നാണ് മന്ത്രി അറിയിച്ചത്.

 

 

Continue Reading

News

ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിന് ജയം; സാൻ സിറോയിൽ ഇന്ററിനെ തകർത്ത് ഗണ്ണേഴ്‌സ്

സാൻ സിറോയിൽ നടന്ന പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്‌സണൽ പരാജയപ്പെടുത്തിയത്.

Published

on

മിലാൻ: ചാമ്പ്യൻസ് ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന ആഴ്‌സണൽ തുടർച്ചയായ ഏഴാം ലീഗ് മത്സരത്തിലും ജയം സ്വന്തമാക്കി. സാൻ സിറോയിൽ നടന്ന പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്‌സണൽ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ 10-ാം മിനിറ്റിൽ തന്നെ ആഴ്‌സണൽ ലീഡ് നേടി. ടിംബർ നൽകിയ പാസിൽ നിന്ന് ഗബ്രിയേൽ ജീസസ് ആണ് ആദ്യ ഗോൾ കണ്ടെത്തിയത്. എന്നാൽ 18-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ പീറ്റർ സുചിച് നേടിയ മനോഹര ഗോളോടെ ഇന്റർ സമനില നേടി.

31-ാം മിനിറ്റിൽ സെറ്റ് പീസിലൂടെ ആഴ്‌സണൽ വീണ്ടും മുൻതൂക്കം പിടിച്ചു. സാകയുടെ കോർണറിൽ നിന്ന് ട്രൊസാർഡിന്റെ ഹെഡർ ബാറിൽ തട്ടി തിരികെ വന്നപ്പോൾ അനായാസം ഹെഡ് ചെയ്ത് ജീസസ് പന്ത് വലയിലാക്കി. മത്സരത്തിന്റെ 84-ാം മിനിറ്റിൽ ഗ്യോകെറസ് കൂടി ഗോൾ നേടിയതോടെ ഗണ്ണേഴ്‌സിന്റെ ജയം പൂർണമായി.

ഈ ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും 21 പോയിന്റുമായി ആഴ്‌സണൽ വമ്പൻ ലീഡോടെ പട്ടികയുടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഇന്റർ മിലാൻ ഒമ്പതാം സ്ഥാനത്താണ്.

Continue Reading

News

ഇന്ത്യ–ന്യൂസിലാൻഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു സാംസൺ ഓപ്പണറാകാൻ സാധ്യത

അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള നിർണായക ഒരുക്കം കൂടിയാണ്.

Published

on

ഇന്ത്യ–ന്യൂസിലാൻഡ് ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി ഏഴ് മുതൽ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള നിർണായക ഒരുക്കം കൂടിയാണ്.

മലയാളി താരം സഞ്ജു സാംസൺ ഓപ്പണറും വിക്കറ്റ് കീപ്പറുമായി ടീമിലുണ്ടാകുമെന്നത് ആരാധകർക്ക് ഇരട്ടി ആവേശമാണ് നൽകുന്നത്. ടി20 ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ സാഹചര്യത്തിലാണ് സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20യിൽ സഞ്ജു ഓപ്പണറായി ഇറങ്ങിയിരുന്നു. ലോകകപ്പ് സ്ക്വാഡിലുമുള്ള സഞ്ജുവിൽ ടീം വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്.

ഓപ്പണിംഗ് സ്ലോട്ടിൽ അഭിഷേക് ശർമ–സഞ്ജു സാംസൺ കൂട്ടുകെട്ടായിരിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഭിഷേക് ഫോം തുടരാമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്.

മൂന്നാം നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇറങ്ങാനാണ് സാധ്യത. അടുത്ത കാലത്ത് ടി20 ഫോർമാറ്റിൽ സൂര്യയ്ക്ക് താളം കണ്ടെത്താൻ സാധിച്ചിട്ടില്ലെങ്കിലും ലോകകപ്പ് അടുത്തിരിക്കെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തിലക് വർമ്മയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ശ്രേയസ് അയ്യർ ടീമിലെത്തിയത്. എന്നാൽ തിലകിന് പകരം ഇഷാൻ കിഷൻ കളിക്കുമെന്നാണ് സൂചന. ഇഷാൻ മൂന്നാം നമ്പറിൽ ഇറങ്ങിയാൽ സൂര്യ നാലിലേക്ക് മാറും.

അഞ്ചാം നമ്പറിൽ ഹാർദിക് പാണ്ഡ്യ. പരിക്കിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് ഹാർദിക് തിരിച്ചെത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ടീമിന്റെ പ്രധാന കരുത്താണ് താരം. തുടർന്ന് ഫിനിഷറുടെ റോളിൽ റിങ്കു സിംഗ് ഉണ്ടാകും. ആവശ്യമെങ്കിൽ പന്തെറിയാനും റിങ്കുവിന് കഴിയും.

സ്പിൻ ഓൾറൗണ്ടറായി വൈസ് ക്യാപ്റ്റൻ അക്‌സർ പട്ടേൽ ടീമിലുണ്ടാകും. ബാറ്റിംഗിലും ബൗളിംഗിലും അക്‌സറിന്റെ സംഭാവന ഇന്ത്യയ്ക്ക് നിർണായകമാണ്. ശിവം ദുബെ എട്ടാം നമ്പറിൽ ഇറങ്ങാനാണ് സാധ്യത. ബൗളർമാരെ അനായാസം ബൗണ്ടറി കടത്താനുള്ള കരുത്ത് ദുബെയുടെ പ്രത്യേകതയാണ്. രണ്ടോ മൂന്നോ ഓവറുകൾ എറിയാനും ദുബെയ്ക്ക് കഴിയും.

പേസ് ഓൾറൗണ്ടറായ ഹർഷിത് റാണ ടീമിൽ ഇടം പിടിക്കും. റൺസ് വഴങ്ങിയാലും വിക്കറ്റെടുക്കാൻ മികവ് തെളിയിച്ചിട്ടുള്ള റാണ, ബാറ്റിംഗിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ പേസ് ആക്രമണത്തിന് നേതൃത്വം നൽകുക ജസ്പ്രിത് ബുമ്ര ആയിരിക്കും. ലോകകപ്പ് അടുത്തിരിക്കെ ആത്മവിശ്വാസം വീണ്ടെടുക്കുക ബുമ്രയുടെ പ്രധാന ലക്ഷ്യമാണ്.

സ്പിൻ വിഭാഗത്തിൽ വരുൺ ചക്രവർത്തിയുടെ നാല് ഓവറുകൾ ഇന്ത്യയ്ക്ക് നിർണായകമാണ്. വിക്കറ്റെടുക്കാനും ഡോട്ട് ബോളുകൾ നൽകാനും ഒരുപോലെ മികവുള്ള വരുണ്‍ കളിക്കുമ്പോൾ കുൽദീപ് യാദവിന് സാധ്യതയില്ല.

Continue Reading

Trending