News
ചാറ്റ് ജി പി ടിയിലും പരസ്യങ്ങൾ; ഓപ്പൺ എഐയുടെ തീരുമാനം സ്ഥിരീകരിച്ച് സാം ആൾട്ട്മാൻ
ആദ്യ ഘട്ടത്തിൽ സൗജന്യ പ്ലാനും ഗോ സബ്സ്ക്രിപ്ഷനും ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് പരസ്യങ്ങൾ ലഭിക്കുക.
സാൻ ഫ്രാൻസിസ്‌കോ: ചാറ്റ് ജി പി ടി പ്ലാറ്റ്‌ഫോമിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഓപ്പൺ എഐ. കമ്പനി സിഇഒ സാം ആൾട്ട്മാൻ തന്നെയാണ് ഈ വിവരം തന്റെ എക്‌സ് (ട്വിറ്റർ) പോസ്റ്റിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ആദ്യ ഘട്ടത്തിൽ സൗജന്യ പ്ലാനും ഗോ സബ്സ്ക്രിപ്ഷനും ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് പരസ്യങ്ങൾ ലഭിക്കുക. പിന്നീട് മറ്റ് ഉപയോക്താക്കളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
വൻ മുതൽമുടക്കുള്ള ഒരു സാങ്കേതിക സ്ഥാപനമായി നിലനിൽക്കാൻ സ്ഥിരമായ വരുമാനം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് ഓപ്പൺ എഐ ഈ നീക്കം നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കയിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പരസ്യങ്ങൾ ആദ്യമായി അവതരിപ്പിക്കുക.
അതേസമയം, പരസ്യങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമോ എന്ന ആശങ്കകൾ ഉയരാൻ സാധ്യതയുള്ളതിനാൽ, അതിനുള്ള വിശദീകരണവും സാം ആൾട്ട്മാൻ തന്റെ പോസ്റ്റിലൂടെ നൽകിയിട്ടുണ്ട്.
ഉപയോക്താക്കൾക്ക് ചാറ്റ് ജി പി ടി നൽകുന്ന വിവരങ്ങളെയും മറുപടികളെയും പരസ്യങ്ങൾ ബാധിക്കില്ലെന്നും, ലഭിക്കുന്ന ഉത്തരങ്ങൾ എപ്പോഴും ഉപയോഗപ്രദവും നിഷ്പക്ഷവുമായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യങ്ങൾ വ്യക്തമായി ലേബൽ ചെയ്തതായിരിക്കും, അവ ചാറ്റ് ജി പി ടി മറുപടികളിൽ നിന്ന് വ്യക്തമായി വേർതിരിച്ചറിയാനാകുമെന്നും കമ്പനി അറിയിച്ചു.
ഉപയോക്തൃ ഡാറ്റ പരസ്യകമ്പനികൾക്ക് വിൽക്കില്ല, സ്വകാര്യത പൂർണമായി സംരക്ഷിക്കുമെന്നും ഓപ്പൺ എഐ ഉറപ്പ് നൽകുന്നു.
പരസ്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാൾ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട അനുഭവവും വിശ്വാസ്യതയും ഉറപ്പാക്കുന്നതാണ് കമ്പനിയുടെ മുൻഗണനയെന്നും സാം ആൾട്ട്മാൻ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.
Film
‘ജനനായകൻ’ വീണ്ടും അനിശ്ചിതത്വത്തിൽ; സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈകോടതി വിധി മാറ്റിവെച്ചു
ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് സമർപ്പിച്ച അപ്പീൽ മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റി
ചെന്നൈ: സംവിധായകൻ എച്ച്. വിനോദും ദളപതി വിജയ്‌യും ഒന്നിക്കുന്ന ‘ജനനായകൻ’ വീണ്ടും തിരിച്ചടിയിലായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് സമർപ്പിച്ച അപ്പീൽ മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ജനുവരി 20ന് വിശദമായ വാദം കേട്ടെങ്കിലും കോടതി അന്തിമ വിധി പ്രസ്താവിച്ചില്ല. ഇതോടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
ജനുവരി 9ന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ‘ജനനായകൻ’, സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു. ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് റിവൈസിങ് കമ്മിറ്റിക്ക് വിടാനായിരുന്നു ബോർഡിന്റെ തീരുമാനം. എന്നാൽ, സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.
അതേസമയം, അഞ്ചംഗ പരിശോധനാ സമിതി ഏകകണ്ഠമായി U/A സർട്ടിഫിക്കറ്റ് ശിപാർശ ചെയ്തതാണെന്നും, ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം സിനിമ വീണ്ടും പരിശോധനയ്ക്ക് അയക്കുന്നത് ശരിയല്ലെന്നുമാണ് നിർമാതാക്കളുടെ വാദം. പരാതിക്കാരൻ ചൂണ്ടിക്കാണിച്ച രംഗങ്ങൾ ഇതിനോടകം തന്നെ നീക്കം ചെയ്തതായും നിർമാതാക്കൾ കോടതിയിൽ വ്യക്തമാക്കി.
നേരത്തെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, ഈ വിഷയത്തിൽ ജനുവരി 20ന് തന്നെ ഹൈകോടതി തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. വിജയ് പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള അവസാന ചിത്രം എന്ന നിലയിൽ ‘ജനനായകൻ’ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പ്രൊമോഷനുകളും വലിയ തരംഗം സൃഷ്ടിച്ചിരുന്നെങ്കിലും നിയമപോരാട്ടം റിലീസിനെ പ്രതികൂലമായി ബാധിക്കുകയാണ്.
ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ അവതരിപ്പിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. ഏകദേശം 500 കോടി രൂപ ചെലവിട്ട് നിർമിച്ച ചിത്രം ലോകമെമ്പാടുമുള്ള 5000ലേറെ സ്ക്രീനുകളിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതി.
പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. കോടതി വിധി വൈകുന്നതോടെ ‘ജനനായകൻ’ റിലീസ് ചെയ്യാനുള്ള തീയതി ഇനിയും വ്യക്തമാകാത്ത നിലയിലാണ്.
kerala
സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ ഗുരുതര ക്രമക്കേടുകൾ; കള്ളപ്പണം വെളുപ്പിച്ചെന്ന ജീവനക്കാരന്റെ വെളിപ്പെടുത്തൽ
ബ്രഹ്മഗിരിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്നും, ചാക്കുകളിൽ പണം കടത്തി സ്ഥാപനത്തിലെത്തിച്ചതിന് താൻ സാക്ഷിയാണെന്നും സൊസൈറ്റി ജീവനക്കാരനായിരുന്ന നൗഷാദ് ആരോപിച്ചു
കൽപറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ. ബ്രഹ്മഗിരിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്നും, ചാക്കുകളിൽ പണം കടത്തി സ്ഥാപനത്തിലെത്തിച്ചതിന് താൻ സാക്ഷിയാണെന്നും സൊസൈറ്റി ജീവനക്കാരനായിരുന്ന നൗഷാദ് ആരോപിച്ചു. ജീവനക്കാരുടെ അക്കൗണ്ടുകൾ വഴി പണം നിക്ഷേപിച്ച് പിന്നീട് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി വെളുപ്പിച്ചുവെന്നാണ് ആരോപണം.
2021 ഡിസംബർ രണ്ടിനാണ് ചാക്കുകളിൽ പണം ബ്രഹ്മഗിരി സൊസൈറ്റിയിലേക്ക് എത്തിച്ചതെന്ന് നൗഷാദ് വ്യക്തമാക്കി. വലിയ തുക ആയതിനാൽ സൊസൈറ്റിയുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കാൻ സാധിക്കാതെ, സ്ഥാപനത്തിലെ ചില ജീവനക്കാരുടെ അക്കൗണ്ടുകളിൽ ഒരു ലക്ഷം, രണ്ട് ലക്ഷം രൂപ വീതം നിക്ഷേപിച്ച ശേഷം അതു ബ്രഹ്മഗിരിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പണം യൂണിയൻ ബാങ്കിന്റെ സുൽത്താൻ ബത്തേരി ശാഖയിൽ വെച്ച് വെളുപ്പിച്ചതായും നൗഷാദ് ആരോപിക്കുന്നു.
ഇതിന് മുമ്പും ബത്തേരിയിലെ ഒരു പ്രമുഖ കാറ്ററിങ് ഉടമയിൽ നിന്ന് സമാന രീതിയിൽ പണം കൊണ്ടുവന്നിട്ടുണ്ടെന്നും, കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ഥാപനത്തിലെ നേതാക്കളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നൗഷാദ് പറഞ്ഞു. 2021ലെ സംഭവവുമായി ബന്ധപ്പെട്ടതായി അവകാശപ്പെടുന്ന ചില ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
ഇത്തരം ക്രമക്കേടുകളിൽ താനുൾപ്പെടെയുള്ള ജീവനക്കാരാണ് പറ്റിക്കപ്പെട്ടതെന്നും അതുകൊണ്ടാണ് മുന്നോട്ടു വന്നതെന്നും നൗഷാദ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നാൽ ഇതിലും വലിയ ക്രമക്കേടുകൾ പുറത്തുവരുമെന്നും, സർക്കാർ ഫണ്ടുകൾ എന്ത് ചെയ്തുവെന്നതും വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണ ഏജൻസിക്ക് മുന്നിലും ഹാജരാകാൻ തയ്യാറാണെന്നും നൗഷാദ് അറിയിച്ചു. സി.പി.എം കൽപറ്റ ടൗൺ ബ്രാഞ്ച് അംഗവും ബ്രഹ്മഗിരിയിലെ മുൻ ജീവനക്കാരനുമാണ് നൗഷാദ്.
ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പദ്ധതികൾക്കായി, പ്രത്യേകിച്ച് ‘മലബാർ മീറ്റ്’ ഫാക്ടറിക്കായി, ഏകദേശം 600 നിക്ഷേപകരിൽ നിന്ന് 100 കോടി രൂപയ്ക്കുമേൽ സമാഹരിച്ചിരുന്നുവെന്നാണ് കണക്കുകൾ. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി നിക്ഷേപകർക്ക് പലിശയോ നിക്ഷേപിച്ച തുകയോ തിരികെ ലഭിച്ചിട്ടില്ല. വിരമിച്ച ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരുമാണ് നിക്ഷേപകരിൽ ഭൂരിഭാഗവും.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ അത്യാധുനിക അറവുശാല ഉൾപ്പെടെയുള്ള യൂണിറ്റുകൾ പൂട്ടേണ്ടിവന്നു. കേരള ചിക്കൻ പദ്ധതിയിൽ പങ്കാളികളായ നൂറോളം കർഷകർക്ക് നൽകാനുള്ള 3.5 കോടിയിലധികം രൂപ കുടിശ്ശികയായി തുടരുകയാണ്. ജീവനക്കാർക്ക് മാസങ്ങളോളം ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. ഇതിനെ തുടർന്ന് നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മാസങ്ങളായി സമരപാതയിലാണ്.
News
ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിന് ജയം; സാൻ സിറോയിൽ ഇന്ററിനെ തകർത്ത് ഗണ്ണേഴ്‌സ്
സാൻ സിറോയിൽ നടന്ന പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്‌സണൽ പരാജയപ്പെടുത്തിയത്.
മിലാൻ: ചാമ്പ്യൻസ് ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന ആഴ്‌സണൽ തുടർച്ചയായ ഏഴാം ലീഗ് മത്സരത്തിലും ജയം സ്വന്തമാക്കി. സാൻ സിറോയിൽ നടന്ന പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്‌സണൽ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 10-ാം മിനിറ്റിൽ തന്നെ ആഴ്‌സണൽ ലീഡ് നേടി. ടിംബർ നൽകിയ പാസിൽ നിന്ന് ഗബ്രിയേൽ ജീസസ് ആണ് ആദ്യ ഗോൾ കണ്ടെത്തിയത്. എന്നാൽ 18-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ പീറ്റർ സുചിച് നേടിയ മനോഹര ഗോളോടെ ഇന്റർ സമനില നേടി.
31-ാം മിനിറ്റിൽ സെറ്റ് പീസിലൂടെ ആഴ്‌സണൽ വീണ്ടും മുൻതൂക്കം പിടിച്ചു. സാകയുടെ കോർണറിൽ നിന്ന് ട്രൊസാർഡിന്റെ ഹെഡർ ബാറിൽ തട്ടി തിരികെ വന്നപ്പോൾ അനായാസം ഹെഡ് ചെയ്ത് ജീസസ് പന്ത് വലയിലാക്കി. മത്സരത്തിന്റെ 84-ാം മിനിറ്റിൽ ഗ്യോകെറസ് കൂടി ഗോൾ നേടിയതോടെ ഗണ്ണേഴ്‌സിന്റെ ജയം പൂർണമായി.
ഈ ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും 21 പോയിന്റുമായി ആഴ്‌സണൽ വമ്പൻ ലീഡോടെ പട്ടികയുടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഇന്റർ മിലാൻ ഒമ്പതാം സ്ഥാനത്താണ്.
-
News2 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News2 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
News2 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
kerala2 days agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News2 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News2 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala2 days agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local2 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
