News
സ്‌പെയിനിലെ കോര്‍ഡോബയില്‍ അതിവേഗ ട്രെയിന്‍ അപകടം: 21 മരണം, 25ലധികം പേര്‍ക്ക് ഗുരുതര പരുക്ക്
മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി സമീപ ട്രാക്കിലേക്ക് ഇടിച്ചുകയറിയതാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.
മാഡ്രിഡ്: സ്‌പെയിനിലെ കോര്‍ഡോബ പ്രവിശ്യയില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ ഗുരുതര അപകടത്തില്‍ 21 പേര്‍ മരിച്ചു. 25ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി സമീപ ട്രാക്കിലേക്ക് ഇടിച്ചുകയറിയതാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രാദേശിക സമയം വൈകുന്നേരം 7.45ഓടെയായിരുന്നു അപകടമെന്ന് ദേശീയ മാധ്യമമായ ആര്‍ടിവിഇ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 300 യാത്രക്കാര്‍ ട്രെയിനുകളിലുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട ആദ്യ ട്രെയിനിന്റെ ഒരു ബോഗി പൂര്‍ണമായും മറിഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി യാത്രക്കാര്‍ ഇപ്പോഴും ട്രെയിനിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അപകടത്തെ തുടര്‍ന്ന് മാഡ്രിഡിനും അന്‍ഡലൂഷ്യയ്ക്കുമിടയിലെ അതിവേഗ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സര്‍വീസ് നടത്തുകയായിരുന്ന എല്ലാ ട്രെയിനുകളും തിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. മാഡ്രിഡ്‌കോര്‍ഡോബ അതിവേഗ ട്രെയിന്‍ സര്‍വീസുകള്‍ തിങ്കളാഴ്ച മുഴുവന്‍ നിര്‍ത്തിവയ്ക്കുമെന്നും റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അതോറിറ്റിയായ എഡിഐഎഫ് അറിയിച്ചു.
ദുരന്തത്തില്‍ സ്‌പെയിന്‍ രാജാവ് ഫെലിപ്പ് ആറാമനും രാജ്ഞി ലെറ്റിസിയയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആഴത്തിലുള്ള ദുഃഖം അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും രാജകുടുംബം അറിയിച്ചു.
അപകടകാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
News
അഥർവ തൈഡെയുടെ സെഞ്ച്വറി; വിദർഭയ്ക്ക് വിജയ് ഹസാരെ ട്രോഫിയിൽ കന്നി കിരീടം
ഫൈനലിൽ സൗരാഷ്ട്രയെ 38 റൺസിന് തോൽപിച്ചാണ് വിദർഭ കന്നി കിരീടം ഉയർത്തിയത്
ബംഗളൂരു: അഥർവ തൈഡെയുടെ തകർപ്പൻ സെഞ്ച്വറി മികവിൽ വിദർഭ വിജയ് ഹസാരെ ട്രോഫിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി. ഫൈനലിൽ സൗരാഷ്ട്രയെ 38 റൺസിന് തോൽപിച്ചാണ് വിദർഭ കന്നി കിരീടം ഉയർത്തിയത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിലായിരുന്നു കലാശപ്പോര്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദർഭക്ക് അഥർവ തൈഡെയും അമൻ മൊഖാഡെയും ചേർന്ന് മികച്ച തുടക്കം നൽകി. 80 റൺസെടുത്ത മൊഖാഡെ പുറത്തായതിന് ശേഷം, തൈഡെയും യാഷ് റാത്തോഡും ചേർന്ന് സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213ലേക്ക് ഉയർത്തി. 97 പന്തിൽ നിന്ന് 15 ബൗണ്ടറിയും മൂന്ന് സിക്സറുകളും അടക്കം തകർപ്പൻ പ്രകടനമാണ് അഥർവ തൈഡെ പുറത്തെടുത്തത്. സെഞ്ച്വറി നേടിയ തൈഡെയുടെ നേതൃത്വത്തിൽ 50 ഓവർ പൂർത്തിയാകുമ്പോൾ വിദർഭ എട്ട് വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് നേടി.
318 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്രയ്ക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. അവരുടെ പ്രധാന ബാറ്റർമാരായ ഹാർവിക് ദേശായിയും വിശ്വരാജ് സിങ് ജഡേജയും പവർപ്ലേയിൽ പുറത്തായി. പിന്നാലെ സമർ ഗജ്ജറും മടങ്ങിയതോടെ സൗരാഷ്ട്ര ബുദ്ധിമുട്ടിലായി. പ്രേരക് മങ്കാദും ചിരാഗ് ജാനിയും ശക്തമായി പൊരുതിയെങ്കിലും, അവസാനത്തിൽ സൗരാഷ്ട്ര 279 റൺസിന് ഓൾ ഔട്ടായി.
News
ട്രംപ് ചതിച്ചെന്ന് ഇറാൻ പ്രക്ഷോഭകർ; ‘ഹെൽപ് ഈസ് ഓൺ ദ വേ’ വാക്കുകൾ വിശ്വസിച്ചിറങ്ങിയവർ കുടുങ്ങി
വിലക്കയറ്റത്തിനും ദുസ്സഹമായ ജീവിത സാഹചര്യങ്ങൾക്കുമെതിരെ ഇറാനിലെ തെരുവുകളിൽ ആരംഭിച്ച പ്രതിഷേധങ്ങൾക്ക് ട്രംപിന്റെ വാക്കുകളാണ് കൂടുതൽ എരിവ് പകർന്നതെന്ന് പ്രക്ഷോഭകർ പറയുന്നു.
തെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തങ്ങളെ ചതിക്കുകയും വിഡ്ഢികളാക്കുകയും ചെയ്തതായി ഇറാനിലെ പ്രക്ഷോഭകർ ആരോപിക്കുന്നു. വിലക്കയറ്റത്തിനും ദുസ്സഹമായ ജീവിത സാഹചര്യങ്ങൾക്കുമെതിരെ ഇറാനിലെ തെരുവുകളിൽ ആരംഭിച്ച പ്രതിഷേധങ്ങൾക്ക് ട്രംപിന്റെ വാക്കുകളാണ് കൂടുതൽ എരിവ് പകർന്നതെന്ന് പ്രക്ഷോഭകർ പറയുന്നു.
ഇറാനിൽ പ്രക്ഷോഭം ആരംഭിച്ചുതന്നെ, പ്രതിഷേധക്കാരെ അനുകൂലിക്കുന്ന തരത്തിലെയും ഇറാൻ ഭരണകൂടത്തെ താഴെയിറക്കുമെന്ന സൂചന നൽകുന്നതുമായ പ്രസ്താവനകളുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ‘ഹെൽപ് ഈസ് ഓൺ ദ വേ’ എന്ന ട്രംപിന്റെ വാക്കുകൾ വിശ്വസിച്ചാണ് നിരവധി പേർ തെരുവിലിറങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം, രാജ്യത്തെ അപകടത്തിലാക്കുന്നവർക്കെതിരെ ഒരു തരത്തിലുള്ള കാരുണ്യവും കാണിക്കില്ലെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം. പ്രതിഷേധങ്ങൾക്കെതിരെ കർശന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. സൈനിക നടപടികൾക്കായി യു.എസ് സജ്ജമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ച ട്രംപ്, പിന്നീട് കടുത്ത നിലപാടിൽ നിന്ന് പതിയെ പിന്മാറിയതോടെയാണ് പ്രക്ഷോഭകർ കുടുങ്ങിയതെന്ന് ആരോപണം ഉയരുന്നത്.
ഇറാൻ ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടർന്നുണ്ടായ മരണങ്ങൾക്ക് ട്രംപിനാണ് ഉത്തരവാദിത്വമെന്ന് തെഹ്റാനിലെ ഒരു വ്യവസായി ടൈംസ് മാഗസിനോട് പറഞ്ഞു. ഇറാനെതിരെ യു.എസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന ധാരണയിലാണ് പലരും സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ‘ലോക്ക്ഡ് ആൻഡ് ലോഡഡ്’ എന്ന ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് സൈനിക ഇടപെടലിന്റെ സൂചനയായി പലരും വിലയിരുത്തിയതായും ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങൾ യു.എസ് പിന്തുണയോടെയാണെന്ന ആരോപണം ഇറാൻ ഭരണകൂടം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങൾ ആ ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകുന്നതാണെന്ന് ഇറാൻ വൃത്തങ്ങൾ പറയുന്നു.
kerala
ശബരിമല സ്വർണക്കൊള്ള സ്ഥിരീകരിച്ചു; വി.എസ്.എസ്.സി ഫോറൻസിക് പരിശോധന ഫലം പുറത്ത്
റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ പരിശോധനാ ഫലം തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.
തിരുവന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരിച്ചെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിൽ സ്വർണം കുറവായതായി വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ പരിശോധനാ ഫലം തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.
പാളികളുടെ ഭാരത്തിൽ വ്യത്യാസമുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാണ്. 1998ൽ സ്വർണം പൂശിയ മറ്റ് പാളികളുമായി നടത്തിയ ശാസ്ത്രീയ താരതമ്യത്തിലൂടെയാണ് ഈ വ്യത്യാസം കണ്ടെത്തിയത്. കട്ടിളപ്പാളിയിലും ദ്വാരപാലക ശിൽപങ്ങളിലും നിന്ന് നിശ്ചിത അളവിൽ ഭാഗങ്ങൾ മുറിച്ചെടുത്താണ് പരിശോധന നടത്തിയത്. ആകെ 15 സാമ്പിളുകളാണ് പരിശോധനയ്ക്കെടുത്തത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ ഫലം നിർണായകമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. വെള്ളിയാഴ്ചയാണ് വി.എസ്.എസ്.സി പരിശോധന റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലുള്ള സ്വർണത്തിന്റെ പഴക്കം, ശുദ്ധി തുടങ്ങിയ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ അവിടെയുള്ളത് യഥാർത്ഥ പഴയ സ്വർണമാണോ, അത് എവിടേക്ക് പോയി, പകരം വെച്ചിരിക്കുന്നത് പുതിയ സ്വർണമാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഇനി അന്വേഷണ സംഘം പ്രധാനമായി പരിശോധിക്കുക. ഇതിന് അന്താരാഷ്ട്ര തലത്തിലുള്ള പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.
സാധാരണ സ്വർണത്തേക്കാൾ, അയ്യപ്പന്റെ സന്നിധിയിൽ ഉണ്ടായിരുന്ന ഈ സ്വർണത്തിന് അതിന്റെ പഴക്കം മൂലം വലിയ മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാണാതായ യഥാർത്ഥ സ്വർണം കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണ്.
-
News1 day agoമാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് തകർപ്പൻ ജയം; സിറ്റിയെ വീഴ്ത്തി രണ്ട് ഗോൾ വിജയം
-
kerala1 day ago‘ The Rebellion’ ഒരു സമ്പൂര്‍ണ സ്കൂള്‍ സ്കിറ്റ്
-
india1 day agoവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ
-
kerala1 day agoമഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ അക്രമം; കത്തിയുമായി രോഗികളെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം
-
kerala1 day agoവീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി : വി.ഡി. സതീശന് ഈഴവ വിരോധി
-
News1 day agoഫലസ്തീന് തടവുകാരെ മോചിപ്പിക്കണം: ലണ്ടനില്‍ ‘റെഡ് റിബണ്‍സ്’ ആഗോള കാമ്പെയ്ന് ആരംഭിച്ചു
-
kerala1 day agoതനി നാടന്‍
-
india14 hours agoനോയിഡയിൽ മൂടൽമഞ്ഞ് അപകടം: കനാലിൽ കാർ വീണ് 27കാരൻ മരിച്ചു
