entertainment
ജനനായകന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല, മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം
ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.
ന്യൂഡല്‍ഹി: വിജയ് ചിത്രം ജനനായകന് സിനിമ നിര്‍മാതാക്കള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാതിരുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചിനെ സമീപിക്കാന്‍ നിര്‍മാതാക്കളോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.
പൊങ്കല്‍ അവധി കഴിഞ്ഞ് ജനുവരി 20-ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. നേരത്തേ ഒറ്റദിവസം കൊണ്ടാണ് സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്കാന് മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. സെന്‍സര്‍ ബോര്‍ഡിന്റെ (സിബിഎഫ്സി) ചെയര്മാന് നല്കിയ ഹര്‍ജി പരിഗണിക്കാതെയായിരുന്നു ഉത്തരവെന്ന കാര്യവും സുപ്രീം കോടതി നിരീക്ഷിച്ചു.
ജനനായകനെ പിന്തുണച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമം തമിഴ് സംസ്കാരത്തിനെതിരായ ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിജയിക്കാന്‍ കഴിയില്ലെന്നുമാണ് രാഹുല്‍ കുറിച്ചത്.
entertainment
കമല്‍ഹാസന്റെ ചിത്രമോ പേരോ അനധികൃതമായി ഉപയോഗിക്കരുത്; വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈകോടതി
എന്നാല്‍, കാര്‍ട്ടൂണുകളില്‍ കമല്‍ഹാസന്റെ ചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
ചെന്നൈ: കമല്‍ഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്ക് അനധികൃതമായി ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈകോടതിയുടെ വിലക്ക്. കമല്‍ഹാസന്റെ ആവശ്യപ്രകാരമാണ് ഹൈകോടതി വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, കാര്‍ട്ടൂണുകളില്‍ കമല്‍ഹാസന്റെ ചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
തന്റെ പേര്, ചിത്രം, ഉലകനായകന് എന്ന വിശേഷണം എന്നിവയെല്ലാം ഉള്‍പ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി ഷര്‍ട്ടുകളും ഷര്‍ട്ടുകളും അനുമതിയില്ലാതെ വില്‍ക്കുന്നതിനെതിരായി കമല്ഹാസന് നല്കിയ ഹരജിയിലാണ് മദ്രാസ് ഹൈകോടതിയുടെ വിധി. ഇതില്‍ തിങ്കളാഴ്ച വാദം കേട്ട ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടെ ബെഞ്ചാണ് കമല്‍ഹാസന്റെ ചിത്രമോ പേരോ അനധികൃതമായി ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഹരജിയില്‍ മറുപടി നല്കാന് ആരോപണ വിധേയമായ കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.
അനുവാദമില്ലാതെ മറ്റാരും തന്റെ ഫോട്ടോയും പേരും ഉപയോഗിക്കരുതെന്നുള്ള വിവരം തമിഴ്, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യങ്ങളായി പ്രസിദ്ധീകരിക്കാനും കമല്‍ഹാസനോട് നിര്‍ദേശിച്ചു. കേസ് വീണ്ടും ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്.
entertainment
സംസ്ഥാനത്ത് സിനിമ സംഘടനകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; തിയേറ്ററുകള്‍ ഉള്‍പ്പെടെ അടച്ചിടും
ഏറെക്കാലമായി ഉന്നയിച്ച ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഈ നടപടി
സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. ഏറെക്കാലമായി ഉന്നയിച്ച ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഈ നടപടി. പണിമുടക്കിന്റെ ഭാഗമായി തിയേറ്ററുകള്‍ അടച്ചിടുന്നതിനൊപ്പം ഷൂട്ടിങ് ഉള്‍പ്പെടെയുള്ള സിനിമ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും.
ജിഎസ്ടിക്ക് പുറമേയുള്ള വിനോദ നികുതി പിന്‍വലിക്കുക, തിയേറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക എന്നിവ ഉള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് സിനിമ സംഘടനകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്കി.
ഇതിനുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടു സിനിമ സംഘടനകള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ പലവട്ടം സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. ഇതിനിടെ സിനിമാ സംഘടനകളുമായി 14ാം തീയതി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ മറ്റ് സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
entertainment
‘ജനനായകന്’ പ്രദര്‍ശനാനുമതി; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് മദ്രാസ് ഹൈക്കോടതി ഉത്തരവ്
ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് നല്കിയ കത്ത് ഹൈക്കോടതി റദ്ദാക്കി.
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിയുടെ അവസാന സിനിമയായ ‘ജനനായകന്’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. യു/ എ സര്‍ട്ടിഫിക്കറ്റ് നല്കാന് കോടതി ഉത്തരവിട്ടു. ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് നല്കിയ കത്ത് ഹൈക്കോടതി റദ്ദാക്കി. എത്രയും വേഗം യു/എ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനും ഉത്തരവ്.
സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ക്കെതിരെ നിര്‍മാതാക്കള്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി വിധി പറയുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റിയതോടെയാണ് നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറക്കാന്‍ കഴിയാതിരുന്നത്. ജസ്റ്റിസ് പി.ടി. ആശയാണ് കേസ് പരിഗണിച്ചത്. ബോര്‍ഡിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുന്ദരേശന് ഹാജരായി.
അതേസമയം, ചിത്രത്തിന്റെ റിലീസ് മാറ്റിയത് ആരാധകരെ നിരാശരാക്കി. ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ നല്കി. എന്നാല്‍, വിജയ് ആരാധകര്‍ക്കു ഫാന്‍സ് അസോസിയേഷന് നടത്തുന്ന പ്രദര്‍ശനത്തിന് 1500 രൂപ വരെ മുടക്കി ടിക്കറ്റ് എടുത്തവരാണു വെട്ടിലായത്. സിനിമ എന്നു റിലീസായാലും ആദ്യ ഷോ കാണാന്‍ സൗകര്യമൊരുക്കാമെന്നാണ് ഫാന്‍സ് അസോസിയേഷന് ഇവരെ അറിയിച്ചിരിക്കുന്നത്.
-
Film16 hours agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala16 hours agoവീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
-
kerala15 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
-
kerala15 hours agoകാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
-
india2 days agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
News15 hours agoഫോർഡ് ട്രക്ക് പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരന് നേരെ അശ്ലീല ആംഗ്യം കാണിച്ച് ട്രംപ്; സംഭവം വിവാദമായി
-
kerala14 hours agoനാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷയ്ക്ക് വിജയത്തുടർച്ച
-
News13 hours agoരണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലൻഡ്; പരമ്പര സമനിലയിൽ
