Connect with us

india

തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നിയമങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് നിരീക്ഷണം

കടിക്കാതിരിക്കാനായി നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി ശേഷിക്കുന്നതെന്ന പരാമർശവും മൃഗസ്നേഹികളെ ലക്ഷ്യമാക്കി കോടതി നടത്തി.

Published

on

ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പൊതു സ്ഥാപനങ്ങളിൽ നിന്നു പിടികൂടുന്ന നായകളെ അതേ സ്ഥലങ്ങളിൽ വീണ്ടും തുറന്നുവിടുന്നതിലൂടെ തെരുവുനായ ശല്യം എങ്ങനെ ഇല്ലാതാക്കാനാകുമെന്ന ചോദ്യം കോടതി ഉന്നയിച്ചു. കടിക്കാതിരിക്കാനായി നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി ശേഷിക്കുന്നതെന്ന പരാമർശവും മൃഗസ്നേഹികളെ ലക്ഷ്യമാക്കി കോടതി നടത്തി.

നായ കടിയേറ്റ് മരിച്ച പത്തനംതിട്ട സ്വദേശി അഭിരാമിയുടെ അമ്മ, അക്രമകാരികളായ നായകളെ കൊന്നുകളയാൻ കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു. ആക്രമണകാരികളായ നായകളെയും പേവിഷബാധയുള്ള നായകളെയും തെരുവുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് മുൻകാല കോടതി വിധികൾ ഉണ്ടെന്നും അവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

തെരുവുനായ പ്രശ്നത്തിന്റെ അടിസ്ഥാനകാരണം നിലവിലെ നിയമങ്ങൾ ശരിയായി പാലിക്കപ്പെടാത്തതാണെന്ന് നായ സ്നേഹികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. നായ ആക്രമണം മാത്രമല്ല, നായകൾ കാരണമാകുന്ന റോഡ് അപകടങ്ങളും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. റോഡുകളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ തടയാൻ ദേശീയപാത അതോറിറ്റി വിവിധ നടപടികൾ സ്വീകരിച്ചുവരുന്നതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

വന്ധ്യംകരണം നടപ്പാക്കിയാൽ നായകളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് നായ സ്നേഹികളുടെ നിലപാട്. അനിമൽ വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശപ്രകാരം ആദ്യം ആൺനായകളെ വന്ധ്യംകരണം ചെയ്യണമെന്നതായും അമിക്കസ് ക്യൂറി വ്യക്തമാക്കി. എന്നാൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, പഞ്ചാബ് സംസ്ഥാനങ്ങൾ ഇതുവരെ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

രാജ്യത്തെ തെരുവുനായകളുടെ കൃത്യമായ എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്ക് ഇല്ലെന്നാണ് നായ സ്നേഹികളുടെ വാദം. ജനങ്ങളെ ബോധവത്കരിച്ചാൽ തെരുവുനായ ആക്രമണങ്ങൾ തടയാനാകുമെന്നും, കൃഷിയിടങ്ങൾ സംരക്ഷിക്കാൻ നായകളെ ഉപയോഗിക്കാമെന്നും അവർ കോടതിയിൽ പറഞ്ഞു. സിഎസ്‌ആർ മാതൃക രാജ്യത്ത് നടപ്പാക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി തെരുവുനായ പ്രശ്നം ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, വിഷയത്തിൽ തുടർ നടപടികൾ പരിഗണിക്കുമെന്ന് വ്യക്തമാക്കി.

india

ഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്

നമ്മുടെ പോരാട്ടം ബിജെപിക്ക് എതിരെ മാത്രമല്ല, മറിച്ച് ആര്‍എസ്എസിന് എതിരെയാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Published

on

കേന്ദ്ര സര്‍ക്കാരിനും രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ഹൈദരാബാദില്‍ എപിസിആര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് വിമര്‍ശനം. ഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേടാണെന്ന്, രാജ്യത്ത് സംഭവിക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കമാണെന്നും പ്രകാശ് രാജ് തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.

ഒരുകാലത്ത് സാധാരണക്കാരന്റെ അവസാന പ്രതീക്ഷയായിരുന്നു കോടതികളെന്ന് പ്രകാശ് രാജ് ഓര്‍മ്മിപ്പിച്ചു. ‘പൊലീസിനെ പേടിയുണ്ടായിരുന്ന കാലത്തും ‘കോടതിയില്‍ കാണാം’ എന്ന് പറയാനുള്ള ധൈര്യം ജനങ്ങള്‍ക്കുണ്ടായിരുന്നു. കാരണം കോടതി നമ്മളുടെ അവസാന പ്രതീക്ഷയായിരുന്നു. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കോടതി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലെന്ന് നമുക്ക് അറിയാമായിരുന്നു. ഭരിക്കുന്ന സര്‍ക്കാരിന്റെയോ ഒരു മതസ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലുള്ളതല്ലെന്ന് നമുക്ക് ഉറപ്പായിരുന്നു. എന്നാല്‍ ഇന്ന്, ഈ വേദിയില്‍ നിന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ കോടതികളേ, നിങ്ങളീ നാടിന് നാണക്കേടാണ്. കാരണം നിങ്ങള്‍ നീതിയോട് ഏറ്റവും വലിയ കുറ്റകൃത്യമാണ് ചെയ്യുന്നത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിംകളെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും തുടച്ചുനീക്കുക എന്നതാണ് ഭരണകൂടത്തിന്റെ അജണ്ട. ഇതിനായി ഭരണഘടനയെ അട്ടിമറിക്കാനും മനുസ്മൃതി നടപ്പിലാക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. ഉമര്‍ ഖാലിദിനെപ്പോലുള്ളവര്‍ തടവറയിലാകുന്നത് ഈ അജണ്ടയുടെ ഭാഗമാണെന്നും നമ്മുടെ പോരാട്ടം ബിജെപിക്ക് എതിരെ മാത്രമല്ല, മറിച്ച് ആര്‍എസ്എസിന് എതിരെയാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

‘ഹിറ്റ്‌ലറും മുസ്സോളിനിയും പരാജയപ്പെട്ടത് അവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയതുകൊണ്ടാണ്. എന്നാല്‍ ആര്‍എസ്എസ് അങ്ങനെയല്ല. അത് കുളത്തിനടിയിലെ രാക്ഷസനെപ്പോലെ മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കുന്ന ശക്തിയാണ്. താമര എന്ന ചിഹ്നത്തിനപ്പുറം ആ ആഴത്തിലുള്ള ശക്തിയോടാണ് നാം പോരാടേണ്ടത്, അടുത്തിടെ പ്രധാനമന്ത്രിയുടെ ഇമെയില്‍ വിലാസത്തില്‍ എനിക്ക് ഒരു കത്ത് ലഭിച്ചു. നവംബര്‍ 26ന് മിക്കയാളുകള്‍ക്കും അത് ലഭിച്ചിട്ടുണ്ടാകും. മനോഹരമായ നുണകള്‍ നിറഞ്ഞ ഒരു കത്ത്. ഈ രാജ്യത്തിന് ഒരു ഭരണഘടന ഇല്ലായിരുന്നെങ്കില്‍ താന്‍ ഇത്തരമൊരു സ്ഥാനത്ത് എത്തുമായിരുന്നില്ലെന്നും അംബേദ്കറും മഹാത്മാഗാന്ധിയുമൊക്കെ മഹാന്മാരായ മനുഷ്യരാണെന്നും കത്തില്‍ പറയുന്നു.

കത്തയച്ചതിന്റെ തലേദിവസം രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആര്‍എസ്എസ് മേധാവിയും അവിടെ ഉണ്ടായിരുന്നത് ഞാന്‍ അപ്പോഴാണ് ഓര്‍ത്തത്. വോട്ടു ചെയ്തില്ലെങ്കിലും എന്റെ പ്രധാനമന്ത്രിയെ ബഹുമാനിക്കണമെന്നതിനാല്‍ ഞാന്‍ ആ ദൃശ്യം നോക്കിയിരുന്നു. ആ പതാകയോട്, ഹിന്ദുത്വ എന്ന ആശയത്തോട് അദ്ദേഹത്തിന് എത്ര ബഹുമാനമാണുള്ളത്. ഈ വ്യക്തിക്ക് ദേശീയ പതാകയോട് അത്രയും ബഹുമാനമുണ്ടോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അവരുടെ അജണ്ട വളരെ വ്യക്തമാണ്, അത് വംശഹത്യയാണ്. ഉമറും ഞാനും നിങ്ങളുമടക്കമുള്ളവര്‍ രണ്ടാം തരം പൗരന്മാരാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച് ബോധമുള്ളവരാകാനും ജാഗ്രത പാലിക്കാനുമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്’ ആര്‍എസ്എസിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പ്രകാശ് രാജ് പറഞ്ഞു.

ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളെ പരാമര്‍ശിച്ച അദ്ദേഹം, കുറ്റവാളികള്‍ക്ക് മാലയിട്ട് സ്വീകരണം നല്‍കുന്ന സാഹചര്യത്തെയും വിമര്‍ശിച്ചു. ഭരണകൂടം നൂറുതവണ നുണ പറയുകയാണെങ്കില്‍ നമ്മള്‍ ആയിരം തവണ സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കണം. ഭയപ്പെടാതെ ശബ്ദമുയര്‍ത്തുക മാത്രമാണ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഏക പോംവഴിയെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

 

Continue Reading

india

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിക്കുന്നത് നീതിരഹിതം; മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഉടൻ ജാമ്യം അനുവദിക്കണമെന്നും, സുതാര്യവും വേഗത്തിലുള്ളതുമായ വിചാരണ ഉറപ്പാക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

Published

on

ന്യൂഡൽഹി: ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിക്കുന്നത് അങ്ങേയറ്റം അനീതിയും ക്രൂരവുമാണെന്നും, ഇത് ജനാധിപത്യപരമായ വിയോജിപ്പുകളുടെ നിലനിൽപ്പിന് തന്നെ വലിയ ആഘാതമാണെന്നും വിമർശിച്ച് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള (CAA) പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ചില പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത് സ്വാഗതാർഹമാണെങ്കിലും, ഈ രണ്ട് യുവാക്കളെ മാത്രം കടുപ്പമേറിയ നിയമങ്ങൾ ചുമത്തി തടവിൽ തുടരുന്നത് നീതിന്യായ വ്യവസ്ഥയിലെ വിവേചനത്തെയാണ് തുറന്നുകാട്ടുന്നത്.
സമാധാനപരവും ഭരണഘടനാപരവുമായ ഒരു മുന്നേറ്റത്തിൽ പങ്കുചേർന്നതിന്റെ പേരിൽ വിചാരണയ്ക്ക് മുൻപുള്ള ദീർഘകാല തടവ്, നിയമപരമായ നടപടിക്രമങ്ങളെ തന്നെ ഒരു ശിക്ഷയായി മാറ്റുകയാണ് ചെയ്യുന്നത്. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഉടൻ ജാമ്യം അനുവദിക്കണമെന്നും, സുതാര്യവും വേഗത്തിലുള്ളതുമായ വിചാരണ ഉറപ്പാക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

Continue Reading

india

ഡല്‍ഹി കലാപ കേസ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചു

ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍, ശദാബ് അഹ്‌മദ് എന്നിവര്‍ക്കുള്‍പ്പെടെ നിരവധി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

Published

on

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി ഉത്തരവ്. അതേസമയം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍, ശദാബ് അഹ്‌മദ് എന്നിവര്‍ക്കുള്‍പ്പെടെ നിരവധി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, അഞ്ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. വിചാരണ വൈകുന്നതു മാത്രം ജാമ്യം അനുവദിക്കുന്നതിനുള്ള കാരണമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു വര്‍ഷത്തിന് ശേഷം ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ 2020 സെപ്റ്റംബര്‍ മുതല്‍ ഉമര്‍ ഖാലിദ് ജയിലിലാണ്. ഇതിനിടെ, സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ 11ന് ഡല്‍ഹിയിലെ കര്‍ക്കദൂമ കോടതി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ കര്‍ശന ഉപാധികളോടെയായിരുന്നു അന്നത്തെ ജാമ്യാനുമതി.

 

Continue Reading

Trending