kerala

മഡൂറോയെ പിടികൂടാനുള്ള ശ്രമം: രക്ഷപ്പെടാൻ ശ്രമത്തിനിടെ പ്രസിഡന്റ്‌ നിക്കോളാസ് മഡൂറോയ്ക്കും ഭാര്യക്കും പരുക്ക്

By sreenitha

January 07, 2026

അമേരിക്കൻ സൈന്യം അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കവേ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും ഭാര്യ സീലിയ ഫ്‌ളോറസിനും തലയ്ക്ക് പരുക്കേറ്റതായി അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കോടതിയിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.

മുറിക്കുള്ളിലെ ഉരുക്ക് കവാടത്തിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുവരുടെയും തല കവാടത്തിലിടിക്കുകയായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. കവാടത്തിന്റെ ഉയരക്കുറവാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥർ വാദിച്ചു.

കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മഡൂറോയ്ക്കും സീലിയ ഫ്‌ളോറസിനും പരുക്കുകളുള്ളതായി വ്യക്തമായത്. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ കോടതിക്ക് മുമ്പാകെ വിശദീകരണം നൽകിയത്. സീലിയ ഫ്‌ളോറസിന്റെ വാരിയെല്ലിന് ഒടിവോ ഗുരുതരമായ ചതവോ ഉണ്ടായിട്ടുണ്ടാകാമെന്ന സംശയവും അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തലയിൽ ബാൻഡേജുകളോടെയാണ് സീലിയ കോടതി മുറിയിൽ ഇരുന്നത്. മഡൂറോയ്ക്കും പരുക്കേറ്റിട്ടുണ്ടെങ്കിലും അവ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.

മഡൂറോയെ പിടികൂടാനുള്ള അമേരിക്കൻ സൈന്യത്തിന്റെ ശ്രമത്തിനിടെ 32 ക്യൂബൻ സൈനികരും 23 വെനസ്വേലൻ സൈനികരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. വെനസ്വേലൻ തലസ്ഥാനമായ കാരക്കാസ്, മിറാണ്ട, അര്വാഗ, ലാ ഗ്വെയ്‌റ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു അമേരിക്കൻ സൈന്യത്തിന്റെ ആക്രമണം.

മറ്റൊരു രാജ്യത്തിന്റെ പരമാധികാരം ലംഘിച്ച നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി ലോക രാഷ്ട്രങ്ങൾ അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഈ നീക്കത്തിൽ ഐക്യരാഷ്ട്രസഭയും ലിയോ മാർപ്പാപ്പയും ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹം കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.