Connect with us

india

മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി; ശമ്പളത്തില്‍ നിന്ന് 10% പിടിച്ചെടുക്കാന്‍ തെലങ്കാന സര്‍ക്കാര്‍

പ്രായമായ മാതാപിതാക്കള്‍ മക്കള്‍ക്കെതിരെ നല്‍കുന്ന പരാതികള്‍ ഗൗരവമായി പരിഗണിക്കുമെന്നും, ശമ്പളത്തില്‍ നിന്നുള്ള വിഹിതം മാതാപിതാക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

ഹൈദരാബാദ്: മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 ശതമാനം പിടിച്ചെടുത്തു അത് നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്ന നിയമം കൊണ്ടുവരാന്‍ തെലങ്കാന സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി. പ്രായമായ മാതാപിതാക്കള്‍ മക്കള്‍ക്കെതിരെ നല്‍കുന്ന പരാതികള്‍ ഗൗരവമായി പരിഗണിക്കുമെന്നും, ശമ്പളത്തില്‍ നിന്നുള്ള വിഹിതം മാതാപിതാക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി മോട്ടോറൈസ്ഡ് വാഹനങ്ങള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈസൈക്കിളുകള്‍, ബാറ്ററി വീല്‍ചെയറുകള്‍, ലാപ്ടോപ്പുകള്‍, ശ്രവണസഹായികള്‍, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള നൂതന ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ പദ്ധതിക്കായി സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.

മുതിര്‍ന്ന പൗരന്മാര്‍ക്കായി ‘പ്രാണം’ എന്ന പേരില്‍ ഡേകെയര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും, 202627 ബജറ്റ് നിര്‍ദേശങ്ങളുടെ ഭാഗമായി പുതിയ ആരോഗ്യസംരക്ഷണ നയം അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത തെരഞ്ഞെടുപ്പില്‍ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ കോ-ഓപ്ഷന്‍ അംഗങ്ങളായി നാമനിര്‍ദേശം ചെയ്യുമെന്നും, ഇതിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അവസരം ലഭിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഇതിനകം നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും, വിദ്യാഭ്യാസത്തിലും തൊഴിലിലും പ്രത്യേക ക്വാട്ട അനുവദിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാരായ നവദമ്പതികള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

മുന്‍ കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയെ അനുസ്മരിച്ച മുഖ്യമന്ത്രി, വൈകല്യം നേരിട്ടിട്ടും അദ്ദേഹം വലിയ ഉയരങ്ങളിലെത്തിയതായും സാമൂഹിക നീതിക്കും തുല്യാവസരങ്ങള്‍ക്കുമുള്ള പ്രതിബദ്ധതയാണ് തന്റെ സര്‍ക്കാരിന്റെ നയമെന്നും പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ജാതി സെന്‍സസ് നടത്തിയതായും, തെലങ്കാനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദേശീയ സെന്‍സസിന്റെ ഭാഗമായി ജാതി സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതായും രേവന്ത് റെഡ്ഡി വ്യക്തമാക്കി. തെലങ്കാന മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും, പട്ടികജാതിക്കാര്‍ക്ക് തുല്യ അവസരങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; കേരളത്തിന് ഒന്നുമില്ല

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിന് ഏഴും തമിഴ്‌നാടിന് മൂന്നും അസമിന് രണ്ടും സർവീസുകളാണ് അനുവദിച്ചത്.

Published

on

ന്യൂഡൽഹി: രാജ്യത്ത് ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിന് ഏഴും തമിഴ്‌നാടിന് മൂന്നും അസമിന് രണ്ടും സർവീസുകളാണ് അനുവദിച്ചത്. എന്നാൽ കേരളത്തിന് ഒരു സർവീസും അനുവദിച്ചിട്ടില്ല.

ബംഗാളിൽ നിന്ന് ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കുള്ള റൂട്ടുകളിലാണ് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിൽ ബംഗാളിനാണ് റെയിൽവേ മുൻഗണന നൽകിയതെന്ന വിമർശനവും ഉയരുന്നുണ്ട്.

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ദീർഘദൂര സർവീസ് നടത്തുന്ന ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്. 800 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ ട്രെയിനുകളുടെ പ്രത്യേകത.

Continue Reading

india

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്‍.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു

ഡല്‍ഹി കേശവ് കുഞ്ചിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിലെത്തിയ സംഘം ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെയുമായി ഏകദേശം ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തി.

Published

on

ന്യൂഡല്‍ഹി: ബി.ജെ.പിയ്ക്ക് പിന്നാലെ ആര്‍.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.സി) പ്രതിനിധി സംഘം. ഡല്‍ഹി കേശവ് കുഞ്ചിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിലെത്തിയ സംഘം ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെയുമായി ഏകദേശം ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തി.

സണ്‍ ഹൈയാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിങ്കളാഴ്ച ബി.ജെ.പി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസ് സന്ദര്‍ശനം.

സംഭവത്തെ തുടര്‍ന്ന് ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ‘സൗമ്യമായ കീഴടങ്ങല്‍’ എന്നാണ് ബി.ജെ.പിയുടെ നിലപാടിനെ കോണ്‍ഗ്രസ് പരിഹസിച്ചത്. ചൈനീസ് പ്രതിനിധികളുമായി കോണ്‍ഗ്രസ് കൂടിക്കാഴ്ച നടത്തുമ്പോള്‍ ചോദ്യം ചെയ്യുന്ന പതിവ് ബി.ജെ.പിക്കുണ്ടെന്നും, എന്നാല്‍ ഇപ്പോഴത്തെ സ്വന്തം കൂടിക്കാഴ്ചകളില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.

ചൈനയുമായുള്ള ഇടപാടുകളില്‍ ബി.ജെ.പി കാപട്യം കാണിക്കുകയാണെന്നും, അതിര്‍ത്തി ലംഘനങ്ങള്‍ പോലുള്ള ഗൗരവ വിഷയങ്ങള്‍ ഈ കൂടിക്കാഴ്ചകളില്‍ ചര്‍ച്ച ചെയ്തുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ചൈനയോടുള്ള നയത്തില്‍ സര്‍ക്കാര്‍ പൂര്‍ണ സുതാര്യതയും ഉത്തരവാദിത്തവും പുലര്‍ത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇന്ത്യചൈന ബന്ധങ്ങളില്‍ നിലനിന്നിരുന്ന അസ്വാരസ്യം മാറുന്നതിന്റെ സൂചനയായാണ് ഈ ഉയര്‍ന്നതലത്തിലുള്ള പാര്‍ട്ടിതല കൂടിക്കാഴ്ചകളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2024 ഒക്ടോബറില്‍ റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കിഴക്കന്‍ ലഡാക്കില്‍ സൈനിക പിന്മാറ്റവും നയതന്ത്ര ചര്‍ച്ചകളും പുനരാരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സന്ദര്‍ശനം.

Continue Reading

india

ജാര്‍ഖണ്ഡില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ മതം ചോദിച്ച് ആക്രമിച്ച കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

മംഗളൂരു താലൂക്കിലെ കുളൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന രതീഷ് ദാസ് എന്ന ലാലു (32), ധനുഷ് (24), സാഗര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

Published

on

മംഗളൂരു: ജാര്‍ഖണ്ഡില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ മതം ചോദിച്ചറിഞ്ഞ ശേഷം ബംഗ്ലാദേശി പൗരനാണെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേരെ മംഗളൂരു കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു താലൂക്കിലെ കുളൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന രതീഷ് ദാസ് എന്ന ലാലു (32), ധനുഷ് (24), സാഗര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച വൈകിട്ട് 6.05 ഓടെ, കഴിഞ്ഞ 15 വര്‍ഷമായി കര്‍ണാടകയില്‍ ജോലി ചെയ്യുന്ന ദില്‍ജന്‍ അന്‍സാരിയെ നാല് പേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിച്ചു. പേര് പറഞ്ഞതോടെ ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് അസഭ്യം പറയുകയും ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തലപൊട്ടി രക്തസ്രാവമുണ്ടായിരുന്നിട്ടും അക്രമം തുടരുന്നതിനിടെ സമീപവാസിയായ ഒരു സ്ത്രീ ഇടപെട്ട് യുവാവിനെ രക്ഷപ്പെടുത്തി.

ഭീഷണിയും ഭയവും കാരണം ദില്‍ജന്‍ അന്‍സാരി ഉടന്‍ പരാതി നല്‍കിയിരുന്നില്ല. പിന്നീട് പ്രാദേശിക പൊതുപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 03/2026 ആയി കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിത, 2023 ലെ സെക്ഷന്‍ 126(2), 352, 351(3), 353, 109, 118(1), 3(5) എന്നിവ പ്രകാരമാണ് കേസ്.

 

Continue Reading

Trending