Connect with us

News

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താത്കാലിക പരിശീലകനായി മൈക്കിൾ കാരിക്ക്; ഇന്ന് കരാർ ഒപ്പ് വെക്കും

യുണൈറ്റഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ ക്യാരിങ്ടണിൽ എത്തുന്ന ഇംഗ്ലീഷ് പരിശീലകൻ ഔദ്യോഗിക കരാറിൽ ഒപ്പ് വെക്കുമെന്നാണ് റിപ്പോർട്ടുകൾ.

Published

on

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ താത്കാലിക പരിശീലകനായി മുൻ താരം മൈക്കിൾ കാരിക്ക് ചുമതലയേൽക്കാൻ ഒരുങ്ങുന്നു. ഇന്ന് തന്നെ യുണൈറ്റഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ ക്യാരിങ്ടണിൽ എത്തുന്ന ഇംഗ്ലീഷ് പരിശീലകൻ ഔദ്യോഗിക കരാറിൽ ഒപ്പ് വെക്കുമെന്നാണ് റിപ്പോർട്ടുകൾ.

2025 ജൂൺ വരെ ചാംപ്യൻഷിപ് ക്ലബ് മിഡിൽസ്‌ബറോയുടെ പരിശീലകനായിരുന്ന കാരിക്ക്, നിലവിലെ സീസൺ അവസാനിക്കുന്നത് വരെ യുണൈറ്റഡിനെ നയിക്കുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച പരിശീലക സ്ഥാനത്ത് നിന്ന് റൂബൻ അമോറിമിനെ പുറത്താക്കിയതോടെയാണ് താത്കാലിക പരിശീലകനെ തേടി യുണൈറ്റഡ് നീക്കം ശക്തമാക്കിയത്. മുൻ താരം ഒലെ ഗണ്ണാർ സോൾഷെയറിനൊപ്പം മൈക്കിൾ കാരിക്കും പട്ടികയിലുണ്ടായിരുന്നു.

2006 മുതൽ 2018 വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയണിഞ്ഞ കാരിക്ക് വിരമിച്ചതിന് ശേഷം ഹോസെ മൗറീന്യോയുടെ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമായി പ്രവർത്തിച്ചു. മൗറീന്യോ പുറത്തായതിന് പിന്നാലെ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹം ചുമതലയേറ്റിരുന്നു. തുടർന്ന് ഒലെ ഗണ്ണാർ സോൾഷെയറിന്റെ കോച്ചിങ് സംഘത്തിലും അംഗമായി. 2021 നവംബറിൽ സോൾഷെയർ പുറത്തായപ്പോൾ വീണ്ടും താത്കാലിക പരിശീലകനായി കാരിക്ക് ചുമതലയേറ്റെങ്കിലും ഡിസംബറിൽ റാൽഫ് റാങ്നിക് എത്തിയതോടെ സ്ഥാനമൊഴിഞ്ഞു.

2022 ഒക്ടോബറിലാണ് കാരിക്ക് മിഡിൽസ്‌ബറോയുടെ പരിശീലകനായത്. മൂന്ന് വർഷത്തെ സേവനത്തിന് ശേഷം വീണ്ടും ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങുന്ന കാരിക്കിന് മുന്നിലെ ആദ്യ വെല്ലുവിളികൾ കടുപ്പമുള്ളവയാണ്. ആദ്യ മത്സരം ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും രണ്ടാമത്തെ മത്സരം ലീഗ് പട്ടികയിൽ ഒന്നാമതുള്ള ആഴ്‌സനലിനെതിരെയും ആയിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ശമ്പളവും തൊഴില്‍ സുരക്ഷയും ആവശ്യപ്പെട്ട് ആയിരക്കണക്കിന് നഴ്സുമാര്‍ തെരുവില്‍; പിന്തുണയോടെ മേയര്‍ സൊഹ്‌റാന്‍ മംദാനി

നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളായ മൗണ്ട് സിനായ്, മോണ്ടെഫിയോര്‍, ന്യൂയോര്‍ക്ക്‌പ്രെസ്ബിറ്റീരിയന്‍ ആശുപത്രികളിലെ നഴ്സുമാരാണ് സമരത്തില്‍ അണിനിരന്നത്.

Published

on

ന്യൂയോര്‍ക്ക്: ശമ്പളവര്‍ധനയും തൊഴില്‍ സുരക്ഷയും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ ആയിരക്കണക്കിന് നഴ്സുമാര്‍ പണിമുടക്കി തെരുവിലിറങ്ങി. നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളായ മൗണ്ട് സിനായ്, മോണ്ടെഫിയോര്‍, ന്യൂയോര്‍ക്ക്‌പ്രെസ്ബിറ്റീരിയന്‍ ആശുപത്രികളിലെ നഴ്സുമാരാണ് സമരത്തില്‍ അണിനിരന്നത്. മാസങ്ങളായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് നഗരചരിത്രത്തിലെ ഏറ്റവും വലിയ നഴ്സുമാരുടെ പണിമുടക്കിലേക്ക് നീങ്ങിയത്.

പുതിയ മേയര്‍ സൊഹ്‌റാന്‍ മംദാനിയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലിയില്‍ പങ്കെടുത്തു. ഏകദേശം 15,000 നഴ്സുമാര്‍ അണിനിരന്ന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു. ന്യൂയോര്‍ക്ക്‌പ്രെസ്ബിറ്റീരിയന്‍ ആശുപത്രിക്ക് മുന്നില്‍ ചുവന്ന യൂനിയന്‍ സ്‌കാര്‍ഫ് ധരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ”നഗരത്തിന്റെ ഏറ്റവും ഇരുണ്ട സമയങ്ങളില്‍ പോലും ജോലിക്കെത്തുന്നവരാണ് നഴ്സുമാര്‍. അവരുടെ സേവനത്തിന്റെ മൂല്യം ചര്‍ച്ച ചെയ്ത് അളക്കാനാവുന്നതല്ല,” എന്നും മംദാനി പറഞ്ഞു. ഇത് വെറുമൊരു തൊഴില്‍ സമരമല്ല, നഗരത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാകണം എന്ന ചോദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ അതിസമ്പന്നമായ സ്വകാര്യ ആശുപത്രികള്‍ സാമ്പത്തിക പ്രതിസന്ധിയിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മംദാനിയുടെ പ്രസംഗം തൊഴിലാളികള്‍ കരഘോഷങ്ങളോടെ സ്വാഗതം ചെയ്തു.

സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യം, തുച്ഛമായ വേതനം, ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളുടെ കുറവ്, നിയന്ത്രിക്കാനാവാത്ത ജോലിഭാരം എന്നിവയാണ് സമരത്തിന് കാരണമായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് നഴ്സസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്. നഗരത്തിലെ ഏറ്റവും സമ്പന്നമായ ആശുപത്രികളിലെ മാനേജ്മെന്റുകള്‍ നഴ്സുമാരുടെ ആരോഗ്യ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയോ വന്‍തോതില്‍ വെട്ടിക്കുറക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും അസോസിയേഷന്‍ ആരോപിച്ചു.

ഈ ആശുപത്രികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ദശലക്ഷക്കണക്കിന് ഡോളര്‍ ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന വേതനം അത്യന്തം കുറവാണെന്നും, സുരക്ഷിത സ്റ്റാഫ് മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ ആശുപത്രി ഭരണകൂടങ്ങള്‍ ശ്രമിക്കുന്നുവെന്നും യൂനിയന്‍ വ്യക്തമാക്കി.

Continue Reading

News

ഗസ്സയിൽ കൊടുങ്കാറ്റും അതിശൈത്യവും: എട്ട് മരണം

ശക്തമായ കാറ്റിൽ കെട്ടിടങ്ങൾ തകർന്ന് വീണതും കടുത്ത തണുപ്പും മൂലം എട്ട് ഫലസ്തീനികൾ മരിച്ചു.

Published

on

ഗസ്സ സിറ്റി: വംശഹത്യയിൽ തകർന്നടിഞ്ഞ ഗസ്സയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാക്കി കൊടുങ്കാറ്റും അതിശൈത്യവും. ശക്തമായ കാറ്റിൽ കെട്ടിടങ്ങൾ തകർന്ന് വീണതും കടുത്ത തണുപ്പും മൂലം എട്ട് ഫലസ്തീനികൾ മരിച്ചു. അതിശൈത്യം കാരണം നാല് പേർ മരിച്ചതായി ഗസ്സയിലെ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

മരിച്ചവരിൽ ഒരാൾ ഒരു വയസ്സുള്ള കുട്ടിയാണെന്ന് റിപ്പോർട്ടുണ്ട്. കുട്ടിയെ സുരക്ഷിതമാക്കാൻ ടെന്റിലേക്ക് മാറ്റുന്നതിനുമുമ്പേ ജീവൻ നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഗസ്സ സിറ്റിയിൽ ഒരു കെട്ടിടം തകർന്നതിനെ തുടർന്ന് 15 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നഗരത്തിലെ മറ്റൊരു കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ നാലാമത്തെയാളും മരിച്ചു.

അവസാനം ആഞ്ഞടിച്ച കൊടുങ്കാറ്റ് കടുത്ത തണുപ്പാണ് കൊണ്ടുവന്നത്. ദുർബലമായ ടെന്റുകളും താൽക്കാലിക കൂടാരങ്ങളും കെട്ടിയുണ്ടാക്കിയ അഭയകേന്ദ്രങ്ങളിൽ കഴിയുന്ന പതിനായിരക്കണക്കിന് ആളുകളുടെ ദുരിതം ഇതോടെ ഇരട്ടിയായി. ഇസ്രഈല്‍ ആക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ശക്തമായ കാറ്റിൽ തകർന്നുവീണു.

ഗസ്സയിലെ ജനങ്ങൾക്ക് കൊടുങ്കാറ്റ് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ മുന്നറിയിപ്പ് നൽകി. ഒക്ടോബർ 10ന് ആരംഭിച്ച വെടിനിർത്തൽ ലംഘിച്ച് ഗസ്സ മുനമ്പിലേക്ക് പ്രവേശിക്കുന്ന അവശ്യ മാനുഷിക സഹായവും അഭയകേന്ദ്രങ്ങളിലേക്കുള്ള പ്രധാന സാധനങ്ങളും ഇസ്രഈല്‍
തുടർന്നും തടയുന്നതായാണ് റിപ്പോർട്ട്. യുദ്ധവും ചരക്കുകളുടെ തുടർച്ചയായ നിയന്ത്രണങ്ങളും കാരണം ഭൂരിഭാഗം ജനങ്ങളും മതിയായ പാർപ്പിടമില്ലാതെ കഴിയുകയാണ്.

ഗസ്സയ്ക്ക് ആശ്വാസം നൽകുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത് ഖേദകരമാണെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. വർധിച്ചുവരുന്ന മരണസംഖ്യയും രോഗവ്യാപനവും പ്രദേശം അത്യന്തം ഭീകരമായ വംശഹത്യയാണ് അനുഭവിക്കുന്നതെന്ന് വ്യക്തമാക്കുന്നതായും ഹമാസ് ചൂണ്ടിക്കാട്ടി.

Continue Reading

Health

40-ാം വയസ്സിലും ഫിറ്റ്നസ് അത്ഭുതമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; സൗന ബാത്ത് ചിത്രം വൈറൽ

അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ പുതിയ ചിത്രം വൈറലായതോടെ താരത്തിന്റെ ഫിറ്റ്നസ് ലോകമെങ്ങും ചർച്ചയാവുകയാണ്.

Published

on

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ 40-ാം വയസ്സിലും അവിശ്വസനീയമായ കായികക്ഷമത നിലനിർത്തി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ പുതിയ ചിത്രം വൈറലായതോടെ താരത്തിന്റെ ഫിറ്റ്നസ് ലോകമെങ്ങും ചർച്ചയാവുകയാണ്.

സൗന ബാത്തിന് ശേഷമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് റൊണാൾഡോ വീണ്ടും ശ്രദ്ധാകേന്ദ്രമായത്. കൈകളിലെയും വയറിലെയും കാലുകളിലെയും പേശികൾ വ്യക്തമായി തെളിഞ്ഞുനിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. വളരെയധികം ചൂടുള്ള ചെറിയ മുറിയിൽ കുറച്ചുനേരം ചിലവഴിക്കുന്ന രീതിയാണ് സൗന ബാത്ത്. സാധാരണയായി തടി കൊണ്ട് നിർമിച്ച മുറികളിൽ വരണ്ട ചൂടോ നീരാവിയോ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.

റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയുടെ ബോഡി ഫാറ്റ് ഏഴ് ശതമാനത്തിൽ താഴെയാണ്. സാധാരണയായി പ്രായം കൂടുന്തോറും അത്ലറ്റുകൾക്ക് പോലും പേശികളുടെ ബലം കുറയാറുണ്ടെങ്കിലും, റൊണാൾഡോയുടെ കാര്യത്തിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്നതാണ് ആരാധകരുടെ വിലയിരുത്തൽ.

ഫിറ്റ്നസ് വിദഗ്ധയായ ഗരിമ ഗോയലിന്റെ അഭിപ്രായത്തിൽ കഠിനമായ സ്ട്രെങ്ത് ട്രെയിനിങ്ങിനൊപ്പം ഓട്ടം പോലുള്ള എൻഡുറൻസ് പരിശീലനവും മൊബിലിറ്റി വ്യായാമങ്ങളും റൊണാൾഡോ ഒരേപോലെ തുടരുന്നു. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങൾക്കും പ്രകൃതിദത്ത ഭക്ഷണപദാർത്ഥങ്ങൾക്കുമാണ് അദ്ദേഹം മുൻഗണന നൽകുന്നത്. ഭക്ഷണത്തിലും ജീവിതശൈലിയിലും യാതൊരു വിട്ടുവീഴ്ചക്കും താരം തയ്യാറല്ല.

ഒരു ദിവസം ആറ് തവണയായി ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. ചിക്കൻ, മത്സ്യം—പ്രത്യേകിച്ച് വാളമീനും കോഡ് ഫിഷും—പേശികളുടെ ബലത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുന്നു. മധുരപലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. മദ്യപിക്കില്ല എന്നതും ആരോഗ്യത്തിന്റെ പ്രധാന രഹസ്യമാണ്. വെള്ളമാണ് ദാഹശമനത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. മൈദയും സംസ്കരിച്ച ഭക്ഷണങ്ങളും അദ്ദേഹം കഴിക്കാറില്ല.

ജിമ്മിലെ വ്യായാമങ്ങൾക്കൊപ്പം ഓട്ടവും നീന്തലും റൊണാൾഡോയുടെ ദിനചര്യയിലെ ഭാഗമാണ്. ഇത് ഹൃദയാരോഗ്യവും സ്റ്റാമിനയും വർധിപ്പിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ കഠിനമായ വ്യായാമങ്ങൾ ചെയ്ത് കൊഴുപ്പ് കുറക്കുന്ന പരിശീലനരീതികളും താരം പിന്തുടരുന്നു. പേശികളുടെ വീക്കം കുറക്കാനും വേഗത്തിൽ റിക്കവർ ചെയ്യാനും ഐസ് ബാത്തും പതിവാണ്.

ഉറക്കത്തിലും വ്യത്യസ്തമായ സമീപനമാണ് റൊണാൾഡോ സ്വീകരിക്കുന്നത്. ഒറ്റയടിക്ക് എട്ട് മണിക്കൂർ ഉറങ്ങുന്നതിന് പകരം, ദിവസം മുഴുവനായി അഞ്ച് തവണയായി 90 മിനിറ്റ് വീതമുള്ള ലഘുനിദ്രകളാണ് അദ്ദേഹം പ്രധാനമായും സ്വീകരിക്കുന്നത്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതും മാനസിക ശാന്തത നിലനിർത്തുന്നതും കായികക്ഷമതയുടെ ഭാഗമാണെന്ന് താരം വിശ്വസിക്കുന്നു.

40-ാം വയസ്സിലും യുവതാരങ്ങളെ വെല്ലുന്ന ഫിറ്റ്നസുമായി റൊണാൾഡോ വീണ്ടും തെളിയിക്കുന്നത്, അച്ചടക്കമുള്ള ജീവിതശൈലിയും കഠിനാധ്വാനവും ചേർന്നാൽ പ്രായം ഒരു തടസ്സമല്ലെന്ന സത്യമാണ്.

Continue Reading

Trending