Connect with us

News

ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ഭീകരരുടെ വെടിവെപ്പ്; വനമേഖലയില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു

സംഭവത്തിന് പിന്നാലെ കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്.

Published

on

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ബില്ലാവര്‍ പ്രദേശത്തെ നാട്ട് വനമേഖലയില്‍ നിന്നാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിന് പിന്നാലെ കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ഭീകരര്‍ക്കായി സുരക്ഷാ സേന വ്യാപക തെരച്ചില്‍ തുടരുകയാണ്. പാകിസ്ഥാനില്‍ ആസ്ഥാനമുള്ള ജെയ്ഷെ മുഹമ്മദ് സംഘടനയിലെ പ്രവര്‍ത്തകരാണ് വെടിവെപ്പിന് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കഹോഗ് വനമേഖലയിലെ കാമദ് നല്ലയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തുനിന്നാണ് ഭീകരര്‍ സൈന്യത്തെ ലക്ഷ്യമിട്ട് വെടിയുതിര്‍ത്തത്. ഭീകരരെന്ന് സംശയിക്കുന്നവര്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചതിന് ശേഷം ഏതാനും വെടിയുതിര്‍ത്തതായും സൈന്യം ഉടന്‍ തിരിച്ചടിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. കത്വ ജില്ലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച സുരക്ഷാ സേന തിരച്ചില്‍ നടത്തിയിരുന്നു.

പ്രദേശത്ത് രണ്ടോ മൂന്നോ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതിനു മുന്‍പും കത്വ ജില്ലയിലെ കാമദ് നല്ല മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കഴിഞ്ഞ ആഴ്ച മൂന്ന് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു അന്നത്തെ വെടിവെപ്പ്.

 

News

ഷാക്സ്ഗാം താഴ്വരക്ക് മേലുള്ള അവകാശവാദം വീണ്ടും ഉന്നയിച്ച് ചൈന; അംഗീകരിക്കില്ലെന്ന് ഇന്ത്യ

പ്രദേശം ഇന്ത്യയുടേതാണെന്നും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു.

Published

on

ദില്ലി: അതിര്‍ത്തിയില്‍ വീണ്ടും അസ്വസ്ഥതയ്ക്ക് വഴിവെച്ച് ചൈന. ഷാക്‌സ്ഗാം താഴ്‌വരക്ക് മേലുള്ള അവകാശവാദം വീണ്ടും ഉന്നയിച്ചു. പ്രദേശത്തെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ അനിവാര്യമാണെന്നും ചൈന വ്യക്തമാക്കി. ഷാക്സ്ഗാം താഴ്വരയിലെ ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ വിമര്‍ശിച്ചിരുന്നു. പ്രദേശം ഇന്ത്യയുടേതാണെന്നും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു. 1963-ല്‍ പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരുന്ന ഷാക്സ്ഗാം താഴ്വരയിലെ 5,180 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം ചൈനയ്ക്ക് നിയമവിരുദ്ധമായി വിട്ടുകൊടുക്കുകയായിരുന്നു.

ഷാക്‌സ്ഗാം താഴ്വര ഇന്ത്യയുടെ പ്രദേശമാണ്. 1963-ല്‍ ഒപ്പുവച്ച ചൈന-പാകിസ്ഥാന്‍ ‘അതിര്‍ത്തി കരാര്‍’ എന്ന് വിളിക്കപ്പെടുന്നതിനെ ഞങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. കരാര്‍ നിയമവിരുദ്ധവും അസാധുവുമാണെന്ന് ഇന്ത്യ നിരന്തരം വാദിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശത്തിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെയും അംഗീകരിക്കുന്നില്ലെന്ന് ഇന്ത്യ അറിയിച്ചു.

Continue Reading

News

‘ലോക നിലവാരത്തിലുള്ള പ്രകടനം’; മലയാള ചിത്രം എക്കോയെ പ്രശംസിച്ച് ധനുഷ്

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന എക്കോ, മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമാനുഭവം നല്‍കുന്ന ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്.

Published

on

മലയാള സിനിമയായ എക്കോയെ പ്രശംസിച്ച് തമിഴ് സൂപ്പര്‍താരം ധനുഷ്. ഒടിടിയില്‍ ചിത്രം കണ്ട ശേഷമാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. ‘ചിത്രം ഒരു മാസ്റ്റര്‍പീസ് ആണ്. നടി ബിയാന മോമിന്‍ അഭിനയത്തിനുള്ള എല്ലാ വലിയ അംഗീകാരങ്ങളും അര്‍ഹിക്കുന്നു. ലോക നിലവാരത്തിലുള്ള പ്രകടനം’ എന്നായിരുന്നു ധനുഷിന്റെ വാക്കുകള്‍. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നെറ്റ്ഫ്‌ളിക്‌സിലൂടെ ഡിസംബര്‍ 31നാണ് എക്കോയുടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. റിലീസിന് പിന്നാലെ തന്നെ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. 2024 നവംബര്‍ 21ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനം മുതല്‍ തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടി. വലിയ പ്രീറിലീസ് ബഹളങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ എത്തിയ ചിത്രം, പ്രേക്ഷകപ്രീതി നേടിയതോടെ തിയറ്ററുകളിലേക്ക് ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു.
ചെറിയ ബജറ്റില്‍ ഒരുക്കിയ എക്കോ തിയറ്റര്‍ റിലീസില്‍ 50 കോടിയിലധികം രൂപയുടെ കളക്ഷന്‍ നേടിയിരുന്നു. ഒടിടി റിലീസിന് പിന്നാലെ മറുഭാഷാ പ്രേക്ഷകരിലേക്കും ചിത്രം വ്യാപകമായി എത്തി, സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി.

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന എക്കോ, മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമാനുഭവം നല്‍കുന്ന ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. കിഷ്‌കിന്ധാ കാണ്ഡം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അതേ രചയിതാവും സംവിധായകനും വീണ്ടും ഒന്നിച്ചതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. ബാഹുല്‍ രമേശ് തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംവിധാനം ദിന്‍ജിത്ത് അയ്യത്താനാണ്. ബാഹുല്‍ രമേശിന്റെ ‘അനിമല്‍ ട്രൈലജി’ യിലെ മൂന്നാമത്തെ ഭാഗമാണ് എക്കോ.

കിഷ്‌കിന്ധാ കാണ്ഡയും ജിയോ ഹോട്ട്‌സ്റ്റാറിലെ കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണും ഇതേ ട്രൈലജിയിലെ ഭാഗങ്ങളാണ്. സന്ദീപ് പ്രദീപ്, വിനീത്, നരെയ്ന്‍, ബിനു പപ്പു, സൗരഭ് സച്ച്‌ദേവ, ബിയാന മോമിന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ശക്തമായ താരനിരയാണ് ചിത്രത്തിലുള്ളത്. സംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദാണ്. വിമര്‍ശകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ എക്കോ, മലയാള സിനിമയുടെ പുതിയ ഉയരമായി മാറുകയാണ്.

Continue Reading

News

ജനനായകന്‍ തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണം; സിനിമയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: വിജയ് നയകനായ ജനനായകന്‍ സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്ന് രാഹുല്‍ ഗാന്ധി. സിനിമയെ പിന്തുണച്ച് എക്‌സിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

‘ജനനായകന്‍ സിനിമയുടെ പ്രദര്‍ശനം തടയാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ശ്രമിക്കുന്നു. ഈ ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണ്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ മോദിക്ക് വിജയിക്കാന്‍ കഴിയില്ല’- രാഹുല്‍ കുറിച്ചു. സിനിമയുടെ റിലീസ് അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ജനനായകന്‍’ സിനിമയുടെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സിംഗിള്‍ ബെഞ്ച് നല്‍കിയ റിലീസ് അനുമതിയാണ് ഈ മാസം ഒമ്പതിന് സ്റ്റേ ചെയ്തത്. ഒമ്പതിന് സിനിമ റിലീസ് ചെയ്യാനിരിക്കെയായിരുന്നു ഇത്. സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അപ്പീലിലായിരുന്നു കോടതിയുടെ നിര്‍ണായക ഇടപെടല്‍.

രാഷ്ട്രീയത്തില്‍ പ്രവേശിച്ച നടന്‍ വിജയ്യുടെ അവസാന ചിത്രമായ ‘ജനനായകന്’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളാണ് വിനയായത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹരജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും സെന്‍സര്‍ ബോര്‍ഡ് അപ്പീലിന് പോയതോടെ തിരിച്ചടിയുണ്ടാവുകയായിരുന്നു.

Continue Reading

Trending