News
‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
ഒന്നര മാസത്തോളം വീടിന് പുറത്തിറങ്ങിയില്ലെന്നും കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും ഒഴികെ ആരെയും കണ്ടിരുന്നില്ലെന്നും ഭാവന പറയുന്നു.
കഴിഞ്ഞ ഒന്നര മാസക്കാലമായി താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോയതെന്ന് തുറന്നു പറഞ്ഞ് നടി ഭാവന. പുതിയ സിനിമയായ അനോമിയുടെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് തന്റെ അവസ്ഥയെക്കുറിച്ച് ഭാവന മനസ് തുറന്നത്.
ഒന്നര മാസത്തോളം വീടിന് പുറത്തിറങ്ങിയില്ലെന്നും കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും ഒഴികെ ആരെയും കണ്ടിരുന്നില്ലെന്നും ഭാവന പറയുന്നു. ”ഞാന്‍ ഒരു സേഫ്റ്റി ബബിളിനുള്ളിലായിരുന്നു. പുറത്ത് വരാന്‍ തയ്യാറായിരുന്നില്ല. ആളുകളെ കാണാന്‍ മനസുണ്ടായിരുന്നില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളുമായിരുന്നു ആ സമയത്ത് എന്റെ ലോകം. അവര്‍ എന്നെ ജഡ്ജ് ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു,” എന്നാണ് ഭാവനയുടെ വാക്കുകള്‍.
താന്‍ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ച് വിശദീകരിക്കുമ്പോള്‍, അത് ഒരൊറ്റ വാക്കില്‍ പറയാന്‍ കഴിയാത്ത അനുഭവമാണെന്ന് ഭാവന പറഞ്ഞു. ”പല വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ചില ദിവസങ്ങളില്‍ ഒക്കെയായിരിക്കും, ചില ദിവസങ്ങളില്‍ ഒക്കെയാകാന്‍ ശ്രമിക്കും, ചില ദിവസങ്ങളില്‍ ഒക്കെയാകില്ല. സമ്മിശ്രവികാരങ്ങളാണ്. നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത്,” ഭാവന വ്യക്തമാക്കി.
എല്ലായിപ്പോഴും സന്തോഷത്തോടെ കാണപ്പെടണം എന്നൊരു മനോഭാവം ചെറുപ്പത്തില്‍ തന്നെ സിനിമാ മേഖലയിലെത്തിയതിന്റെ ഭാഗമായി ഉള്ളില്‍ പതിഞ്ഞതാണെന്നും നടി പറയുന്നു. ”പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോഴും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ സന്തോഷത്തോടെ കാണപ്പെടാന്‍ ഞാന്‍ എക്സ്ട്രാ എഫേര്‍ട്ടിടും. എനിക്ക് അത് ചെയ്യാന്‍ ആഗ്രഹമില്ലെങ്കിലും സ്വാഭാവികമായി സംഭവിക്കുന്നതാണ്. എല്ലാവരും കാണുന്നുണ്ടെന്ന തോന്നല്‍ എപ്പോഴും ഉണ്ടാകും, അതിനാല്‍ ചിരിക്കുന്ന മുഖത്തോടെ നില്‍ക്കണം എന്നൊരു ചിന്ത.”
ഈ അഭിമുഖത്തിനായി തയ്യാറെടുക്കുമ്പോള്‍ പോലും സ്വയം ആത്മവിശ്വാസം പകരാന്‍ ശ്രമിച്ചിരുന്നുവെന്ന് ഭാവന തുറന്നു പറഞ്ഞു. ”ഇവിടെ എത്തിയപ്പോള്‍ എനിക്ക് പാല്‍പ്പറ്റേഷന്‍ ഉണ്ടായി, ബ്ലാങ്ക് ആയി. ചിരിക്കണോ വേണ്ടയോ എന്നുപോലും അറിയാത്ത അവസ്ഥ. പക്ഷേ എല്ലായിപ്പോഴും അങ്ങനെ തുടരാന്‍ കഴിയില്ല. ഇന്നല്ലെങ്കില്‍ നാളെ പുറത്തേക്ക് വരേണ്ടി വരുമെന്ന് എനിക്കറിയാം.”
തന്റെ പുതിയ സിനിമയിലേക്കുള്ള ഉത്തരവാദിത്വവും പ്രതീക്ഷയും തന്നെ മുന്നോട്ട് നയിക്കുന്നുവെന്നും ഭാവന പറഞ്ഞു. ”എന്റെ സിനിമ റിലീസാകാനുണ്ട്. ഈ സിനിമയില്‍ എനിക്ക് വിശ്വാസമുണ്ട്. എന്റെ ടീമിനെ കൈവിടാനാകില്ല,” ഭാവന കൂട്ടിച്ചേര്‍ത്തു.
News
ഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
ചില ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഓണ്‍ലൈന്‍ സെര്‍ച്ചില്‍ സമയം കളയാതെ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
ആരോഗ്യപ്രശ്നങ്ങള്‍ നേരിടുമ്പോള്‍ ആദ്യം ഗൂഗിളില്‍ തിരയുക എന്നത് ഇന്ന് പലരുടെയും പതിവാണ്. എന്നാല്‍ ചില ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഓണ്‍ലൈന്‍ സെര്‍ച്ചില്‍ സമയം കളയാതെ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഒരു മിനിറ്റ് പോലും നിര്‍ണായകമാകാം.
പെട്ടെന്ന് ശരീരത്തിന്റെ ഒരു വശത്ത് തളര്‍ച്ചയോ മരവിപ്പോ അനുഭവപ്പെടുക, മുഖം കോടുക, കൈകള്‍ക്ക് ബലഹീനത തോന്നുക, സംസാരത്തില്‍ അവ്യക്തത വരിക എന്നിവ പക്ഷാഘാതത്തിന്റെ (STROKE) ലക്ഷണങ്ങളാകാം. ഇത്തരമൊരു അവസ്ഥയില്‍ ഓരോ നിമിഷവും അതീവ പ്രധാനമാണ്. ഉടന്‍ ആശുപത്രിയിലെത്തണം.
കാഴ്ചയില്‍ പെട്ടെന്ന് വ്യത്യാസങ്ങള്‍ തോന്നുന്നതും അതീവ ഗൗരവത്തോടെ കാണണം. ഒരുകണ്ണിലോ രണ്ടുകണ്ണുകളിലോ കാഴ്ച മങ്ങുകയോ പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുകയോ ചെയ്താല്‍ അത് സ്ട്രോക്കിന്റെയോ റെറ്റിനല്‍ ഡിറ്റാച്ച്മെന്റിന്റെയോ സൂചനയായേക്കാം. ‘നാളെ നേത്രരോഗവിദഗ്ധനെ കാണാം’ എന്ന് കരുതി സമയം നീട്ടരുത്; ഉടന്‍ ചികിത്സ തേടണം.
ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള അത്യന്തം കടുത്ത തലവേദനയും അവഗണിക്കരുത്. ഇത് തലച്ചോറിലെ രക്തസ്രാവം, ബ്രെയിന്‍ അന്യൂറിസം അല്ലെങ്കില്‍ തലച്ചോറിലെ വീക്കം എന്നിവയുടെ ലക്ഷണമാകാം. ഇങ്ങനെ വന്നാല്‍ അടിയന്തരമായി ആംബുലന്‍സ് സഹായം തേടേണ്ടതാണ്.
പെട്ടെന്ന് നെഞ്ചുവേദന ഉണ്ടാകുക, വേദന കൈകളിലേക്കോ താടിയെല്ലിലേക്കോ പുറം ഭാഗങ്ങളിലേക്കോ വ്യാപിക്കുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, അമിത വിയര്‍പ്പ്, ഛര്‍ദ്ദിയുണരല്‍ എന്നിവ ഉണ്ടെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും കാത്തിരിക്കരുത്.
കടുത്ത വയറുവേദന മറ്റൊരു അടിയന്തര ലക്ഷണമാണ്. അപ്പെന്‍ഡിസൈറ്റിസ്, അവയവങ്ങളുടെ തകരാര്‍ തുടങ്ങിയ ഗുരുതര കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടാകാം. അതുപോലെ ചുമയ്ക്കുമ്പോള്‍ രക്തം വരികയോ രക്തം ഛര്‍ദ്ദിക്കുകയോ ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടണം.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അടിയന്തരാവസ്ഥകളും അതീവ ഗൗരവമുള്ളതാണ്. ആത്മഹത്യാചിന്ത ഉണ്ടാകുന്നത് ഒരു മെഡിക്കല്‍ എമര്‍ജന്‍സിയാണ്. ഓണ്‍ലൈനില്‍ പരിഹാരം തേടേണ്ട വിഷയമല്ലിത്; ഉടന്‍ വിദഗ്ധ ഇടപെടല്‍ ആവശ്യമാണ്.
ഇന്റര്‍നെറ്റ് പൊതുവായ വിവരങ്ങള്‍ നല്‍കുമെങ്കിലും ശരീരപരിശോധന നടത്താനോ ടെസ്റ്റുകള്‍ ചെയ്യാനോ കൃത്യമായ രോഗനിര്‍ണയം നടത്താനോ അതിന് കഴിയില്ല. അടിയന്തര സാഹചര്യങ്ങളില്‍ ഗൂഗിളില്‍ തിരഞ്ഞ് വിലപ്പെട്ട സമയം നഷ്ടപ്പെടുന്നത് ജീവഹാനിയിലേക്കോ സ്ഥിരമായ വൈകല്യങ്ങളിലേക്കോ നയിക്കാം.
ഒരു ലക്ഷണം പെട്ടെന്ന് ഉണ്ടാകുന്നതാണെങ്കില്‍, അസാധാരണമായതാണെങ്കില്‍, അത്യന്തം ഗുരുതരമാണെന്ന് തോന്നുന്നുവെങ്കില്‍ സംശയിക്കേണ്ട, ഉടന്‍ തന്നെ വൈദ്യസഹായം തേടുക.
News
‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കണ്ണൂർ: തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാമിനെയാണ് കണ്ണൂർ സിറ്റി സൈബർ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ നവംബർ 30നാണ് കേസിനാസ്പദമായ സംഭവം. മുംബൈ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലവിലുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസിൽ നിന്ന് ഒഴിവാക്കാമെന്നും ഒത്തുതീർപ്പാക്കാമെന്നുമുള്ള വാഗ്ദാനത്തിലൂടെ ഡോക്ടറെ ഭയപ്പെടുത്തി വിവിധ അക്കൗണ്ടുകളിലായി 10,50,000 രൂപ നിക്ഷേപിപ്പിച്ചു.
തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതിയായ ജീവൻ രാം ചെക്ക് വഴി അക്കൗണ്ടിൽ നിന്നു പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയുടെ ലൊക്കേഷൻ തുടർച്ചയായി മാറിക്കൊണ്ടിരുന്നത് അന്വേഷണത്തെ ബുദ്ധിമുട്ടിച്ചെങ്കിലും, അഞ്ചുദിവസത്തോളം പിന്തുടർന്നാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.
കണ്ണൂർ സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ എസ്ഐ പ്രജീഷ് ടി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. എസ്ഐ ജ്യോതി ഇ., സിപിഒ സുനിൽ കെ. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
News
ഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ “വട്ടാണെന്നും ചികിത്സയ്ക്ക് ഊളമ്പാറയിലേക്ക് അയക്കണമെന്നും” പറഞ്ഞ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അതേ ഭാഷയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമായ ഡോ. ജിന്റോ ജോണ്‍ രംഗത്തെത്തി.
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ “വട്ടാണെന്നും ചികിത്സയ്ക്ക് ഊളമ്പാറയിലേക്ക് അയക്കണമെന്നും” പറഞ്ഞ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അതേ ഭാഷയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമായ ഡോ. ജിന്റോ ജോണ്‍ രംഗത്തെത്തി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജിന്റോ ജോണിന്റെ പ്രതികരണം. ഊളമ്പാറയിലോ കുതിരവട്ടത്തോ കുസുമഗിരിയിലോ കൊണ്ടുപോയി ചികിത്സിച്ചാലും, ഷോക്കടിപ്പിച്ചാലും, ഹെവി ഡോസ് മരുന്ന് നല്കിയാveലും മാറാത്ത തരത്തിലുള്ള “വര്‍ഗീയ ഭ്രാന്താണ്” വെള്ളാപ്പള്ളിക്കുള്ളതെന്ന് ജിന്റോ ജോണ്‍ ആരോപിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരാളെ “ചങ്ങലഴിച്ച് വിട്ടിരിക്കുന്ന” പിണറായി സര്‍ക്കാരാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമൂഹ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നവരെ എത്രയും വേഗം ക്വാറന്റൈനില്‍ ആക്കണമെന്നും ജിന്റോ ജോണ്‍ ആവശ്യപ്പെട്ടു. കേരളത്തിലെ നായാടി മുതല്‍ നസ്രാണി വരെ എല്ലാവരും ഒന്നിച്ചു നിന്ന് ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് നടത്തിയ ആക്ഷേപ പരാമര്‍ശങ്ങള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവിനെതിരെ നടന്ന വ്യക്തിപരമായ ആക്രമണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി എതിര്‍ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
-
kerala23 hours agoകലോത്സവം കുട്ടികൾക്ക് കൂട്ടായ്മയുടെ സാമൂഹ്യപാഠം നൽകുന്നു: മോഹൻലാൽ
-
News2 days agoമാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് തകർപ്പൻ ജയം; സിറ്റിയെ വീഴ്ത്തി രണ്ട് ഗോൾ വിജയം
-
News22 hours agoമൂന്നാം ഏകദിനം: ഇന്ത്യക്ക് 338 റണ്‍സ് വിജയലക്ഷ്യം; ന്യൂസിലാന്‍ഡിന് സെഞ്ച്വറികള്‍
-
GULF22 hours agoലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് മാനേജർ ദുബായിൽ നിര്യാതനായി
-
kerala2 days agoമഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ അക്രമം; കത്തിയുമായി രോഗികളെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം
-
kerala2 days ago‘ The Rebellion’ ഒരു സമ്പൂര്‍ണ സ്കൂള്‍ സ്കിറ്റ്
-
News23 hours agoഗസ്സ സമാധാന ബോർഡ്: ട്രംപ് നിർദേശിച്ച പട്ടികയിൽ അതൃപ്തി അറിയിച്ച് ഇസ്രാഈല്‍
-
india2 days agoവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ
