News

‘അവസാന ഷോട്ടിലെ വാള്‍ട്ടര്‍ മമ്മൂട്ടിയോ’; ചര്‍ച്ചയുണര്‍ത്തി ‘ചത്താ പച്ച’ ട്രെയ്‌ലര

By webdesk17

January 16, 2026

യുവതാരങ്ങളെ അണിനിരത്തി അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചത്താ പച്ചയുടെ ട്രെയ്ലര്‍ പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച. മലയാള സിനിമയിലെ ആദ്യ മുഴുനീള WWE സ്‌റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രം എന്ന പ്രത്യേകതയോടെയാണ് ചത്താ പച്ച എത്തുന്നത്. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലെ ഒരു അണ്ടര്‍ഗ്രൗണ്ട് WWE സ്‌റ്റൈല്‍ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയ്ക്ക് പുതിയൊരു ആക്ഷന്‍ അനുഭവമാകുമെന്നാണ് ട്രെയ്ലര്‍ സൂചന നല്‍കുന്നത്. മമ്മൂട്ടി ചിത്രത്തില്‍ റെസ്ലിങ് കോച്ചായി എത്തുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ട്രെയ്ലറില്‍ മമ്മൂട്ടിയുടെ വ്യക്തമായ രംഗങ്ങള്‍ ഒന്നുമില്ല.

ഇതിനു പിന്നാലെ ട്രെയ്ലറിന്റെ അവസാന ഷോട്ടില്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന വ്യക്തി മമ്മൂട്ടിയാകാമെന്ന സംശയം ശക്തമായി ഉയര്‍ന്നു. ‘വാള്‍ട്ടര്‍’ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അവസാന രംഗത്തിലെ കഥാപാത്രത്തിന്റെ കയ്യിലെ ബ്രേസ്ലറ്റിനോട് സാമ്യമുള്ള ബ്രേസ്ലറ്റ് മമ്മൂട്ടി ധരിച്ചിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഈ ചര്‍ച്ച കൂടുതല്‍ ശക്തമായത്.

അതേസമയം ആ കഥാപാത്രം ദുല്‍ഖര്‍ സല്‍മാന്‍ ആയിരിക്കാമോ, എന്ന സംശയവും ചില ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. എല്ലാറ്റിനും ഉത്തരം ലഭിക്കാന്‍ ജനുവരി 22 വരെ കാത്തിരിക്കാമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ചിത്രം നിര്‍മ്മിക്കുന്നത് റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് ആണ്. ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പും ലെന്‍സ്മാന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഈ നിര്‍മ്മാണ കമ്പനിക്ക് രൂപം നല്‍കിയത്. റിതേഷ് എസ്. രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍.

കേരളത്തിലെ തീയേറ്റര്‍ വിതരണാവകാശം ദുല്‍ഖര്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന വേഫെറര്‍ ഫിലിംസ് ആണ് കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍-ഇഹ്‌സാന്‍-ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകര്‍ന്ന ചിത്രം കൂടിയാണിത്. ഇവര്‍ ഒരുക്കിയ ടൈറ്റില്‍ ട്രാക്കും ‘നാട്ടിലെ റൗഡീസ്’ ഗാനവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റായി മാറിയിട്ടുണ്ട്.

ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിങ്ങില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചത്താ പച്ച, വമ്പന്‍ റെസ്ലിങ് ആക്ഷന്‍ രംഗങ്ങളും സ്‌റ്റൈലിഷ് അവതരണവും ത്രസിപ്പിക്കുന്ന ഡ്രാമയും കോര്‍ത്തിണക്കി മലയാള സിനിമയിലെ പുതിയ ആക്ഷന്‍ കോമഡി അനുഭവമായി മാറുമെന്നാണ് ട്രെയ്ലര്‍ ഉറപ്പുനല്‍കുന്നത്.