kerala

സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ പ്രോജക്ട്; മുസ്‌ലിം ലീഗിന്റെ ദേശീയ വിദ്യാഭ്യാസ പദ്ധതികളുടെ മുഖമാകും -സാദിഖലി തങ്ങള്‍

By webdesk18

January 16, 2026

ന്യൂഡല്‍ഹി: വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് പിന്നാക്ക ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തിയ മുസ്‌ലിംലീഗിന്റെ കേരള മോഡല്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ് പ്രോജക്ടിന് സാധിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

ഡല്‍ഹി കെ.എം.സി.സി ആവിഷ്‌കരിച്ച സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ് പ്രോജക്റ്റിന്റെ ലോഗോ പ്രകാശനം ദേശീയ ആസ്ഥാനമായ ഖാഇദേ മില്ലത്ത് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതി സാഹിബിന്റെയും സി.എച്ചിന്റെയും ദീര്‍ഘവീക്ഷ ണമുള്ള ചിന്തകളാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിം പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഊര്‍ജ്ജമായത്. സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചും സാധാരണക്കാരിലേക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടുകൊണ്ടുവരാന്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു.

ഉത്തരേന്ത്യന്‍ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം വിദ്യാഭ്യാസരംഗത്തെ പോരായ്മകളാണ്. ഇത് പരിഹരിക്കാന്‍ ദീര്‍ഘ കാല അടിസ്ഥാനത്തിലുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ പ്രോജക്ടിലൂടെ ഡല്‍ഹി കേന്ദ്രീകരിച്ച് വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 100 മണിക്കൂര്‍ സിവില്‍ സര്‍വീസ് തീവ്ര പരിശീലന പദ്ധതിയാണ് ആദ്യമായി തുടക്കം കുറിക്കുന്നത്. പ്രത്യേക പ്രവേശന പരി ക്ഷ സംഘടിപ്പിച്ച് തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നല്‍കും.

വിവിധ ഗല്ലികള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ സംവിധാനത്തിനുള്ള മോഡല്‍ കോച്ചിംഗ് സെന്ററുകള്‍കൂടി പ്രൊജക്റ്റിന്റെ ഭാഗമായി നടപ്പി ലാക്കുന്നുണ്ട്. ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാന്‍ എം.പി അധ്യക്ഷനായി. പി.കെ ബഷീര്‍ എം.എല്‍.എ മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍, സി.കെ സുബൈര്‍, അസി.സെക്രട്ടറി ആസിഫ് അന്‍സാരി, മാതൃഭൂമി ഡല്‍ഹി കറസ്‌പോണ്ടന്റ പി ബസന്ത്, മാധ്യമം ഡല്‍ഹി ബ്യൂറോ ചീഫ് ഹസനുല്‍ ബന്ന, മുസ്‌ലിം ലീഗ് ഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്റ് മൗലാന നിസാര്‍ അഹമ്മദ്, ഡല്‍ഹി കെ.എം.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. മര്‍സൂക് ബാഫഖി, സെക്രട്ടറിമാരായ അഡ്വ. അബ്ദുല്ല നസീഹ്, അഡ്വ. അഫ്സല് യൂസഫ്, അഡ്വ. സുല്‍ഫിക്കര്‍ എന്നിവര്‍ സംസാരിച്ചു. ഡല്‍ഹി കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് ഹലീം സ്വാഗതവും ട്രഷറര്‍ അജ്മല്‍ മുഫീദ് നന്ദിയും പറഞ്ഞു.