ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന് കീഴില്‍ ദേശീയതയും ദേശസ്‌നേഹവുമെല്ലാം വലിയ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടിവി ചാനലായ ദൂരദര്‍ശനില്‍ ദേശസ്‌നേഹം വിഷയമായ സിനിമകളുടെ അതിപ്രസരമെന്ന് റിപ്പോര്‍ട്ട്. ബിജെപി സര്‍ക്കാര്‍ ്‌കേന്ദ്ര വാര്‍ത്താവിനിമയ രംഗം കയ്യടക്കിയ ശേഷമാണ് ദൂരദര്‍ശനില്‍ ദേശസ്‌നേഹ സിനിമകളില്‍ വന്‍ വര്‍ധനയുണ്ടായത്. ദേശസ്‌നേഹം മുഖ്യ വിഷയമായ 17 ചിത്രങ്ങളാണെന്ന് 2017ല്‍ ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിച്ചത്.

കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ റാത്തോറാണ് ഇതുസംബന്ധിച്ച വിവരം പുറത്താക്കിയത്. ലോക്‌സഭയില്‍ ചൊവ്വാഴ്ച ഒരു ചോദ്യത്തിനു മറുപടിയായാണ് മന്ത്രി റാത്തോര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മോദി പ്രധാനമന്ത്രിയായ ശേഷം ദൂരദര്‍ശനില്‍ ദേശസ്‌നേഹം പ്രമേയമായ സിനിമകള്‍ ഓരോ വര്‍ഷവും കൂടുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ദൂര്‍ദര്‍ശനില്‍ ഇത്തരം ചിത്രങ്ങളില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2014ല്‍ ഈ വിഭാഗത്തില്‍ ഒരു ചിത്രം മാത്രമായാരുന്നു പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ 2015ല്‍ ഇത് നാല് ചിത്രങ്ങളായി ഉയര്‍ന്നു. 2016ല്‍ 14 ചിത്രങ്ങളായി ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. 2017ല്‍ ആയപ്പോഴേക്കും ചിത്രങ്ങളുടെ എണ്ണം 17 എണ്ണത്തില്‍ എത്തുനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം സമീപ വര്‍ഷങ്ങളില്‍ ദേശസ്‌നേഹം വിഷയമാകുന്ന എത്ര ചിത്രങ്ങള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു എന്ന ചോദ്യം ലോക്‌സഭയില്‍ ഉന്നയിച്ചത് ബിജെപി എംപി ഹരീഷ് ദ്വിവേദിയാണ്.

സിനിമ കൂടാതെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ പ്രമുഖ ദേശീയവാദികളുടെ ജീവിതം പ്രമേയമാകുന്ന ആറ് ഡോക്യുമെന്ററികളും ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.