കൊച്ചി: ബിഗ് സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കുഞ്ഞ് താരം മീതിക വെനേഷ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. എറണാകുളം ചെറായി എസ്.എം.എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ഊലിക്കരചെറായി സ്വദേശികളായ വെനേഷിന്റെയും ലൈബയുടെയും മകളുമായ മീതിക വെനേഷ് ആണ് ഈ മിടുക്കി.
എറണാകുളം ജില്ലയില്‍ നിന്നായി 64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എസ്.എം.എച്ച്.എസ്.എസ് സ്‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മീതിക മിമിക്രിയില്‍ എ ഗ്രേഡ് നേടി. നാഗസാരംഗി സിനിമയിലെ നടി ഷീല, കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറ ബുജി, സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശന്‍ എന്നിവരുടെ ശബ്ദങ്ങള്‍ക്കൊപ്പം പ്രകൃതിയിലെ വിവിധ ശബ്ദങ്ങള്‍, ഡിജെ എഫക്റ്റുകള്‍, മമ്മി റിട്ടേണ്‍സ് സിനിമ ട്രെയ്ലര്‍ എന്നിവയും ഉള്‍പ്പെടുത്തി ആയിരുന്നു മീതികയുടെ അവതരണം.
പത്താം ക്ലാസ് വരെ സിബിഎസ്ഇയില്‍ പഠിച്ചിരുന്ന മീതിക കഴിഞ്ഞ വര്‍ഷം കഥകളിയിലും മിമിക്രിയിലും സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. നാലര വയസുമുതല്‍ ഭരതനാട്യം, കേരളനടനം, കുച്ചുപ്പുടി തുടങ്ങിയ നൃത്തശൈലികളില്‍ പരിശീലനം നേടിയിട്ടുള്ള മീതിക കഴിഞ്ഞ രണ്ട് വര്‍ഷമായി കഥകളിയും അഭ്യസിച്ചു വരികയാണ്.
കുട്ടിക്കാലം മുതലേ മിമിക്രി, മോണോ ആക്ട്, ക്ലാസിക്കല്‍ ഡാന്‍സ് എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കിയ മീതിക ചാനല്‍ പരിപാടിയായ കോമഡി ഉത്സവം എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. ബാലനടിയായി തണ്ടര്‍ ബോയ്‌സ് എന്ന സിനിമയിലും അഭിനയിച്ചു. നിലവില്‍ അളിയന്‍സ് എന്ന സീരിയലിലും ബെറ്റര്‍ സിക്‌സ് എന്ന സിനിമയിലും അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.
സംസ്ഥാന കലോത്സവത്തില്‍ കഥകളിയില്‍ ‘കീചകവധം’ എന്ന ആട്ടമാണ് മീതിക അവതരിപ്പിച്ചത്.