ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. മഴമൂലം 96 റൺസായി ചുരുക്കിയ വിജയലക്ഷ്യം ഇന്ത്യ 17.2 ഓവറിൽ മറികടന്ന് ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ ഹെനിൽ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ 107 റൺസിൽ ഒതുക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അമേരിക്കയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്‌കോർ ഒന്നിൽ നിൽക്കെ ഓപണർ അമരീന്ദർ ഗില്ലിനെ ഹെനിൽ പട്ടേൽ പുറത്താക്കി. തുടർന്ന് വിക്കറ്റ് കീപ്പർ അർജുൻ മഹേഷിനൊപ്പം സാഹിൽ ഗാർഗ് നടത്തിയ ചെറുത്തുനിൽപ്പാണ് അമേരിക്കൻ സ്കോർബോർഡ് മുന്നോട്ട് നീങ്ങാൻ സഹായിച്ചത്. എങ്കിലും ആറ് അമേരിക്കൻ താരങ്ങൾ ഒറ്റയക്കത്തിൽ പുറത്തായി. 36 റൺസ് നേടിയ നിധീഷ് റെഡ്ഢിയാണ് അമേരിക്കയുടെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ഹെനിൽ പട്ടേൽ അഞ്ചു വിക്കറ്റും വൈഭവ് സൂര്യവൻഷി, അംബരീഷ്, ഖിലൻ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിന് മുന്നോടിയായി മഴ മൂലം മത്സരം കുറച്ച് സമയം തടസ്സപ്പെട്ടു. തുടക്കത്തിൽ തന്നെ ഇന്ത്യക്ക് വൈഭവിന്റെ വിക്കറ്റ് നഷ്ടമായി. രണ്ട് റൺസിൽ നിൽക്കെ റിത്വിക്ക് റെഡ്ഢിയാണ് വൈഭവിനെ ക്ലീൻ ബൗൾഡാക്കിയത്. പിന്നാലെ ഇറങ്ങിയ വേദാന്ത് ത്രിവേദിയും രണ്ട് റൺസിൽ മടങ്ങി. നാലാം ഓവറിന് ശേഷം വീണ്ടും മഴ പെയ്തതോടെ മത്സരം 37 ഓവറാക്കി ചുരുക്കുകയും വിജയലക്ഷ്യം 96 റൺസായി പുനർനിശ്ചയിക്കുകയും ചെയ്തു.
അഞ്ച് ഫോറും ഒരു സിക്സും അടക്കം 42 റൺസ് നേടിയ വിക്കറ്റ് കീപ്പർ അഭിഷേക് കുണ്ടുവിന്റെ മികച്ച ഇന്നിങ്സാണ് ഇന്ത്യയെ 17.2 ഓവറിൽ വിജയത്തിലെത്തിച്ചത്.
ഏഴ് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 16 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹെനിൽ പട്ടേലാണ് മത്സരത്തിലെ താരം. ജനുവരി 17ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.