kerala

ശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി

By sreenitha

January 15, 2026

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിൽ തന്ത്രി കണ്ഠരർ രാജീവരരുടെ അറസ്റ്റ് രേഖപ്പെടുത്തി. ദ്വാരപാലക ശിൽപം കൊണ്ടുപോയി അതിൽ നിന്ന് സ്വർണം ഉരുക്കി കവർന്ന കേസിലാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ, ക്ഷേത്രത്തിലെ കട്ടിളപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയ കേസിൽ തന്ത്രിയെ എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. ആദ്യകേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ രണ്ടാം കേസിലും രാജീവരരെ പ്രതിയാക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി.

ക്ഷേത്രത്തിലെ സ്വർണപ്പാളികൾ അനധികൃതമായി പുറത്തേക്ക് കൊണ്ടുപോകാൻ കണ്ഠരർ രാജീവരർ ഒത്താശ ചെയ്‌തുവെന്നാണ് ആദ്യകേസിൽ എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. താന്ത്രിക വിധികൾ ലംഘിച്ചാണ് പോറ്റിക്ക് തന്ത്രി സഹായം നൽകിയതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 2007 മുതൽ തന്ത്രിയും പോറ്റിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും, ഇരുവരും തമ്മിൽ നിരവധി സാമ്പത്തിക ഇടപാടുകൾ നടന്നതായി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി.

പത്മകുമാറിന്റെയും ഗോവർദ്ധനന്റെയും മൊഴികളാണ് രാജീവരരുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു. ഈ മൊഴികൾ സാധൂകരിക്കുന്ന രേഖകളും മറ്റ് തെളിവുകളും എസ്‌ഐടി കൈവശം വെച്ചിട്ടുണ്ട്.