india

അറബിക്കടലിൽ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു; ഒമ്പത് പേർ കസ്റ്റഡിയിൽ

By sreenitha

January 15, 2026

അറബിക്കടലിൽ ഇന്ത്യൻ സമുദ്ര അതിർത്തിക്കുള്ളിൽ കടന്നുകയറിയ പാകിസ്താൻ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗ് സംഘത്തെ കണ്ടതോടെ ബോട്ട് അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും രാത്രി നടത്തിയ ദ്രുതഗതിയിലുള്ള ഓപ്പറേഷനിലൂടെയാണ് ബോട്ട് പിടികൂടിയത്.

ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരെയും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ എടുത്തു. വിശദമായ അന്വേഷണത്തിനായി ബോട്ടും ജീവനക്കാരെയും ഗുജറാത്തിലെ പോർബന്ദറിലേക്ക് കൊണ്ടുവരികയാണ്. സംഭവം ഇന്നലെ രാത്രിയോടെയായിരുന്നു.

“വേഗത്തിലുള്ളതും കൃത്യവുമായ രാത്രികാല ഓപ്പറേഷനിൽ, 2026 ജനുവരി 14ന് അറബിക്കടലിൽ പട്രോളിംഗ് നടത്തുന്നതിനിടെ, അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയ്ക്ക് സമീപം ഇന്ത്യൻ ജലാതിർത്തിക്കുള്ളിൽ ഒരു പാകിസ്താൻ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി,” എന്ന് ഗുജറാത്ത് ഡിഫൻസ് പി.ആർ.ഒ വിംഗ് കമാൻഡർ അഭിഷേക് കുമാർ തിവാരി എക്‌സിലെ പോസ്റ്റിലൂടെ അറിയിച്ചു.

‘അൽ-മദീന’ എന്ന പേരിലുള്ള പാക് ബോട്ടിലാണ് ഒമ്പത് ജീവനക്കാരുണ്ടായിരുന്നത്. രാജ്യത്തിന്റെ സമുദ്രമേഖലയിലുടനീളം നിരന്തര ജാഗ്രതയും നിയമപാലനവും ഉറപ്പാക്കി ഇന്ത്യയുടെ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കാനുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.