News

റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

By webdesk17

January 16, 2026

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,145 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,160 രൂപയായി. വ്യാഴാഴ്ച പവന് 1,05,320 രൂപയായിരുന്നു വില.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറച്ച് 10,805 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,415 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,430 രൂപയുമാണ് ഇപ്പോഴത്തെ വില. വെള്ളി ഗ്രാമിന് 292 രൂപക്കാണ് വില്‍പ്പന പുരോഗമിക്കുന്നത്.

വ്യാഴാഴ്ച രാവിലെ പവന് 600 രൂപ കുറഞ്ഞ സ്വര്‍ണവില, ഉച്ചതിരിഞ്ഞ് 320 രൂപ ഉയര്‍ന്നിരുന്നു. ബുധനാഴ്ച രണ്ട് ഘട്ടങ്ങളിലായി വില ഉയര്‍ന്നതോടെ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി. രാവിലെ ഗ്രാമിന് 100 രൂപ വര്‍ധിച്ച് 13,165 രൂപയിലും പവന് 800 രൂപ കൂട്ടി 1,05,320 രൂപയിലും എത്തിയിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 35 രൂപ കൂടി 13,200 രൂപയായപ്പോള്‍, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 280 രൂപ ഉയര്‍ന്ന് 1,05,600 രൂപയായി പുതിയ റെക്കോഡ് സൃഷ്ടിച്ചു.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ട്. ട്രോയ് ഔണ്‍സിന് 4,600 ഡോളറിലാണ് ഇപ്പോഴത്തെ വ്യാപാരം. വെള്ളിവില ഔണ്‍സിന് 90.79 ഡോളറിലെത്തി. ഇറാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട അമേരിക്കന്‍ ഇടപെടലുകളാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. സമാധാന ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് വിലയില്‍ കുറവ് രേഖപ്പെടുത്തിയതെന്നാണ് സൂചന.

കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.