Connect with us

kerala

വീണ്ടും റെക്കോഡിലേക്ക് കുതിച്ച് സ്വര്‍ണവില; പവന് 520 രൂപ കൂടി

റെക്കോര്‍ഡുകള്‍ തിരുത്തി നേരത്തെ ഒരു ലക്ഷം കടന്ന സ്വര്‍ണവില പിന്നീട് കുറയുകയും, ഈ മാസം അഞ്ചിന് വീണ്ടും ലക്ഷം കടക്കുകയും ചെയ്തിരുന്നു.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന്‍ സ്വര്‍ണത്തിന് 520 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,01,720 രൂപയായി. ഗ്രാമിന് 65 രൂപ ഉയര്‍ന്നതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,715 രൂപയായി. റെക്കോര്‍ഡുകള്‍ തിരുത്തി നേരത്തെ ഒരു ലക്ഷം കടന്ന സ്വര്‍ണവില പിന്നീട് കുറയുകയും, ഈ മാസം അഞ്ചിന് വീണ്ടും ലക്ഷം കടക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ വീണ്ടും ഉയര്‍ന്ന നിലയില്‍ തുടരുന്ന വില, പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു. ഡിസംബര്‍ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും വിലയില്‍ തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് ഇതുവരെ ഉള്ള സര്‍വകാല റെക്കോര്‍ഡ്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടികള്‍ ഉള്‍പ്പെടെയുള്ള ആഗോള സംഭവവികാസങ്ങളാണ് വില വര്‍ധനയ്ക്ക് പിന്നില്‍. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണമാകുന്നുണ്ട്.

 

kerala

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ്: ഒത്തുതീർപ്പിന് പണം വാങ്ങിയ നാല് പൊലീസുകാർ സസ്‌പെൻഷനിൽ

ഗ്രേഡ് എസ്ഐ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീർ, സഞ്ജു എന്നിവർക്കെതിരെയാണ് നടപടി.

Published

on

കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒത്തുതീർപ്പിനായി പ്രതികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ എറണാകുളം കുറുപ്പുംപടി പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഗ്രേഡ് എസ്ഐ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീർ, സഞ്ജു എന്നിവർക്കെതിരെയാണ് നടപടി.

ഗുജറാത്ത് കേന്ദ്രീകരിച്ച് നടന്ന ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി ഗുജറാത്തിലെ രണ്ട് പൊലീസുകാർ കൊച്ചിയിലെത്തി കേരള പൊലീസിനോട് സഹായം തേടിയിരുന്നു. തുടർന്ന് പ്രതികളെ കണ്ടെത്തുന്നതിൽ കുറുപ്പുംപടി പൊലീസ് നിർണായക പങ്ക് വഹിച്ചു.

എന്നാൽ, കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികളിൽ നിന്ന് ഏകദേശം ആറുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന പരാതി. ഈ തുക നാല് ഉദ്യോഗസ്ഥരും തമ്മിൽ വീതിച്ചെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി.

പരാതിയെ തുടർന്ന് വിജിലൻസ് കൊച്ചി യൂണിറ്റ് നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ശേഖരിച്ചതോടെയാണ് സസ്‌പെൻഷൻ നടപടി ഉണ്ടായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസുകാർക്കെതിരെ തുടർനടപടികൾ ഉണ്ടാകുമെന്ന സൂചനയും അധികൃതർ നൽകി.

Continue Reading

kerala

ചികിത്സാ വീഴ്ച; വേണുവിന്റെ മരണം സര്‍ക്കാര്‍ ആശുപത്രികളുടെ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഡി.എം.ഇ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചവറ സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ഉണ്ടായ ചികിത്സാ പിഴവുകള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്.

Published

on

കൊല്ലം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വേണു മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ ഗുരുതര വീഴ്ചകള്‍ അക്കമിട്ട് നിരത്തി അന്വേഷണ റിപ്പോര്‍ട്ട്. ഡി.എം.ഇ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചവറ സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ഉണ്ടായ ചികിത്സാ പിഴവുകള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഹൃദ്രോഗബാധയുമായി അടിയന്തര ചികിത്സ തേടിയെത്തിയ വേണുവിന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ പരാതിയും വേണുവിന്റെ ശബ്ദ സന്ദേശങ്ങളും ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാതെ മെഡിക്കല്‍ വാര്‍ഡിലാക്കിയതും ചികിത്സ തുടങ്ങുന്നതില്‍ ഉണ്ടായ താമസവും നിര്‍ണായക വീഴ്ചകളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചവറ സി.എച്ച്.സിയില്‍ രോഗം കൃത്യമായി കണ്ടെത്താനായില്ലെങ്കിലും മുന്‍ രോഗാവസ്ഥ കണക്കിലെടുത്ത് സി.ടി സ്‌കാന്‍ സൗകര്യമുള്ള കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ചവറയില്‍ തന്നെ രണ്ട് മണിക്കൂറോളം സമയം നഷ്ടമായി. ജില്ല ആശുപത്രിയില്‍ ഹൃദയാഘാതം സ്ഥിരീകരിച്ചെങ്കിലും സി.ടി സ്‌കാന്‍ എടുക്കുന്നതിനും റിപ്പോര്‍ട്ട് ലഭിക്കുന്നതിനും റഫര്‍ ചെയ്യുന്നതിനും വൈകിയതായും അന്വേഷണ സംഘം കണ്ടെത്തി. ആംബുലന്‍സ് ലഭിക്കാന്‍ പോലും താമസമുണ്ടായി.

മെഡിക്കല്‍ കോളജില്‍ ഹൃദയാഘാതം സ്ഥിരീകരിച്ച റിപ്പോര്‍ട്ടുമായി എത്തിയ വേണുവിനെ കാര്‍ഡിയോളജി ഐ.സി.യുവിലോ വാര്‍ഡിലോ പ്രവേശിപ്പിക്കാതെ ആളുകള്‍ നിറഞ്ഞ മെഡിക്കല്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ കാര്‍ഡിയോളജി ഡോക്ടര്‍ പരിശോധിച്ചെങ്കിലും വാര്‍ഡില്‍ ചികിത്സ ആരംഭിക്കാന്‍ വൈകിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൃദയാഘാതം ഉണ്ടായാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ആന്‍ജിയോപ്ലാസ്റ്റി നല്‍കേണ്ടതുണ്ടെങ്കിലും വൈകി എത്തിച്ചതിനാലാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്താനായില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ വിശദീകരണം. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്താമെന്ന് അറിയിച്ചിരുന്നുവെന്നാണ് വേണുവിന്റെ ഭാര്യ സിന്ധു നല്‍കിയ മൊഴി. ഇതില്‍ വ്യക്തമായ ആശയവിനിമയക്കുറവുണ്ടായതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

മെഡിക്കല്‍ കോളജില്‍ സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ പാലിച്ചതായി റിപ്പോര്‍ട്ട് പറയുമ്പോഴും, കൊല്ലം ജില്ലാ ആശുപത്രിയില്‍ തന്നെ സമയബന്ധിതമായി ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നെങ്കില്‍ വേണുവിന്റെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും ജീവനക്കാര്‍ക്കെതിരെ നടപടികള്‍ ശിപാര്‍ശ ചെയ്തിട്ടില്ല; പരിശീലനം നല്‍കണമെന്ന് മാത്രമാണ് നിര്‍ദ്ദേശം.

 

Continue Reading

kerala

‘വര്‍ഗീയതയെ താലോലിക്കുന്ന നേതാവാണ് പിണറായി വിജയന്‍’: കെ.സി വേണുഗോപാല്‍

Published

on

തിരുവനന്തപുരം: വര്‍ഗീയ സംഘടനകള്‍ക്ക് വഴങ്ങുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപങ്ങള്‍ തള്ളി കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടേത് പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പരിഹസിച്ചു. വര്‍ഗീയതയെ താലോലിക്കുന്ന നേതാവാണ് പിണറായി വിജയന്‍. ഇപ്പോഴത്തെ പ്രതികരണങ്ങള്‍ ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ നേടാനാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ഒരു യുദ്ധം വീറോടെ ജയിച്ച് പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യം പോലെയാണ് പ്രതികരണം. തദ്ദേശ തെരഞ്ഞടുപ്പില്‍ ജനം കടുത്ത ശിക്ഷ കൊടുത്തു. ഇതില്‍ തകര്‍ന്നു നില്‍ക്കുന്ന ആള്‍ തന്റെ സ്ഥാനമോ പദവിയോ നോക്കാതെ നടത്തിയ ഏറ്റവും അപകടകരമായ പ്രസ്താവനയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് എന്നും കെ സി കുറ്റപ്പെടുത്തി. എങ്ങനെയും പത്ത് വോട്ട് കിട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടെ എകെ ബാലന്റെ പ്രതികരണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

Trending