Connect with us

kerala

ചികിത്സാ വീഴ്ച; വേണുവിന്റെ മരണം സര്‍ക്കാര്‍ ആശുപത്രികളുടെ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഡി.എം.ഇ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചവറ സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ഉണ്ടായ ചികിത്സാ പിഴവുകള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്.

Published

on

കൊല്ലം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വേണു മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ ഗുരുതര വീഴ്ചകള്‍ അക്കമിട്ട് നിരത്തി അന്വേഷണ റിപ്പോര്‍ട്ട്. ഡി.എം.ഇ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചവറ സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ഉണ്ടായ ചികിത്സാ പിഴവുകള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഹൃദ്രോഗബാധയുമായി അടിയന്തര ചികിത്സ തേടിയെത്തിയ വേണുവിന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ പരാതിയും വേണുവിന്റെ ശബ്ദ സന്ദേശങ്ങളും ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാതെ മെഡിക്കല്‍ വാര്‍ഡിലാക്കിയതും ചികിത്സ തുടങ്ങുന്നതില്‍ ഉണ്ടായ താമസവും നിര്‍ണായക വീഴ്ചകളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചവറ സി.എച്ച്.സിയില്‍ രോഗം കൃത്യമായി കണ്ടെത്താനായില്ലെങ്കിലും മുന്‍ രോഗാവസ്ഥ കണക്കിലെടുത്ത് സി.ടി സ്‌കാന്‍ സൗകര്യമുള്ള കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ചവറയില്‍ തന്നെ രണ്ട് മണിക്കൂറോളം സമയം നഷ്ടമായി. ജില്ല ആശുപത്രിയില്‍ ഹൃദയാഘാതം സ്ഥിരീകരിച്ചെങ്കിലും സി.ടി സ്‌കാന്‍ എടുക്കുന്നതിനും റിപ്പോര്‍ട്ട് ലഭിക്കുന്നതിനും റഫര്‍ ചെയ്യുന്നതിനും വൈകിയതായും അന്വേഷണ സംഘം കണ്ടെത്തി. ആംബുലന്‍സ് ലഭിക്കാന്‍ പോലും താമസമുണ്ടായി.

മെഡിക്കല്‍ കോളജില്‍ ഹൃദയാഘാതം സ്ഥിരീകരിച്ച റിപ്പോര്‍ട്ടുമായി എത്തിയ വേണുവിനെ കാര്‍ഡിയോളജി ഐ.സി.യുവിലോ വാര്‍ഡിലോ പ്രവേശിപ്പിക്കാതെ ആളുകള്‍ നിറഞ്ഞ മെഡിക്കല്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ കാര്‍ഡിയോളജി ഡോക്ടര്‍ പരിശോധിച്ചെങ്കിലും വാര്‍ഡില്‍ ചികിത്സ ആരംഭിക്കാന്‍ വൈകിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൃദയാഘാതം ഉണ്ടായാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ആന്‍ജിയോപ്ലാസ്റ്റി നല്‍കേണ്ടതുണ്ടെങ്കിലും വൈകി എത്തിച്ചതിനാലാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്താനായില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ വിശദീകരണം. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്താമെന്ന് അറിയിച്ചിരുന്നുവെന്നാണ് വേണുവിന്റെ ഭാര്യ സിന്ധു നല്‍കിയ മൊഴി. ഇതില്‍ വ്യക്തമായ ആശയവിനിമയക്കുറവുണ്ടായതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

മെഡിക്കല്‍ കോളജില്‍ സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ പാലിച്ചതായി റിപ്പോര്‍ട്ട് പറയുമ്പോഴും, കൊല്ലം ജില്ലാ ആശുപത്രിയില്‍ തന്നെ സമയബന്ധിതമായി ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നെങ്കില്‍ വേണുവിന്റെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും ജീവനക്കാര്‍ക്കെതിരെ നടപടികള്‍ ശിപാര്‍ശ ചെയ്തിട്ടില്ല; പരിശീലനം നല്‍കണമെന്ന് മാത്രമാണ് നിര്‍ദ്ദേശം.

 

kerala

‘വര്‍ഗീയതയെ താലോലിക്കുന്ന നേതാവാണ് പിണറായി വിജയന്‍’: കെ.സി വേണുഗോപാല്‍

Published

on

തിരുവനന്തപുരം: വര്‍ഗീയ സംഘടനകള്‍ക്ക് വഴങ്ങുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപങ്ങള്‍ തള്ളി കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടേത് പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പരിഹസിച്ചു. വര്‍ഗീയതയെ താലോലിക്കുന്ന നേതാവാണ് പിണറായി വിജയന്‍. ഇപ്പോഴത്തെ പ്രതികരണങ്ങള്‍ ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ നേടാനാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ഒരു യുദ്ധം വീറോടെ ജയിച്ച് പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യം പോലെയാണ് പ്രതികരണം. തദ്ദേശ തെരഞ്ഞടുപ്പില്‍ ജനം കടുത്ത ശിക്ഷ കൊടുത്തു. ഇതില്‍ തകര്‍ന്നു നില്‍ക്കുന്ന ആള്‍ തന്റെ സ്ഥാനമോ പദവിയോ നോക്കാതെ നടത്തിയ ഏറ്റവും അപകടകരമായ പ്രസ്താവനയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് എന്നും കെ സി കുറ്റപ്പെടുത്തി. എങ്ങനെയും പത്ത് വോട്ട് കിട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടെ എകെ ബാലന്റെ പ്രതികരണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

health

യുവതിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവം: ‘നിഷ്പക്ഷമായ അന്വേഷണം വേണം, നീതി ഉറപ്പാക്കണം’; പ്രിയങ്ക ഗാന്ധി

Published

on

പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവത്തില്‍ നീതിപൂര്‍വകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജിന് കത്ത് നല്‍കി. മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഉണ്ടായ ഗുരുതരമായ മെഡിക്കല്‍ അവഗണനയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കത്തയച്ചത്.

പ്രസവശേഷം ചികിത്സാ പിഴവ് കാരണം യുവതിക്ക് ജീവന് ഭീഷണിയാകാന്‍ സാധ്യതയുള്ള അതികഠിനമായ വേദനയിലൂടെയാണ് കടന്നുപോയത്. അവര്‍ക്ക് ശരിയായ വൈദ്യസഹായവും നിഷേധിക്കപ്പെട്ടു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍, മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് പൊതുജനങ്ങള്‍ക്ക് ഒരു സുപ്രധാന അഭയസ്ഥാനമാണ്. നിരവധി സ്‌പെഷ്യാലിറ്റികളുടെ അഭാവത്തില്‍, അടിയന്തര ആവശ്യങ്ങള്‍ക്കായി രോഗികള്‍ക്ക് 80 കിലോമീറ്ററിലധികം സഞ്ചരിച്ച് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് പോകേണ്ടിവരുമ്പോള്‍ മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, മതിയായ മനുഷ്യവിഭവശേഷിയുടെ അഭാവം, നിര്‍ണായക മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ വിഭവ പരിമിതികളുമായി പൊരുതുന്നു. ഈ പ്രശ്‌നങ്ങള്‍ താന്‍ മുന്‍പും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ അമിത ഭാരം പരിചരണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. മുന്‍പും ഈ സ്ഥാപനത്തില്‍ നിരവധി മെഡിക്കല്‍ അശ്രദ്ധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍, പ്രത്യേകിച്ച് മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍, മെഡിക്കല്‍ അശ്രദ്ധ കേസുകള്‍ പരിഹരിക്കുന്നതിനായി,ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനും പരാതി പരിഹാര സംവിധാനങ്ങള്‍ ഉറപ്പാക്കാനും ഇടപെടണമെന്നും മെഡിക്കല്‍ അശ്രദ്ധയുടെ ഇരകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണം – പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനും ഗുണനിലവാരമുള്ള പരിചരണം ഉറപ്പുവരുത്താനും ആവശ്യമായ വിഭവങ്ങള്‍ അനുവദിക്കണമെന്നും സര്‍ക്കാരിനോട് വീണ്ടും അഭ്യര്‍ത്ഥിക്കുന്നതായും വയനാട്ടിലെ ജനങ്ങള്‍ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭിക്കാന്‍ ഇപ്പോഴും പാടുപെടുന്നതിനാല്‍ ഇത് ഒരു അടിയന്തിര ആവശ്യമാണ് എന്നും പ്രിയങ്ക ഗാന്ധി എംപി കത്തില്‍ സൂചിപ്പിച്ചു.

Continue Reading

india

എംഎസ്‌സി എല്‍സ: കരുതല്‍ പണമായി 1227.62 കോടി രൂപ കെട്ടിവെച്ചു

പിടിച്ചുവെച്ച കപ്പല്‍ വിട്ടയച്ചു

Published

on

കൊച്ചി: എംഎസ്‌സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കരുതല്‍ പണമായി 1227.62 കോടി രൂപ കെട്ടിവെച്ചു. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയാണ് തുട ഹൈക്കോടതിയില്‍ കെട്ടിവെച്ചത്. തുക കെട്ടിവെച്ചതോടെ വിഴിഞ്ഞത്ത് പിടിച്ചുവെച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച് ആദ്യഘട്ടത്തില്‍ കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 136 കോടി രൂപ മാത്രമാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ സാധിക്കില്ലെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.

തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു.

കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍, 600 ഓളം കണ്ടെയ്നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കടലില്‍ അടിയുകയും ചെയ്തിരുന്നു.

Continue Reading

Trending