കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചതോടെ 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,125 രൂപയും പവന് 1,05,000 രൂപയുമാണ് നിലവിലെ വില.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 10,880 രൂപയായി. അതേസമയം വെള്ളിവില ഉയരുകയാണ്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 295 രൂപയിലെത്തി.
ബുധനാഴ്ച സ്വര്‍ണവിലയില്‍ ഉണ്ടായ രണ്ട് ഘട്ട വിലവര്‍ധനയാണ് സര്‍വകാല റെക്കോര്‍ഡിലേക്ക് നയിച്ചത്. രാവിലെ ഗ്രാമിന് 100 രൂപ ഉയര്‍ന്ന് 13,165 രൂപയിലേക്കും, പവന്‍ വില 800 രൂപ വര്‍ധിച്ച് 1,05,320 രൂപയിലേക്കുമെത്തിയിരുന്നു. ഉച്ചക്കു ശേഷം ഗ്രാമിന് 35 രൂപ കൂടി 13,200 രൂപയിലേക്കും, പവന്‍ വില 280 രൂപ ഉയര്‍ന്ന് 1,05,600 രൂപയിലേക്കും എത്തി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
കേരളത്തില്‍ ഇന്ന് വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്ന പ്രവണതയാണ്. ട്രോയ് ഔണ്‍സിന് 1.70 ഡോളര്‍ വര്‍ധിച്ച് 4,593.39 ഡോളറിലാണ് ഇന്നത്തെ വ്യാപാരം. വെള്ളിവില ഔണ്‍സിന് 1.61 ഡോളര്‍ ഉയര്‍ന്ന് 88.01 ഡോളറിലെത്തി.
വില ഇനിയും ഉയരാനുള്ള സാധ്യതയാണ് അന്താരാഷ്ട്ര വിപണി സൂചിപ്പിക്കുന്നത്. ഇറാനും വെനിസ്വേലയുമായി ബന്ധപ്പെട്ട അമേരിക്കന്‍ ഇടപെടലുകളാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ലക്ഷം രൂപ കടന്നത്.