സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന്‍ വില 1,05,320 രൂപയായി ഉയര്‍ന്നു. ഗ്രാമിന് ഇന്ന് 100 രൂപ വര്‍ധിച്ച് 13,165 രൂപയാണ് നിലവിലെ നിരക്ക്.
ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന മുന്‍ റെക്കോര്‍ഡാണ് ഇന്ന് മറികടന്നത്. ഡിസംബര്‍ 23നാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അതിനുശേഷം വില തുടര്‍ച്ചയായി ഉയരുന്ന പ്രവണതയാണ് കാണുന്നത്.
അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സ്വര്‍ണവിലയെ ശക്തമായി സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടികള്‍ അടക്കമുള്ള ആഗോള രാഷ്ട്രീയസാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണങ്ങളിലൊന്ന്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയര്‍ന്നുനില്‍ക്കാന്‍ ഇടയാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, ആഗോള വിപണിയില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ നേരിട്ട് പ്രതിഫലിക്കുന്നതാണ് നിലവിലെ സ്ഥിതി.