News
പോയട്രിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ‘വവ്വാല്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്
ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോഴും പുരോഗമിക്കുകയാണ്
ഓണ്‍ ഡിമാന്‍ഡ്സ് ബാനറില്‍ ഷഹ്മോന്‍ ബി. പറേലി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ പോയട്രിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘വവ്വാല്’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തിറങ്ങി.
സാമൂഹിക മാധ്യമങ്ങളില്‍ പ്രേക്ഷകരില്‍ വലിയ ആവേശം സൃഷ്ടിച്ച പോസ്റ്റര്‍, ചിത്രത്തിന്റെ ആക്ഷന്‍-ത്രില്ലര്‍ താളിനെ മുന്‍കൂട്ടി പ്രദര്‍ശിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോഴും പുരോഗമിക്കുകയാണ്. അഭിമന്യു സിംഗ്, മകരന്ദ് ദേശ്പാണ്ഡേ, ലെവിന്‍ സൈമണ്‍, ലക്ഷ്മി പോര്ക്കര്, ഗോകുലന്, പ്രവീണ്‍, മെറിന് ജോസ്, മണികണ്ഠന് ആചാരി, സുധി കോപ്പ, ദിനേശ് ആലപ്പി, ഷഫീഖ്, ജയകുമാര്‍ കരിമുട്ടം, മന്‍രാജ്, ശ്രീജിത്ത് രവി, ജോജി കെ ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മനോജ് എം. ജെയുടെ ഛായാഗ്രഹണം, ജോസഫ് നെല്ലിക്കലിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍, ഫാസില്‍ പി ഷമോണിന്റെ എഡിറ്റിംഗ്, ജോണ്സണ് പീറ്ററിന്റെ സംഗീതം എന്നിവ സിനിമയുടെ കാഴ്ചയും ഭാവവും സമ്പന്നമാക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് അനില്‍ മാത്യു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്തോഷ് വെണ്‍പകല്‍, കോസ്റ്റിയൂം ഡിസൈനര്‍ ഭക്തന് മങ്ങാട്, സംഘട്ടന സംവിധാനത്തില്‍ നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് ആഷിഖ് ദില്‍ജിത്ത്, പി.ആര് പ്രവര്‍ത്തനത്തില്‍ എ.എ.എസ്. ദിനേശ്, സതീഷ് എരിയാല്‍, സ്റ്റില്‍ ഫോട്ടോകള്‍ രാഹുല്‍ തങ്കച്ചന്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ഒപ്പറ, ഹോട്ട് ആന്‍ഡ് സോര്‍, ഡിസൈനില്‍ കോളിന്‍സ് ലിയോഫില്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
ചിത്രം, ആക്ഷന്‍ ത്രില്ലര്‍ താളിലും ശക്തമായ കഥാവിഷയത്തിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലായാണ് ഒരുക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതോടെ ആരാധക സമൂഹത്തില്‍ പ്രതീക്ഷയും ഉത്സാഹവും ഉയര്‍ന്നു.
News
അസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
നാലാം വിക്കറ്റില്‍ ബാബാ അപരാജിതും അഖില്‍ സ്കറിയയും ചേര്‍ന്ന് 77 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി കേരളത്തെ 100 കടത്തുകയായിരുന്നു
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം, ബാബാ അപരാജിതിന്റെയും മുഹമ്മദ് അസറുദ്ദീന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു.
56 പന്തില്‍ പുറത്താകാതെ 84 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീന് കേരളത്തിന്റെ ടോപ് സ്കോററായി. ബാബാ അപരാജിത് 62 പന്തില്‍ 71 റണ്‍സ് നേടി. തുടക്കത്തില്‍ തന്നെ കേരളത്തിന് തിരിച്ചടിയേറ്റു. ഏഴ് റണ്‍സെടുത്ത അഭിഷേക് നായരും ഗോള്‍ഡന്‍ ഡക്കായി അഹമ്മദ് ഇമ്രാനും മടങ്ങിയതോടെ സ്കോര്‍ 22/2 ആയി.
പിന്നാലെ ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലും (12) പുറത്തായതോടെ 50 റണ്‍സ് തികയും മുന്‍പേ മൂന്ന് വിക്കറ്റ് നഷ്ടമായി. നാലാം വിക്കറ്റില്‍ ബാബാ അപരാജിതും അഖില്‍ സ്കറിയയും ചേര്‍ന്ന് 77 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി കേരളത്തെ 100 കടത്തുകയായിരുന്നു. അഖില്‍ സ്കറിയ 27 റണ്‍സെടുത്തു. അപരാജിതിനെ ശ്രേയസ് ഗോപാല്‍ പുറത്താക്കിയതിന് പിന്നാലെ അഖില്‍ സ്കറിയയും മടങ്ങിയതോടെ കേരളം 128/5 എന്ന നിലയിലായി.
തുടര്‍ന്ന് മുഹമ്മദ് അസറുദ്ദീന്-വിഷ്ണു വിനോദ് സഖ്യം കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 35 റണ്‍സെടുത്ത വിഷ്ണു വിനോദിനെ ശ്രേയസ് ഗോപാല്‍ പുറത്താക്കി. അങ്കിത് ശര്‍മയും (2) പുറത്തായതോടെ സ്കോര്‍ 186/7 ആയി. പിന്നീട് എം.ഡി. നിധീഷിനൊപ്പം (34*) അസറുദ്ദീന് 95 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് തീര്‍ത്ത് കേരളത്തെ 281 റണ്‍സിലെത്തിച്ചു.
മൂന്ന് ഫോറും നാല് സിക്സും അടങ്ങിയതായിരുന്നു അസറുദ്ദീന്റെ ഇന്നിംഗ്സ്. കര്‍ണാടകക്കായി അഭിലാഷ് ഷെട്ടി മൂന്ന് വിക്കറ്റും ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരത്തില്‍ കേരളം ത്രിപുരയെ പരാജയപ്പെടുത്തിയപ്പോള്‍, കര്‍ണാടക ജാര്‍ഖണ്ഡ് ഉയര്‍ത്തിയ 412 റണ്‍സ് പിന്തുടര്ന്ന് വിജയിച്ചിരുന്നു.
News
മണ്ഡലകാലത്തിന് സമാപനം; ഗുരുവായൂരില്‍ നാളെ വിശേഷാല്‍ കളഭാട്ടം
വര്‍ഷത്തില്‍ ഒരിക്കല്‍, മണ്ഡലകാല സമാപനദിവസത്തിലാണ് ഈ പ്രത്യേക ചടങ്ങ് നടക്കുന്നത്.
തൃശൂര്‍: മണ്ഡലകാല സമാപനദിവസമായ നാളെ ഗുരുവായൂരില്‍ വിശേഷാല്‍ കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്ക് മുമ്പായി ക്ഷേത്രം തന്ത്രി ശ്രീഗുരുവായൂരപ്പ വിഗ്രഹത്തില്‍ പ്രത്യേക കളഭം അഭിഷേകം നടത്തും. വര്‍ഷത്തില്‍ ഒരിക്കല്‍, മണ്ഡലകാല സമാപനദിവസത്തിലാണ് ഈ പ്രത്യേക ചടങ്ങ് നടക്കുന്നത്.
മണ്ഡലകാലത്ത് നാല്പത് ദിവസം പഞ്ചഗവ്യാഭിഷേകമാണ് നടത്തുന്നത്. 41ാം ദിവസമായ സമാപനദിവസത്തിലാണ് കളഭാഭിഷേകം. കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് വിശേഷാല്‍ കളഭാഭിഷേകം നടത്തപ്പെടുന്നത്.
ചന്ദനം, കശ്മീര്‍ കുങ്കുമം, പനിനീര് എന്നിവ നിശ്ചിത അളവില്‍ ചേര്‍ത്ത് സുഗന്ധപൂരിതമായ കളഭക്കൂട്ട് തയ്യാറാക്കുന്നത് ക്ഷേത്രത്തിലെ കീഴ്ശാന്തിമാരാണ്. പന്തീരടി പൂജയ്ക്ക് ശേഷം കളഭപൂജ നടത്തി ഈ കളഭക്കൂട്ട് ശ്രീഗുരുവായൂരപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും.
കളഭത്തില്‍ ആറാടിനില്‍ക്കുന്ന ഗുരുവായൂരപ്പനെ അടുത്ത ദിവസം നിര്‍മാല്യംവരെ ഭക്തര്‍ക്ക് ദര്‍ശിക്കാനാകും. കളഭാട്ട ദിവസത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വഴിപാടായി വിളക്കാഘോഷവും നടക്കും.
ആചാരാനുഷ്ഠാനങ്ങള്‍ക്കൊപ്പം വിവിധ ക്ഷേത്രകലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10ന് പഞ്ചമദ്ദളകേളി, ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, രാത്രി ചുറ്റുവിളക്ക്, ഇടയ്ക്ക-നാഗസ്വര മേളം, പഞ്ചാരിമേളം എന്നിവയും നടക്കും.
News
എട്ട് മണിക്കൂര്‍ ചികിത്സ കാത്തിരിപ്പ്; കാനഡയില്‍ ഇന്ത്യന്‍ വംശജന് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു
ശ്വാസംമുട്ടലും കടുത്ത നെഞ്ചുവേദനയും അനുഭവപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ ആവശ്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്.
എഡ്മോണ്‍റണ്‍: സഹിക്കാനാകാത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ ഇന്ത്യന്‍ വംശജന് എട്ട് മണിക്കൂറിലേറെ ചികിത്സ ലഭിക്കാതെ കാത്തിരിക്കേണ്ടി വന്നതിനെ തുടര്‍ന്ന് കാനഡയില്‍ ദാരുണാന്ത്യം. എഡ്മോണ്‍റണില്‍ താമസിക്കുന്ന 44 വയസുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്.
ശ്വാസംമുട്ടലും കടുത്ത നെഞ്ചുവേദനയും അനുഭവപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ ആവശ്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. ഡിസംബര്‍ 22നാണ് സംഭവം. ജോലിസ്ഥലത്ത് വച്ച് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ട പ്രശാന്തിനെ ഉടന്‍ തന്നെ തെക്കുകിഴക്കന്‍ എഡ്മോണ്‍റണിലെ ഗ്രേ നണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രയാജിലെ ആദ്യഘട്ട പരിശോധനയ്ക്കുശേഷം ഇസിജി എടുത്തെങ്കിലും ‘കാര്യമായ പ്രശ്നങ്ങളില്ലെന്ന’ വിലയിരുത്തലോടെ കാത്തിരിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ പ്രശാന്ത് പിതാവ് കുമാര്‍ ശ്രീകുമാറിനൊപ്പം മണിക്കൂറുകളോളം വെയിറ്റിങ് റൂമില്‍ തുടരേണ്ടിവന്നു. വേദന സഹിക്കാന്‍ കഴിയില്ലെന്ന് പ്രശാന്ത് ആവര്‍ത്തിച്ച് അറിയിച്ചിട്ടും, ടൈലനോള്‍ എന്ന സാധാരണ വേദനസംഹാരിയാണ് നല്‍കിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം.
എട്ട് മണിക്കൂറിലധികം കാത്തിരിപ്പിന് ശേഷം എമര്‍ജന്‍സി മുറിയിലേക്ക് വിളിപ്പിച്ചെങ്കിലും, കസേരയില്‍ ഇരുന്ന ഉടന്‍ തന്നെ പ്രശാന്ത് നെഞ്ചുപിടിച്ച് കുഴഞ്ഞുവീണു. നഴ്സുമാര്‍ അടിയന്തര ചികിത്സ നല്കാന് ശ്രമിച്ചെങ്കിലും ഹൃദയാഘാതം മൂലം അദ്ദേഹത്തെ രക്ഷിക്കാനായില്ല. പ്രശാന്തിന് ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്. സംഭവത്തില്‍ ആശുപത്രിയുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് പ്രശാന്തിന്റെ പിതാവും ഭാര്യയും ആരോപിക്കുന്നു.
ഇതിനിടെ, സംഭവത്തില്‍ മെഡിക്കല്‍ എക്സാമിനര്‍ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതരായ കോവനന്റ് ഹെല്‍ത്ത് നെറ്റവര്‍ക്ക് അറിയിച്ചു. രോഗിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും രോഗികളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അധികൃതര്‍ പ്രതികരിച്ചു.
-
kerala3 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News3 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
News3 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala3 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
kerala21 hours agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
-
kerala3 days agoതൊടുപുഴയിൽ വയോധികയെ കെട്ടിയിട്ട് കവർച്ച; കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ
