News
ആരാധന അതിരുവിട്ടപ്പോള്‍; ഹൈദരാബാദില്‍ സാമന്തയ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം
ഇവന്റ് കഴിഞ്ഞ് പുറത്തേക്ക് എത്തിയ സാമന്തയ്ക്ക് സമീപം പൊലീസ് ഉദ്യോഗസ്ഥരും ബൗണ്‍സര്‍മാരും ഉണ്ടായിരുന്നെങ്കിലും സുരക്ഷാ വലയത്തെ തള്ളിമറിച്ചുകൊണ്ടാണ് ആള്‍ക്കൂട്ടം നടിയിലേക്കെത്തിയത്.
ഹൈദരാബാദ്: താരാരാധന അതിരുവിടുമ്പോള്‍ എത്രമാത്രം അപകടകരമാകുമെന്നതിന്റെ പുതിയ ഉദാഹരണമായി നടി സാമന്തയ്ക്ക് നേരെയുണ്ടായ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നടന്ന ഒരു പരിപാടിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് സാമന്തയെ ഒരുകൂട്ടം ആരാധകര്‍ വളഞ്ഞത്.
ഇവന്റ് കഴിഞ്ഞ് പുറത്തേക്ക് എത്തിയ സാമന്തയ്ക്ക് സമീപം പൊലീസ് ഉദ്യോഗസ്ഥരും ബൗണ്‍സര്‍മാരും ഉണ്ടായിരുന്നെങ്കിലും സുരക്ഷാ വലയത്തെ തള്ളിമറിച്ചുകൊണ്ടാണ് ആള്‍ക്കൂട്ടം നടിയിലേക്കെത്തിയത്. അനുവാദമില്ലാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച നിരവധി പേര്‍ നടിയെ ചുറ്റിപ്പറ്റിയതോടെ തിരക്കിനിടയില്‍ സാമന്തയ്ക്ക് വീഴാനായതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ഒടുവില്‍ ബൗണ്‍സര്‍മാര്‍ ഇടപെട്ട് സാമന്തയെ സുരക്ഷിതമായി കാറില്‍ കയറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ‘ ഇത് ആരാധനയല്ല, ഭ്രാന്താണ്’, ‘വളരെ മോശം സുരക്ഷ’, ‘ആള്‍ക്കൂട്ടം ഭയപ്പെടുത്തുന്നതാണ്’, ‘ഇവരെ ആരാധകരെന്ന് വിളിക്കാനാകില്ല’, ‘പീഡനത്തിന് കേസെടുക്കണം’ തുടങ്ങിയ കടുത്ത പ്രതികരണങ്ങളാണ് കമന്റുകളിലൂടെ ഉയരുന്നത്.
അടുത്തിടെ ഹൈദരാബാദില്‍ നടി നിധി അഗര്‍വാളിനും സമാനമായ ദുരനുഭവം നേരിട്ടിരുന്നു. അനുവാദമില്ലാതെ ദേഹത്ത് സ്പര്‍ശിക്കുകയും സെല്‍ഫികള്‍ക്കായി നടിയെ വളയുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. താരങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഓര്‍മിപ്പിക്കുന്നതാണ് സാമന്തയ്ക്ക് നേരെയുണ്ടായ ഈ സംഭവം. ആരാധനയുടെ പേരില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.
News
മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും വീണ്ടും ഒന്നിക്കുന്നു; ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രത്തിന് തുടക്കം
‘മാര്‍ക്കോ’, ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘കാട്ടാളന്‍’ എന്നിവയ്ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
മലയാള സിനിമയിലെ മഹാനടന്‍ മമ്മൂട്ടിയും പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ ഖാലിദ് റഹ്‌മാനും വീണ്ടും കൈകോര്‍ക്കുന്നു. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
‘മാര്‍ക്കോ’, ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘കാട്ടാളന്‍’ എന്നിവയ്ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
നിയോഗ്, സുഹാസ്, ഷര്‍ഫു എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ഈ ചിത്രം, നടനും താരവുമായ മമ്മൂട്ടിക്കുള്ള ആദരമായാണ് ഒരുക്കുന്നത്. വേഷ പകര്‍ച്ചകളിലൂടെ ഓരോ തവണയും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മമ്മൂട്ടി, ഖാലിദ് റഹ്‌മാനൊപ്പം ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്.
‘ഉണ്ട’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി – ഖാലിദ് റഹ്‌മാന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്. ‘ആലപ്പുഴ ജിംഖാന’ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രവും, ‘ടികി ടാക്കക്’ക്ക് ശേഷം നിയോഗ് രചന നിര്‍വഹിക്കുന്ന സിനിമയുമാണ് ഇത്.
മലയാളത്തിനകത്തും പുറത്തുമുള്ള നിരവധി വമ്പന്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2026ല്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബജറ്റ് മാസ് എന്റര്‍ടെയ്‌നര്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.
‘മാര്‍ക്കോ’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ സിനിമ വിനോദവ്യവസായ രംഗത്ത് അതി നൂതന ആശയങ്ങള്‍ അവതരിപ്പിച്ച ഷെരീഫ് മുഹമ്മദ്, അദ്ദേഹത്തിന്റെ ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ട്രെന്‍ഡിംഗാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍,പി.ആര്‍.ഒ: വൈശാഖ് സി വടക്കേവീട്,ജിനു അനില്‍കുമാര്‍
kerala
അപമാനകരം, ഈ അപരിഷ്‌കൃത സമീപനം
യുവാവിന്റെ കയ്യില്‍ മോഷണവസ്തുക്കള്‍ ഒന്നും ഇല്ലാതിരുന്നിട്ടും നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിന് ശേഷം കേരളം മറ്റൊരു ആള്‍ക്കൂട്ടകൊലപാതകത്തിന്റെ നടുക്കത്തിലാണ്. മലയാളികളെയാകെ നാണക്കേടിലേക്ക് തള്ളിവിട്ട ഈ ദാരുണമായ സംഭവത്തിന് സാക്ഷിയായതാവട്ടേ വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടു പിഞ്ചോമനകളുടെ ജീവന്‍ ദുരൂഹമായ സാഹചര്യത്തില്‍ നഷ്ടപ്പെട്ട അതേ വാളയാറിലും. കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ടത് ഛത്തീസ്ഗഡ്, ബിലാസ്പൂര്‍ സ്വദേശിയായ രാമനാരായണ്‍ ഭയ്യാര്‍ ആണ്.
വാളയാര്‍ അട്ടപ്പള്ളത്ത് ജോലി തേടി എത്തിയ 31 കാരനായ ഭയ്യാറിനെ ബംഗ്ലാദേശിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചോരയൊലിപ്പിച്ച് നാല് മണിക്കൂറോളം തെരുവില്‍ കിടന്ന ആ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ക്രൂരമായ ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും നേരിട്ട ശേഷമാണ് ആ യുവാവ് മരിച്ചത്.
മദ്യലഹരിയില്‍ ആയിരുന്ന രാമനാരായണ്‍ ഭയ്യാറിനെ മോഷ്ടാവാണെന്ന് ആരോപിച്ച് നാട്ടുകാരുടെ സംഘം വളഞ്ഞുവെച്ചു. ചോദ്യം ചെയ്യല്‍ മര്‍ദ്ദനമായി മാറി. ബംഗ്ലാദേശിയല്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. അടിയേറ്റ് അവശനിലയിലായ യുവാവിനോട് ബംഗ്ലാദേശില്‍ ആരെങ്കിലും ഉണ്ടോ എന്ന് അക്രമികള്‍ ചോദിക്കുന്നുണ്ട്. തന്റെ ഒരു സഹോദരി അവിടെയുണ്ടന്ന് യുവാവ് മറുപടി പറയുന്നു. നീ ബംഗ്ലാദേശിയാണോ എന്ന് ആള്‍ക്കൂട്ടം അയാളോട് ചോദിച്ചു. വളരെ നിര്‍ജ്ജീവമായി അതേ എന്ന് അയാള്‍ മറുപടി പറയുമ്പോള്‍ ആള്‍ ക്കൂട്ടം വീണ്ടും അടിക്കാന്‍ ആരംഭിച്ചു. മര്‍ദ്ദനത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മോഷ്ടാവെന്ന് ആരോപിച്ച് തടഞ്ഞുവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. യുവാവിന്റെ കയ്യില്‍ മോഷണവസ്തുക്കള്‍ ഒന്നും ഇല്ലാതിരുന്നിട്ടും നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
കേരളത്തില്‍ ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആള്‍ ക്കൂട്ടക്കൊല അട്ടപ്പാടി സ്വദേശി മധുവിന്റേതാണ്. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദ്ദനത്തിനും ഇരയായി മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. കടയില്‍ നിന്ന് അരിയും ഭക്ഷ്യ വസ്തുക്കളും മോഷ്ടിച്ചെന്നായിരുന്നു ആരോപണം. മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധു ചിണ്ടക്കിയൂരില്‍ നിന്നും മാറി വനത്തിനുള്ളിലെ ഗുഹയിലായിരുന്നു താമസിച്ചിരുന്നത്. അവിടെയെത്തിയ ആള്‍ക്കൂട്ടം ഉടുമുണ്ട് ഊരി കൈകള്‍ ചേര്‍ത്തുകെട്ടി മുക്കാലിയില്‍ എത്തിക്കു കയായിരുന്നു.
നാട്ടുകാരുടെ മര്‍ദ്ദനത്തിനൊടുവില്‍ പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ഛര്‍ദിച്ചു. ഇതോടെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മധു മരിച്ചിരുന്നു. ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം സമാനമായ സാഹചര്യത്തില്‍ മറ്റൊരു മരണംകൂടി സംഭവിക്കുമ്പോള്‍ ആള്‍ക്കൂട്ടകൊലപാതകമെന്ന ഭീതിതമായ സാഹചര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് നമ്മുടെ നാടിനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ധ്രുവീകരണ രാഷട്രീയത്തിന്റെ കരാള ഹസ്തങ്ങള്‍ വരിഞ്ഞുമുറുക്കിയ ഉത്തരേന്ത്യയില്‍ ആ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ആള്‍ക്കൂട്ടകൊ ലപാതകത്തെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായാണ് കാണുന്നത്.
അതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ക്കനുസൃത മായി, തരാതരംപോലെ മനുഷ്യ ജീവനുകള്‍തല്ലിക്കെടുത്തുന്നത് അവിടങ്ങളില്‍ സര്‍വസാധാരാണമാണ്. മതവും ജാതിയും മാത്രമല്ല ഭാഷയും തൊഴിലും ഭക്ഷണവും വസ്ത്രവും പോലും കാരണമാക്കപ്പെടുകയാണ്. സ്വന്തം വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിക്കപ്പെട്ട് വീടോടെ ചുട്ടുകൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്ക് മുതല്‍ ട്രെയിനില്‍ വെച്ച് ബീഫ് കഴിച്ചുവെന്ന കുറ്റംചുമത്തികൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയായ ജുനൈദ് വരെ ആള്‍ക്കൂട്ടക്കൊലപാതകമെന്ന കിരാത രാഷട്രീയത്തിന്റെ ഉദാഹരണങ്ങളാണ്.
ഉത്തരേന്ത്യയിലെ ഈ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ രാമനാരായണ്‍ ഭയ്യാറിന്റെ കൊലപാതകത്തിലും പ്രകടമാണ്. പ്രതിചേര്‍ക്കപ്പെട്ടവരുടെ രാഷ്ട്രീയം മാത്രമല്ല, ഇല്ലാതാക്കുന്നതിന് മുമ്പ് അവര്‍ ഉയര്‍ത്തിയ ചോദ്യങ്ങളും അതിന് അടിവരയിടുകയാണ്. നീ ബംഗ്ലാദേശിയല്ലേ എന്ന ചോദ്യത്തില്‍ തന്നെയുണ്ട് അക്രമികളുടെ മനോഭാവത്തിന്റെ ബഹിസ്ഫുരണം. അതുകൊണ്ട് തന്നെ കൊലപാതകത്തെപൊലെ തന്നെ ഗൗരവതരമാണ് അതിലേക്ക് നയിച്ച കാരണങ്ങളും.
സംഭവത്തിന്റെ എല്ലാ തലത്തിലുള്ള മാനങ്ങളും തിരിച്ചറിഞ്ഞ് അവയെല്ലാം മുളയിലെ നുള്ളിക്കളയുകയും അത്തരം സമീപനങ്ങളെ തലപൊക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുകയെന്ന അതീവ ജാഗ്രതയോടുള്ള സമീപനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ നിന്നുണ്ടാകേണ്ടത്. പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചതുപോലെ ആള്‍ക്കൂട്ടം നിയമം കൈയ്യിലെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതും അത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതുമാണ്.
kerala
ക്രിസ്മസ്- പുതുവത്സര വിപണി ഇന്നു മുതല്‍; വെളിച്ചെണ്ണയുടെ വില കുറയ്ക്കാന്‍ സപ്ലൈകോ
സപ്ലൈകോ വഴി 319 രൂപയ്ക്ക് നല്‍കുന്ന സബ്‌സിഡി വെളിച്ചെണ്ണ…
തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര ക്രിസ്മസ് പുതുവത്സര വിപണി ഇന്നുമുതല്‍ ജനുവരി ഒന്നു വരെ എല്ലാ ജില്ലകളിലും നടക്കും. വിപണിയോട് അനുബന്ധിച്ച് വെളിച്ചെണ്ണയുടെ വില കുറയ്ക്കാന്‍ നീക്കവുമായി സപ്ലൈകോ. ഒരു കിലോ ശബരി വെളിച്ചെണ്ണ 329 രൂപയ്ക്ക് നല്‍കും. സപ്ലൈകോ വഴി 319 രൂപയ്ക്ക് നല്‍കുന്ന സബ്‌സിഡി വെളിച്ചെണ്ണ 309 രൂപയ്ക്ക് നല്‍കും. മറ്റ് സപ്ലൈകോ ഉല്‍പന്നങ്ങള്‍ക്കും വില കുറയ്ക്കാന്‍ ആലോചനയുണ്ട്.
ഒരു കിലോ ആട്ട 17 രൂപ നിരക്കില്‍ വെള്ള -നില കാര്‍ഡ് ഉടമകള്‍ക്ക് നല്‍കും. രണ്ട് കിലോ വരെ സപ്ലൈകോയില്‍ നിന്ന് വാങ്ങാം. നേരത്തെ മഞ്ഞ – പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരുന്നു 17 രൂപ നിരക്കില്‍ ആട്ട നല്‍കിയിരുന്നത്.
അതേസമയം സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ഡിസംബര്‍ 22ന് രാവിലെ പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനാവുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആദ്യ വില്പന നിര്‍വഹിക്കും. ജനുവരി ഒന്നുവരെ നീളുന്ന ഫെയറുകളില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ വിലക്കുറവും 667 രൂപയുടെ പ്രത്യേക കിറ്റ് 500 രൂപയ്ക്കും ലഭ്യമാകും.
-
kerala17 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala17 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala17 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala19 hours agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india24 hours agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india16 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india1 day agoഅനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
-
india18 hours agoട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ചെലവേറും; നിരക്കുകളില്‍ വര്‍ധന
