kerala
സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കില്ല; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ചില സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. രേഖാമൂലം അല്ലാതെയും രക്ഷാകര്ത്താക്കള് പരാതി അറിയിച്ചു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു കാര്യം കേട്ടുകേള്‍വിയില്ലാത്തതാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യന്‍ മോഡലുകള്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.
ജാതിമത ചിന്തകള്‍ക്കപ്പുറം കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുകയും ഒന്നിച്ച് വളരുകയും ചെയ്യുന്നതാണ് നമ്മുടെ വിദ്യാലയങ്ങള്‍. അവിടെ വേര്‍തിരിവിന്റെ വിത്തുകള്‍ പാകുന്നത് അംഗീകരിക്കാനാകില്ല. ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒരുപോലെ ആഘോഷിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുന്നത് ഇത്തരം ഒത്തുചേരലുകളില്‍ നിന്നാണ്. ക്രിസ്മസ് ആഘോഷത്തിന് കുട്ടികള്‍ നിന്ന് പണം പിരിച്ച ശേഷം പരിപാടി വേണ്ടെന്ന് വയ്ക്കുന്നത് കുട്ടികളോടുള്ള ക്രൂരമായ നടപടിയാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവിദ്യാലയങ്ങള്‍ക്കും ബാധ്യതയുണ്ട്.
‘എയ്ഡഡ് സ്കൂളായാലും അണ് എയ്ഡഡ് സ്കൂളായാലും പ്രവര്‍ത്തിക്കുന്നത് ഈരാജ്യത്തെ നിയമത്തിനനുസരിച്ചും വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും അനസുരിച്ചാണ്. സങ്കുചിത രാഷ്ട്രീയ വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയത്തെ മാറ്റിയാല്‍ കര്‍ശനനടപടിയെടുക്കും. എതെങ്കിലും ഒരുമതത്തിന്റെ ആഘോഷത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് വിവേചനമാണ്. ഇത്തരം വിവേചനം വച്ചുപുലര്‍പ്പിക്കില്ല. ഇക്കാര്യത്തില്‍ അടിയന്തരമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശം നല്‍കും. കുട്ടികളെ കുട്ടികളെയായി കാണുക. അവരെ വര്‍ഗീയതയുടെ കളളികളില് ഒതുക്കാതിരിക്കുക’ – വി ശിവന്‍കുട്ടി പറഞ്ഞു.
kerala
മലയാളിയുടെ ശ്രീനിവാസന് വിട; ഓര്‍മകളില്‍ ജീവിക്കുന്നൊരു കാലഘട്ടം
നിമിഷങ്ങള്‍ക്ക് മുമ്പ് കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടന്നു.
കൊച്ചി: മലയാളിയുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിടപറഞ്ഞു. പകരക്കാരില്ലാത്ത സംഭാവനകളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ കലാകാരനാണ് ഇനി തന്റെ സിനിമകളിലൂടെ മാത്രം ജീവിക്കുക. നിമിഷങ്ങള്‍ക്ക് മുമ്പ് കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടന്നു.
കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസന് രണ്ട് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ശനിയാഴ്ച രാവിലെ ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ എട്ടരയോടെ അദ്ദേഹം അന്തരിച്ചു. മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ഭാഗധേയം നിര്‍ണയിച്ച പ്രതിഭയായിരുന്നു ശ്രീനിവാസന്.
താലൂക്ക് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മാറ്റിയ ഭൗതിക ശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ചലച്ചിത്ര, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ എത്തി. ഒരു മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിച്ച മൃതദേഹം നാല് മണിയോടെ വീണ്ടും വീട്ടിലേക്ക് കൊണ്ടുവന്നു. ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി പി. രാജീവ്, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
1956ല്‍ കൂത്തുപറമ്പിനടുത്ത് പാട്യത്ത് സ്കൂള്‍ അധ്യാപകനായ ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായാണ് ശ്രീനിവാസന്റെ ജനനം. കൂത്തുപറമ്പ് മിഡില്‍ സ്കൂളിലും കതിരൂര്‍ ഗവ. ഹൈസ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ചെന്നൈയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. അവിടെനിന്ന് അഭിനയത്തില്‍ ഡിപ്ലോമ നേടി 1977ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്.
ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീനിവാസന് അഭിനയത്തിലും തിരക്കഥയിലും സംവിധാനത്തിലും ഒരുപോലെ തന്റെ സാന്നിധ്യം രേഖപ്പെടുത്തി. മകന് ധ്യാന്‍ ശ്രീനിവാസന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയ *‘ആപ് കൈസേ ഹോ’*യാണ് അവസാന ചിത്രം. ‘ഞാന്‍ പ്രകാശന്’ എന്ന സിനിമയ്ക്കാണ് അദ്ദേഹം അവസാനമായി തിരക്കഥ ഒരുക്കിയത്. മലയാള സിനിമയിലെ ഒരു യുഗം അടയാളപ്പെടുത്തിയാണ് ശ്രീനിവാസന്റെ വിടവാങ്ങല്‍.
kerala
നിലമ്പൂര്‍ തേക്ക് ലേലത്തില്‍ റെക്കോര്‍ഡ് വില; രണ്ട് കഷ്ണങ്ങള്‍ക്ക് 31.85 ലക്ഷം
ഒരേ തേക്കുതടിയുടെ രണ്ട് കഷ്ണങ്ങള്‍ക്കായി നികുതി ഉള്‍പ്പെടെ 31,85,828 രൂപയാണ് ലഭിച്ചത്.
മലപ്പുറം: വനംവകുപ്പിന്റെ നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ നടന്ന ഇ-ലേലത്തില്‍ തേക്ക് തടികള്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കാണാത്ത റെക്കോര്‍ഡ് വില. ഒരേ തേക്കുതടിയുടെ രണ്ട് കഷ്ണങ്ങള്‍ക്കായി നികുതി ഉള്‍പ്പെടെ 31,85,828 രൂപയാണ് ലഭിച്ചത്.
ബി കയറ്റുമതി ഇനത്തില്‍പ്പെട്ട 1.836 ഘനമീറ്റര്‍ തേക്ക് തടിക്ക് ഘനമീറ്ററിന് 5,43,000 രൂപ നിരക്കില്‍ 9,96,948 രൂപ ലഭിച്ചു. ജിഎസ്ടി ഉള്‍പ്പെടെ 26.5 ശതമാനം നികുതി ചേര്‍ത്തതോടെ ഒറ്റ കഷ്ണത്തിന്റെ വില 12,59,922 രൂപയായി.
സി ക്ലാസ് കയറ്റുമതി ഇനത്തില്‍പ്പെട്ട 2.925 ഘനമീറ്റര്‍ തേക്ക് തടിക്ക് ഘനമീറ്ററിന് 5,21,000 രൂപ നിരക്കില്‍ 15,23,925 രൂപ ലഭിച്ചു. നികുതി ഉള്‍പ്പെടെ ഇതിന്റെ അന്തിമ വില 19,25,906 രൂപയായി. ഇതടക്കമാണ് വനംവകുപ്പിന് മൊത്തം 31,85,828 രൂപ ലഭിച്ചത്.
വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനം സ്റ്റേഷന് പരിധിയില്‍ പുഞ്ചക്കൊല്ലി ആദിവാസി നഗറിനുസമീപം ഭീഷണിയായി നിന്നിരുന്ന 100 വര്‍ഷത്തിലേറെ പഴക്കമുള്ള തേക്കുതടിയാണ് മുറിച്ച് അരുവാക്കോട് ഡിപ്പോയില്‍ ലേലത്തിന് വച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇ-ലേലത്തില്‍ ക്ഷേത്ര നിര്‍മാണത്തിനായി ഗുജറാത്തിലെ ഒരു സ്ഥാപനം ബി കയറ്റുമതി ഇനത്തിലെ തേക്ക് സ്വന്തമാക്കി. വീട് നിര്‍മാണത്തിനായി സി കയറ്റുമതി ഇനത്തിലെ തേക്ക് തടിയാണ് തമിഴ്നാട് സ്വദേശി കൈവശമാക്കിയത്.
kerala
‘അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല; മലയാള സിനിമ എന്താണ് ശ്രീനിക്ക് തിരിച്ചുനല്‍കിയത്?’: ജഗദീഷ്
കൊച്ചി: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ശ്രീനിവാസന് വഹിച്ച പങ്ക് വലുതാണെന്ന് നടന് ജഗദീഷ്. ജീവിതത്തില്‍ ഇന്നുവരെ ഡബിള്‍ മീനിങ്ങുള്ള ഒരുസംഭാഷണം പോലും അദ്ദേഹം എഴുതിയിട്ടില്ല. തലച്ചോറിന്റെ ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെതെന്നും ജഗദീഷ് പറഞ്ഞു. ഉദയംപേരൂരെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംസാരിക്കുമ്പോള്‍ ഇത്രയേറെ ഹ്യൂമര്‍സെന്‍സുള്ള ഒരാളെ താന്‍ മലയാള സിനിമയില്‍ കണ്ടിട്ടില്ല. സംവിധാനം ചെയ്ത രണ്ടുചിത്രങ്ങളും മലയാളത്തിലെ മികച്ച ചിത്രങ്ങളാണ്. സിനിമയില്‍ ഒരു വേഷം തരുമ്പോള്‍ ആ കഥാപാത്രം തനിക്ക് എത്ര ഗുണം ചെയ്യുമെന്നറിയില്ല, തരക്കേട് ഇല്ലാത്ത വേഷമാണെന്നും അത് പടത്തിന് ഗുണം ചെയ്യമെന്നാണ് പറയുക. സ്വയം കളിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി. ഉദാത്തമായ ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെത് അതുകൊണ്ടാണ് കുഞ്ചന്‍ നമ്പ്യാരുടെയും സഞ്ജയന്റെയും വികെഎന്റെയും ശ്രേണിയില്‍പ്പെട്ടത്. മറ്റുളളവരെ കളിയാക്കുന്നതില്‍ അല്ല സ്വയം കളിയാക്കുന്നതിലാണ് അദ്ദേഹത്തിന് താത്പര്യം.
തന്റെ രൂപം അത്ര സുന്ദരമല്ലായെന്നും തനിക്ക് പൊക്കക്കുറവ് ഉണ്ടെന്നള്ളതും വലിയ പരിമിതിയായിട്ട് പ്രേക്ഷകരുടെ മുന്നില്‍ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രേക്ഷകര്‍ അത് വലിയ പൊക്കമായും വലിയ സൗന്ദര്യമായും തിരിച്ചുകൊടുത്തു. ശ്രീനിവാസന് മലയാള സിനിമക്ക് ഒരുപാട് തന്നിട്ടുണ്ട്. എനിക്ക് ഉള്‍പ്പടെ ഒരുപാട് കലാകാരന്മാര്ക്ക് തന്നിട്ടുണ്ട്. തിരിച്ച് ശ്രീനിവാസന് അധികം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഒരുപാട് താരങ്ങളെയും സംവിധായകരെയും സൃഷ്ടിച്ചു. ഒരുപാട് നല്ല സിനിമകള്‍ തന്നിട്ടുണ്ട്. തിരിച്ച് മലയാള സിനിമ എന്താണ് നല്‍കിയതെന്ന് ചോദിച്ചാല്‍ അദ്ദേഹം തന്നതിന് അനുസരിച്ച് തിരിച്ച് നല്കാന് നമുക്ക് കഴിഞ്ഞിട്ടില്ല.
ജനകീയമായ ഹാസ്യമാണ് തന്റെ അനുവഭത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. ജീവിതത്തിലെ തിക്തമായ അനുഭവങ്ങളെല്ലാം അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. സാമ്പത്തികമായ ഭേദപ്പെട്ട കുടുംബത്തില്‍ ജനിച്ചിട്ട് പിന്നീട് തകര്‍ച്ച നേരിടേണ്ടി വന്നു. അതാണ് വരവേല്‍പ്പില്‍ പറഞ്ഞത്. പട്ടിണി കിടന്നിട്ടുണ്ട്. അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല. ഒരാളോടും കൈനീട്ടി പണം ചോദിച്ചിട്ടില്ല’ – ജഗദീഷ് പറഞ്ഞു.
ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖര്‍ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാാനുമായെത്തി. തമിഴ്നടന്‍ സൂര്യ, ജഗദീഷ്, പാര്‍വതി തിരുവോത്ത്, രാജസേനന് തുടങ്ങി… ആ നിര നീളന്നു. താന്‍ ശ്രീനിവാസന്റെ കടുത്ത ആരാധകനാണെന്നും ശ്രീനിവാസന്റെ സിനിമാ സന്ദേശം എക്കാലത്തും നിലനില്‍ക്കുമെന്നു അദ്ദേഹം അനുസ്മരിച്ചു.
ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെ പ്രവേശിപ്പിക്കുകയായിരുന്നു.
-
kerala3 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
kerala3 days agoപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു
-
Auto3 days agoകാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
-
kerala3 days agoകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
-
india3 days agoനിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
-
india3 days agoധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
-
kerala3 days agoകൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
-
kerala3 days agoഇതാണോ പിണറായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?, ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്?; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്
