Connect with us

kerala

ദീപക്-ആത്മഹത്യ കേസ്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍

കേസ് ക്രൈംബ്രാഞ്ച് അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

Published

on

കൊച്ചി: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ച് അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ദീപക് യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണം വ്യാജ പ്രചാരണമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു ദീപക്കിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണം. വീഡിയോ പ്രചരിപ്പിച്ചതുമൂലം ദീപക്കിന് കടുത്ത മാനസിക സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും ഇത് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നുവെന്നും മെന്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. അഭിഭാഷകന്‍ എം.ജി. ശ്രീജിത്ത് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിയായ യുവതി വിദേശത്തേക്ക് കടന്നിരിക്കാമെന്ന സംശയവും അസോസിയേഷന്‍ ഉന്നയിച്ചു. യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പ്രതിയായ യുവതിയെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി ആരോപിക്കുന്ന വടകര സ്വദേശി ഷിംജിത ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഷിംജിത വിദേശത്തേക്ക് കടക്കാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ സംസ്ഥാനം വിട്ട് മംഗളൂരുവിലെത്തിയെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഷിംജിതയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ദീപക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

കഴിഞ്ഞ ദിവസം സംഭവമുണ്ടായതായി ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവദിവസം ആരും പരാതി നല്‍കിയിട്ടില്ലെന്നും, പരാതി ലഭിച്ചിരുന്നെങ്കില്‍ പൊലീസിനെ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാര്‍ അറിയിച്ചു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മെഡിക്കല്‍ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴികള്‍ രേഖപ്പെടുത്തി. ആരോപണം വ്യാജമാണെന്നും, മാനസിക വിഷമം ഉണ്ടായിരുന്നതായി മകന്‍ പറഞ്ഞിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ മൊഴി നല്‍കി. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതി വീഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ ഉന്നയിച്ച ആരോപണം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക്കിനെതിരെ തീവ്ര സൈബര്‍ ആക്രമണം ഉണ്ടായി. ഇതിന് പിന്നാലെ ദീപക് മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ചയാണ് ദീപക്കിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

kerala

കത്തിക്കയറി സ്വര്‍ണവില; സംസ്ഥാനത്ത് വീണ്ടും സര്‍വകാല റെക്കോഡ്

ഇന്നലെ ഒരു ദിവസത്തിനിടെ മൂന്ന് തവണ ഉയര്‍ന്ന സ്വര്‍ണവില വൈകിട്ട് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് വീണ്ടും ശക്തമായ കുതിപ്പാണ് ഉണ്ടായത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്ന് സര്‍വകാല റെക്കോഡ് രേഖപ്പെടുത്തി. ഇന്ന് പവന് 3,650 രൂപ വര്‍ധിച്ച് 1,13,520 രൂപയായി. ഗ്രാമിന് 460 രൂപ ഉയര്‍ന്ന് 14,190 രൂപയിലേക്കാണ് വില എത്തിയത്. ഇന്നലെ ഒരു ദിവസത്തിനിടെ മൂന്ന് തവണ ഉയര്‍ന്ന സ്വര്‍ണവില വൈകിട്ട് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് വീണ്ടും ശക്തമായ കുതിപ്പാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,800 ഡോളര്‍ കടന്നതാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്. ഗ്രീന്‍ലന്‍ഡ് കൈവശപ്പെടുത്തുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ആഗോള വിപണിയില്‍ അനിശ്ചിതത്വം വര്‍ധിച്ചതും സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം കൂടാന്‍ ഇടയാക്കി. ഡിസംബര്‍ 23-നാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്ന് ദിവസങ്ങളിലുടനീളം വില ഉയര്‍ച്ച തുടരുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെറിയ കുറവും വര്‍ധനയും ആവര്‍ത്തിച്ചുള്ള ‘യുടേണ്‍’ നിലയിലായിരിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇന്നത്തെ ശക്തമായ ഉയര്‍ച്ച. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നായ ഇന്ത്യ വര്‍ഷംതോറും ടണ്‍കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

kerala

സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ ഗുരുതര ക്രമക്കേടുകൾ; കള്ളപ്പണം വെളുപ്പിച്ചെന്ന ജീവനക്കാരന്റെ വെളിപ്പെടുത്തൽ

ബ്രഹ്മഗിരിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്നും, ചാക്കുകളിൽ പണം കടത്തി സ്ഥാപനത്തിലെത്തിച്ചതിന് താൻ സാക്ഷിയാണെന്നും സൊസൈറ്റി ജീവനക്കാരനായിരുന്ന നൗഷാദ് ആരോപിച്ചു

Published

on

കൽപറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ. ബ്രഹ്മഗിരിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്നും, ചാക്കുകളിൽ പണം കടത്തി സ്ഥാപനത്തിലെത്തിച്ചതിന് താൻ സാക്ഷിയാണെന്നും സൊസൈറ്റി ജീവനക്കാരനായിരുന്ന നൗഷാദ് ആരോപിച്ചു. ജീവനക്കാരുടെ അക്കൗണ്ടുകൾ വഴി പണം നിക്ഷേപിച്ച് പിന്നീട് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി വെളുപ്പിച്ചുവെന്നാണ് ആരോപണം.

2021 ഡിസംബർ രണ്ടിനാണ് ചാക്കുകളിൽ പണം ബ്രഹ്മഗിരി സൊസൈറ്റിയിലേക്ക് എത്തിച്ചതെന്ന് നൗഷാദ് വ്യക്തമാക്കി. വലിയ തുക ആയതിനാൽ സൊസൈറ്റിയുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കാൻ സാധിക്കാതെ, സ്ഥാപനത്തിലെ ചില ജീവനക്കാരുടെ അക്കൗണ്ടുകളിൽ ഒരു ലക്ഷം, രണ്ട് ലക്ഷം രൂപ വീതം നിക്ഷേപിച്ച ശേഷം അതു ബ്രഹ്മഗിരിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പണം യൂണിയൻ ബാങ്കിന്റെ സുൽത്താൻ ബത്തേരി ശാഖയിൽ വെച്ച് വെളുപ്പിച്ചതായും നൗഷാദ് ആരോപിക്കുന്നു.

ഇതിന് മുമ്പും ബത്തേരിയിലെ ഒരു പ്രമുഖ കാറ്ററിങ് ഉടമയിൽ നിന്ന് സമാന രീതിയിൽ പണം കൊണ്ടുവന്നിട്ടുണ്ടെന്നും, കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ഥാപനത്തിലെ നേതാക്കളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നൗഷാദ് പറഞ്ഞു. 2021ലെ സംഭവവുമായി ബന്ധപ്പെട്ടതായി അവകാശപ്പെടുന്ന ചില ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

ഇത്തരം ക്രമക്കേടുകളിൽ താനുൾപ്പെടെയുള്ള ജീവനക്കാരാണ് പറ്റിക്കപ്പെട്ടതെന്നും അതുകൊണ്ടാണ് മുന്നോട്ടു വന്നതെന്നും നൗഷാദ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നാൽ ഇതിലും വലിയ ക്രമക്കേടുകൾ പുറത്തുവരുമെന്നും, സർക്കാർ ഫണ്ടുകൾ എന്ത് ചെയ്തുവെന്നതും വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണ ഏജൻസിക്ക് മുന്നിലും ഹാജരാകാൻ തയ്യാറാണെന്നും നൗഷാദ് അറിയിച്ചു. സി.പി.എം കൽപറ്റ ടൗൺ ബ്രാഞ്ച് അംഗവും ബ്രഹ്മഗിരിയിലെ മുൻ ജീവനക്കാരനുമാണ് നൗഷാദ്.

ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പദ്ധതികൾക്കായി, പ്രത്യേകിച്ച് ‘മലബാർ മീറ്റ്’ ഫാക്ടറിക്കായി, ഏകദേശം 600 നിക്ഷേപകരിൽ നിന്ന് 100 കോടി രൂപയ്ക്കുമേൽ സമാഹരിച്ചിരുന്നുവെന്നാണ് കണക്കുകൾ. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി നിക്ഷേപകർക്ക് പലിശയോ നിക്ഷേപിച്ച തുകയോ തിരികെ ലഭിച്ചിട്ടില്ല. വിരമിച്ച ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരുമാണ് നിക്ഷേപകരിൽ ഭൂരിഭാഗവും.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ അത്യാധുനിക അറവുശാല ഉൾപ്പെടെയുള്ള യൂണിറ്റുകൾ പൂട്ടേണ്ടിവന്നു. കേരള ചിക്കൻ പദ്ധതിയിൽ പങ്കാളികളായ നൂറോളം കർഷകർക്ക് നൽകാനുള്ള 3.5 കോടിയിലധികം രൂപ കുടിശ്ശികയായി തുടരുകയാണ്. ജീവനക്കാർക്ക് മാസങ്ങളോളം ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. ഇതിനെ തുടർന്ന് നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മാസങ്ങളായി സമരപാതയിലാണ്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പ്രതികളുടെ ജാമ്യഹരജികളില്‍ ഇന്ന് വിധി പറയും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, സ്വര്‍ണ വ്യാപാരി നാഗ ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കുന്നത്.

Published

on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, സ്വര്‍ണ വ്യാപാരി നാഗ ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറയുക.

കേസുമായി തങ്ങള്‍ക്ക് നേരിട്ടൊരു ബന്ധവുമില്ലെന്നും ഭരണപരമായ തീരുമാനങ്ങള്‍ മാത്രം എടുത്ത് നടപ്പാക്കിയതാണെന്നും പത്മകുമാറും മുരാരി ബാബുവും കോടതിയെ അറിയിച്ചു. ശബരിമലയിലേക്ക് ഒരു കോടി നാല്‍പത് ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്ത വ്യക്തിയായതിനാല്‍ സ്വര്‍ണം മോഷ്ടിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു നാഗ ഗോവര്‍ദ്ധന്റെ വാദം.

അതേസമയം, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യഹരജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം. ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികള്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട ജില്ലയില്‍ പ്രവേശനം വിലക്കുക, കേരളത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കരുത്, ആഴ്ചയില്‍ രണ്ട് പ്രാവശ്യം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചത്. കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ദ്വാരപാലക ശില്പ കേസില്‍ ജാമ്യം ലഭിച്ചാലും പോറ്റി ജയില്‍ മോചിതനാകില്ല.

അതേസമയം, തന്ത്രി കണ്ഠരര്‍ രാജീവര്‍ക്കായുള്ള എസ്ഐടിയുടെ കസ്റ്റഡി അപേക്ഷ നാളെ വിജിലന്‍സ് കോടതി പരിഗണിക്കും.

Continue Reading

Trending